Top

തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം; സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

16 Jun 2022 2:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം; സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു
X

കോഴിക്കോട്: തിക്കോടിയില്‍ കൊലവിളി മുദ്രാവാക്യം വിളിച്ച സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. എഫ്ഐആറിൽ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല. 143 വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്‍റിന്‍റെ പരാതിയിലാണ് പൊലീസ് നടപടി.

എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും സംഭവത്തിന്റെ ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിരുന്നു. കളിച്ചാല്‍ വീട്ടില്‍ കയറി കുത്തി കീറുമെന്നായിരുന്നു മുദ്രാവാക്യം. കൃപേഷിനേയും ശരത് ലാലിനേയും ഓര്‍മ്മയില്ലേയെന്നും പ്രകടനത്തിൽ പ്രവർത്തകർ ചോദിച്ചു. തിക്കോടി ടൗണിലായിരുന്നു പ്രകടനം നടന്നത്.

'പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ഏത് പൊന്നു മോനായാലും വീട്ടില്‍ കേറി കുത്തികീറും. പ്രസ്ഥാനത്തെ തൊട്ടുകളിച്ചാല്‍ ചാവാന്‍ ഞങ്ങള്‍ തയ്യാറാവും. കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല. ഓര്‍മ്മയില്ലേ ശരത് ലാലിനെ, ഓര്‍മ്മയില്ലേ കൃപേഷിനെ, ഓര്‍മ്മയില്ലേ ഷുഹൈബിനെ വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍ ...' എന്നായിരുന്നു സിപിഐഎം പ്രവര്‍ത്തകരുടെ മുദ്രാവാക്യം.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌നാ സുരേഷിന്റെ രഹസ്യമൊഴിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐഎം നടത്തിയ പ്രതിഷേധത്തിന്റെ തുടര്‍ച്ചയായിരുന്നു തിക്കോടിയിലെ പ്രകടനവും.

STORY HIGHLIGHTS: Police have registered a case against CPIM activists who chanted Slogan calling for murder in Thikkoti

Next Story