Top

ട്വന്റി 20 പ്രവര്‍ത്തകര്‍ക്കെതിരായ കേസ്; പൊലീസ് നടപടി ദീപു കൊവിഡ് ബാധിതനായതിനാല്‍

നിര്‍ദേശങ്ങള്‍ പാലിക്കാതെ ആയിരത്തോളം പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത്.

20 Feb 2022 1:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്വന്റി 20 പ്രവര്‍ത്തകര്‍ക്കെതിരായ കേസ്; പൊലീസ് നടപടി ദീപു കൊവിഡ് ബാധിതനായതിനാല്‍
X

എറണാകുളം കിഴക്കമ്പലത്ത് കൊല്ലപ്പെട്ട ദീപുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുത്തത് വ്യക്തമായ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്. ദീപു കൊവിഡ് ബാധിതനായിരുന്നെന്നും അത് കൊണ്ട് കൃത്യമായി മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ ആയിരത്തോളം പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത്. പൊലീസിന്റെ ഈ നിര്‍ദേശം ലംഘിച്ചതിനാണ് സാബു ജേക്കബ് അടക്കമുള്ള ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

സാബു ഉള്‍പ്പടെ 29 പേര്‍ക്കെതിരെയാണ് കൊവിഡ് മാനദണ്ഡ ലംഘനത്തിന് കുന്നത്തുനാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തവരുടെ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം നോട്ടീസ് അയക്കുമെന്ന് പൊലീസ് അറിയിച്ചു.

എന്നാല്‍ ട്വന്റി ട്വന്റിയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുടെ ഭാഗമാണ് കേസ് എന്നാണ് സാബു ജേക്കബിന്റെ വാദം. ട്വന്റി ട്വന്റിയെ ഭയപ്പെടുത്തുകയാണ് ലക്ഷ്യം. പ്രതിഷേധങ്ങള്‍ ഇല്ലാതാക്കാനും കേസ് അട്ടിമറിക്കാനുമാണ് പുതിയ കേസ്. കേസില്‍ ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ മാത്രമാണ് പ്രതികളെന്നും സാബു പറഞ്ഞു. സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത വി.ഡി സതീശനും വി.പി സജീന്ദ്രനുമെതിരെ കേസെടുക്കാത്തത് എന്താണെന്നും സാബു ചോദിച്ചിരുന്നു.

ഇന്നലെ വൈകുന്നേരത്തോടെയാണ് ദീപുവിന്റെ മൃതശരീരം കിഴക്കമ്പലത്ത് എത്തിച്ചത്. ട്വന്റി 20 ആസ്ഥാനത്ത് പൊതുദര്‍ശനത്തിനു വച്ച ശേഷം വീട്ടിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. ആയിരകണക്കിനാളുകളാണ് ദീപുവിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നത്.

Next Story