കാവ്യ മാധവനില്‍ നിന്ന് വിവരങ്ങള്‍ തേടി ക്രൈംബ്രാഞ്ച്
വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ദിലീപിന്റെ വീട്ടിലുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.
13 Jan 2022 11:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

നടിയെ ആക്രമിച്ച കേസിലെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി ദിലീപിന്റെ വീട്ടില്‍ നടക്കുന്ന ക്രൈംബ്രാഞ്ച് റെയ്ഡ് പുരോഗമിക്കുകയാണ്. അന്വേഷണ സംഘം നടിയും ഭാര്യയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുകയാണ്. വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ദിലീപിന്റെ വീട്ടിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ആദ്യം ദിലീപും ഭാര്യ കാവ്യയും വീട്ടില്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും ദിലീപ് വീട്ടിലുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് എസ് പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് വീട്ടില്‍ പരിശോധന നടത്തുന്നത്. ദിലീപിന്റെ വീട്, നിര്‍മ്മാണ കമ്പനി, സഹോദരന് അനൂപിന്റെ വീട് എന്നിവിടങ്ങളിലാണ് പരിശോധന പുരോഗമിക്കുന്നത്.
നടന് ദിലീപിന്റെ വീട്ടില്‍ പൊലീസ് നടത്തുന്ന പരിശോധനയില്‍ ഒരു തോക്കും അന്വേഷണ സംഘം തിരയുന്നതായാണ് വിവരം. ഗുഢാലോചന കേസിന് ഇടയാക്കിയ ദിലീപിന്റെ ഭീഷണി സംഭാഷണം നടക്കുന്ന സമയത്ത് ഇദ്ദേഹത്തിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഈ തോക്ക് കണ്ടെടുക്കാന്‍ കൂടിയാണ് ഇപ്പോഴത്തെ പരിശോധന എന്നാണ് വിവരം. ദിലീപിന് തോക്കുപയോഗിക്കാന്‍ ലൈസന്‍സില്ലെന്നാണ് പൊലീസ് നിലപാട്.
ദിലീപ്, അന്വേഷണ സംഘത്തിന് ഇതുവരെ കണ്ടെത്താനാവാത്ത വിഐപി, ദിലീപിന്റെ സഹോദരന് അനൂപ്, ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരുടെ ശബ്ദരേഖയാണ് കേസിനാധാരം. ഇതിനു പുറമെ ഇതുമായി ബന്ധപ്പെട്ട മറ്റ് തെളിവുകളും പൊലീസിന് ലഭിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ദൃശ്യങ്ങള്‍ ഫ്രീസ് ചെയ്ത് നിര്‍ത്തിയായിരുന്നു ദിലീപ് ഇവര്‍ക്ക് എതിരെ ഭീഷണി മുഴക്കിയത്. ഈ സമയത്ത് ദിലീപിന്റെ കൈവശം തോക്ക് ഉണ്ടായിരുന്നു എന്നാണ് വിലയിരുത്തല്‍. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടില്‍ വെച്ചാണ് ഗൂഡാലോചന നടന്നത്.
നടിയെ ആക്രമിച്ച കേസില്‍ വലിയ വഴിത്തിരുവുകള്‍ ഉണ്ടാക്കിയ ശബ്ദ രേഖകള്‍ റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു പുറത്ത് വിട്ടത്. 'ഇവര്‍ അനുഭവിക്കും, ഒന്നരക്കോടി കൂടി കണ്ടേക്കണേ'; എന്നുമാണ് പുതിയ കേസിന് കാരണമായ ദിലീപിന്റെ ശബ്ദരേഖശബ്ദരേഖയില് പറയുന്നത്.
ദിലീപ്: 'അഞ്ച് ഉദ്യോഗസ്ഥന്മാര് നിങ്ങള്‍ കണ്ടോ അനുഭവിക്കാന്‍ പോവുന്നത്
വിഐപി: 'കോപ്പന്മാര് ഒക്കെ ഇറങ്ങിയാല്‍ അല്ലേ നമുക്ക് വൈരാഗ്യം കാണിക്കാന്‍ പറ്റത്തുള്ളൂ
'ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ്: 'ബൈജു പൗലോസിന്റെ സൈഡില്‍ ട്രക്കോ ലോറിയോ കയറിയാല്‍ ഒരു ഒന്നരക്കോടി കൂടി നമ്മള് കാണേണ്ടി വരും'. ( പൊട്ടിച്ചിരിക്കുന്നു)
ദിലീപിന്റെ സഹോദരന് അനൂപും വിഐപിയും തമ്മിലുള്ള സംഭാഷണം: 'നമുക്ക് അറിയാം നിങ്ങളിത് ചെയ്തിട്ടുണ്ടെന്ന്. ഇനിയിപ്പോള്‍ ചെയ്തതിന്റെ ആണെങ്കില്‍ തന്നെ 90 ദിവസം കിട്ടിയില്ലേ. ചെയ്തതിന്റെ അനുഭവിച്ചില്ലേ നിങ്ങള്‍'.
നടി ആക്രമണ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ പരാതിയില്‍ ആണ് നടന് ദിലീപിന് എതിരെ ഗൂഢാലോചന കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ ഒന്നാം പ്രതിയാണ് ദിലീപ്. ദിലീപിന്റെ സഹോദരന് അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, ബന്ധു അപ്പു, ബൈജു ചെങ്ങമണ്ട്, ഇതുവരെ കണ്ടെത്താനാവാത്ത വിഐപി എന്നിവരാണ് മറ്റ് പ്രതികള്‍. തന്റെ ദേഹത്ത് കൈ വെച്ച സുദര്ശന് എന്ന പൊലീസുദ്യോഗസ്ഥന്റെ കൈ വെട്ടണം എന്ന് ദിലീപ് പറഞ്ഞതായി എഫ്ഐആറിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരായ ബൈജു പൗലോസ്, സുദര്ശന്, സന്ധ്യ, സോജന് എന്നിവര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായി എഫ്ഐആറിലുണ്ട്.