Top

ഷാന്‍ വധക്കേസില്‍ നിര്‍ണായക നീക്കവുമായി പൊലീസ്; കൊലപാതകത്തില്‍ നേരിട്ടു പങ്കുളളയാള്‍ കസ്റ്റഡിയില്‍

ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടതാണ് അതുല്‍ എന്നാണ് വിവരം.

24 Dec 2021 10:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഷാന്‍ വധക്കേസില്‍ നിര്‍ണായക നീക്കവുമായി പൊലീസ്; കൊലപാതകത്തില്‍ നേരിട്ടു പങ്കുളളയാള്‍ കസ്റ്റഡിയില്‍
X

ആലപ്പുഴയില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെഎസ് ഷാനെ കൊലപ്പെടുത്തിയ കേസില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി കസ്റ്റഡിയില്‍. മണ്ണഞ്ചേരി സ്വദേശി അതുലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ആദ്യമായാണ് കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളിലൊരാളെ കസ്റ്റഡിയിലെടുക്കുന്നത്. ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടതാണ് അതുല്‍ എന്നാണ് വിവരം.

അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ ഇന്ന് പിടിയിലായിരുന്നു. സുധീഷ്, ഉമേഷ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തൃശൂര്‍ വരന്തരപ്പിള്ളിയില്‍ വച്ചാണ് ആലപ്പുഴ സ്വദേശികളായ ഇരുവരെയും പിടികൂടിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. കസ്റ്റഡിയിലായ രണ്ട് പേരും പ്രതികളെ സഹായിച്ചവരാണെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരെയും ആലപ്പുഴയിലേക്ക് കൊണ്ടുപോയി. അവിടെയെത്തിയാകും കൂടുതല്‍ ചോദ്യം ചെയ്യലുകളിലേക്കും തുടര്‍ നടപടികളിലേക്കും കടക്കുക.

സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ക്കായി അന്വേഷണ സംഘം തമിഴ്‌നാട്ടിലേയ്ക്ക് തിരിച്ചു. പ്രതികള്‍ കേരളം വിട്ടതായി എഡിജിപി വിജയ് സാഖറെ സ്ഥിരീകരിച്ചിരുന്നു. വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞാണ് അയല്‍ സംസ്ഥാനങ്ങളില്‍ പരിശോധന നടത്തുന്നത്. അതിനിടയില്‍ ക്രമസമാധാന പാലനത്തിന്റെ ഭാഗമായി പ്രതിദിനം ഇരുന്നൂറോളം വീടുകളിള്‍ പൊലീസ് റെയ്ഡ് നടത്തിവരുകയാണ്.അന്യസംസ്ഥാന ബന്ധങ്ങള്‍ ഉപയോഗിച്ച് രണ്‍ജിത്ത് വധത്തിലെ പ്രതികളാണ് ആദ്യം സംസ്ഥാനം കടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പിന്നാലെ ഷാന്‍ വധക്കേസിലെ പ്രതികളും കേരളം വിട്ടതായി പൊലീസ് സ്ഥിരീകരിച്ചു. ഇവരെ തേടിയാണ് വിവിധ സ്‌ക്വാഡുകളായി അന്വേഷണ സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചതെന്നാണ് നിഗമനം.

ആലപ്പുഴയില്‍ നടന്നത് രാഷ്ട്രീയ കൊലപാതകം തന്നെയാണെന്നും നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകവും, രക്ഷപെടലുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്രതികളിലേക്കുള്ള വിവരം ലഭിക്കുന്നതിനായി വ്യാപക റെയ്ഡാണ് ദിവസേന പൊലീസ് നടത്തുന്നത്. പ്രതികള്‍ കേരളം കടന്നെങ്കിലും ഇവരുമായി ബന്ധമുള്ളവര്‍ക്ക് കടുത്ത സമ്മര്‍ദ്ദമാണ് പൊലീസ് നല്‍കുന്നത്. അതേസമയം, സംഘാര്‍ഷാവസ്ഥ പൂര്‍ണ്ണമായും ഒഴിവായിട്ടില്ലെന്ന നിഗമനത്തിനാണ് പൊലീസ്. ഇതിന്റെ ഭാഗമായി ബിജെപിയുടെ നേതാക്കന്മാരില്‍ ചിലരെ സുരക്ഷയുടെ ഭാഗമായി പൊലിസ് ഇന്നലെയും കരുതല്‍ തടങ്കലിലാക്കി. എസ്ഡിപിഐയുടെ പതിനഞ്ചിലധികം പ്രവര്‍ത്തകര്‍ സൂക്ഷമ നിരീക്ഷണത്തിലാണ്.

Next Story