Top

പെറ്റിയടച്ച 'ദശരഥ പുത്രന്‍ രാമനെ' തിരഞ്ഞുപിടിച്ച് പൊലീസ്; 'പറ്റിച്ചതിന്' കേസ്

20 Oct 2021 1:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെറ്റിയടച്ച ദശരഥ പുത്രന്‍ രാമനെ തിരഞ്ഞുപിടിച്ച് പൊലീസ്; പറ്റിച്ചതിന് കേസ്
X

പേര് 'ദശരഥന്റെ മകന്‍ രാമന്‍'. വാഹന പരിശോധനയ്ക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ പരിഹസിച്ച യുവാവിനെതിരെ കേസ്. തെറ്റായ വിവരങ്ങള്‍ നല്‍കി കബളിപ്പിച്ചെന്നാണ് കേസ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിക്കെതിരെയാണ് ചടയമംഗലം പൊലീസ് കേസെടുത്തത്. അയോധ്യയിലെ ദശരഥന്റെ മകന്‍ രാമനെന്ന് പേരും, വിലാസവും നല്‍കിയ യുവാവ് പൊലീസിനെ കമ്പളിപ്പിച്ചത്. ഇതിന്റെ വീഡിയോ നവമാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. പൊലീസ് സേനയ്‌ക്കെതിരെ വലിയ പരിഹാസമായിരുന്നു ഉയര്‍ന്നത്. പിന്നാലെയാണ് നടപടി.

ഒടുവില്‍ ദശരഥ പുത്രന്‍ രാമന്റെ യഥാര്‍ത്ഥ പേരും വിലാസവും തേടിയിറങ്ങിയ ചടയമംഗലം പൊലീസ് ഒടുവില്‍ യഥാര്‍ത്ഥ അയോധ്യ കണ്ടെത്തുകയായിരുന്നു. കാട്ടാക്കടയ്ക്കടുത്തുള്ള മൈലാടിയാണ് യുവാവിന്റെ വീട്. യഥാര്‍ത്ഥ പേര് നന്ദകുമാര്‍. ഈ മാസം പന്ത്രണ്ടിനാണ് നന്ദകുമാര്‍ സീറ്റ് ബെല്‍റ്റിടാതെ വാഹനമോടിച്ചതിന് പൊലീസിന്റെ പിടിയിലായത്. അഞ്ഞൂറ് രൂപ പിഴയൊടുക്കിയ പൊലീസിനോടാണ് നന്ദകുമാര്‍ തെറ്റായ മേല്‍ വിലാസം നല്‍കിയത്. സ്ഥലം അയോദ്ധ്യയെന്നും, അച്ചന്റെ പേര് ദശരഥന്‍ എന്നും സ്വന്തം പേര് രാമനെന്നും നന്ദകുമാര്‍ പറയുകയായിരുന്നു.

നന്ദകുമാര്‍ നല്‍കിയത് തെറ്റാണെന്ന് മനസിലായെങ്കിലും പേരെന്താണെങ്കിലും സര്‍ക്കാരിന് കാശ് കിട്ടിയാല്‍ മതിയെന്നായിരുന്നു പിഴയൊടുക്കിയ പൊലീസ് ഉദ്യോഗസ്ഥന്റെ മറുപടി. എന്നാല്‍ വ്യാജ പേരും വിലാസവും നല്‍കി പൊലീസിനെ ട്രോളിയ വീഡിയോ നന്ദകുമാര്‍ പ്രചരിപ്പിച്ചതോടെയാണ് പൊലീസ് കെസെടുത്തതും ആളെ കണ്ടെത്താന്‍ ഒരുമ്പെട്ടിറങ്ങിയതും. ഐ.പി.സി. സെക്ഷന്‍ 419, കേരള പൊലീസ് ആക്ട് 121, മോട്ടോര്‍ വാഹന നിയമത്തിലെ 179 വകുപ്പുകള്‍ ചുമത്തി് നന്ദകുമാറിനെതിരെ കേസും രജിസ്റ്റര്‍ ചെയ്തു.

അടുത്ത ദിവസം തന്നെ അറസ്റ്റ് രേഖപ്പെടുത്തുന്നതോടെ നവ മാധ്യമങ്ങളില്‍ നേരിട്ട അപമാനത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Next Story