Top

ശ്രീനിവാസൻ വധം: അന്വേഷണം പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്കും

19 Sep 2022 9:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ശ്രീനിവാസൻ വധം: അന്വേഷണം പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്കും
X

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊലപാതകത്തിൽ അന്വേഷണം പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്കും നീളുന്നു. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ധിഖ് അറസ്റ്റിലായതോടെയാണ് കൊലപാതകത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ പങ്ക് പുറത്ത് വരുന്നത്. ഗൂഢാലോചനയിൽ പങ്കെടുത്ത അഞ്ച് പേർ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.

പോപ്പുലർ ഫ്രണ്ട് കോട്ടക്കൽ ഏരിയ റിപ്പോട്ടർ സിറാജുദ്ദീനെ അറസ്റ്റ് ചെയ്തതോടെയാണ് ശ്രീനിവാസൻ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. ഇയാളിൽ നിന്ന് കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ധിഖിനെ ഇന്നലെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. സിറാജുദ്ദീന്റെ കൈവശമുണ്ടായിരുന്ന ലാപ്ടോപ്പ്, മൊബൈൽ ഫോണ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിനുള്ള പങ്ക് പുറത്ത് വന്നത്.

അബൂബക്കർ സിദ്ധിഖിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലുവള്ള പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. കേസിൽ ഇതുവരെ 27 പേർ പിടിയിലായ കേസിൽ കൂടുതൽ പ്രതികൾ ഉടനെ അറസ്റ്റിലാകുമെന്നാണ് പൊലീസ് നൽകുന്ന വിവരം

ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന് മുൻപ് തന്നെ കൊലപ്പെടുത്താനുള്ള ആർഎസ്എസ് പ്രവർത്തകരുടെ പട്ടിക പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയിരുന്നതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കൊലപാതകത്തിനായി പോപ്പുലർ ഫ്രണ്ട് തയ്യാറാക്കിയ സംസ്ഥാനത്തെ ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങളടങ്ങിയ ലിസ്റ്റ് അന്വേഷണ സംഘത്തിന് ലഭിച്ചു. പിടിയിലായ സിറാജുദ്ദീനിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വന്നത്.

പാലക്കാട്ടെ സുബൈറിന്റെ കൊലപാതകത്തിലെ പ്രത്യാക്രമണത്തിന് വേണ്ടിയാണ് പോപ്പുലർ ഫ്രണ്ട് കലാപത്തിന് പദ്ധതിയിട്ടത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിന്റെ പൂർണമായ അറിവോടെയായിരുന്നു പദ്ധതി. ഇതിന് വേണ്ടി പട്ടാമ്പിയിൽ നിന്നുള്ള സംഘം പാലക്കാട് എത്തി. കൊലപാതകത്തിന് വേണ്ടി വിദഗ്ധ പരിശീലനം ലഭിച്ച പ്രവർത്തകരെ ഏകോപിപ്പിച്ചു. 24 മണിക്കൂറാണ് പോപ്പുലർ ഫ്രണ്ട് നേതൃത്വം കൊലയാളികൾക്ക് നല്കിയ സമയം. ഇതിനുള്ളിൽ ആളെ കൃത്യമായി വകവരുത്തണമെന്നായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു.

സുബൈർ കൊല്ലപ്പെട്ടതിന് 24 മണിക്കൂറിനുള്ളിൽ പോപ്പുലർ ഫ്രണ്ട് പാലക്കാട് തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടവരുടെ വീടുകളിലും പരിസര പ്രദേശങ്ങളിലും പ്രതികൾ പരിശോധന നടത്തി. തിരൂരിലെ ആർഎസ്എസ് പ്രവർത്തകനായ വിപിൻ കൊലപാതകത്തിലെ പ്രധാന സാക്ഷിയെ വകവരുത്താനും പോപ്പുലർ ഫ്രണ്ട് പദ്ധതിയിട്ടിരുന്നു. സിറാജുദ്ദീന്റെ ബാഗിൽ ഉണ്ടായിരുന്ന പെൻഡ്രൈവിൽ നിന്ന് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊന്ന ശേഷം ആശുപത്രിയിലേക്ക് ഓട്ടോറിക്ഷയിൽ കൊണ്ട് പോവുന്നത് വരെയുള്ള ദ്യശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

STORY HIGHLIGHTS: Police inquiry into Popular Front state leadership on Srinivasan death

Next Story