Top

തൃക്കാക്കരയിൽ രണ്ടു വയസ്സുകാരിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ സംഭവം; അമ്മയ്ക്ക് എതിരെ കേസെടുത്തു

കുട്ടിക്ക് സംരക്ഷണ ഉറപ്പാക്കേണ്ട അമ്മ ചികിത്സ വെെകിപ്പിച്ചതിനാണ് അമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

21 Feb 2022 4:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃക്കാക്കരയിൽ രണ്ടു വയസ്സുകാരിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയ സംഭവം; അമ്മയ്ക്ക് എതിരെ കേസെടുത്തു
X

തൃക്കാക്കരയിൽ രണ്ടു വയസ്സുകാരി രണ്ടാനച്ഛന്റെ ക്രൂര മ‍ർദ്ദനത്തിന് ഇരയായ സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്ക് എതിരെ തൃക്കാക്കര പൊലീസ് കേസെടുത്തു. കുട്ടിയുടെ ചികിത്സ വെെകിപ്പിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. ബാലനീതി നിയമ പ്രകാരമാണ് കേസ്. കുട്ടിക്ക് സംരക്ഷണ ഉറപ്പാക്കേണ്ട അമ്മ ചികിത്സ വെെകിപ്പിച്ചതിനാണ് അമ്മയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇന്നലെ അർധരാത്രിയോടെയാണ് തൃക്കാക്കര സ്വദേശിനിയുടെ രണ്ട് വയസുകാരിയായ മകളെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ച അമ്മയോടും അമ്മൂമ്മയോടും ഡോക്ടർമാർ വിവരങ്ങൾ അന്വേഷിച്ചപ്പോൾ പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയത്. കുട്ടി കളിക്കുന്നതിനിടെ വീണുവെന്നാണ് അമ്മ നൽകിയ മൊഴി. കുന്തിരക്കം കത്തിച്ചപ്പോഴാണ് കുട്ടിയുടെ കെെയ്യിൽ പൊള്ളലേറ്റതെന്നും അമ്മ പറഞ്ഞിരുന്നു.

എന്നാൽ കുഞ്ഞിനെ മർദ്ദിച്ചതാണെന്നാണ് അമ്മൂമ്മ പറഞ്ഞത്. ഇതോടെയാണ് സംഭവത്തിൽ സംശയം തോന്നിയ ഡോക്ടർമാ‍‍ർ ത‍ൃക്കാക്കര പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ആശുപത്രിയിൽ എത്തിയ പൊലീസ് അമ്മയുടേയും അമ്മൂമ്മയുടേയും വിശദമായ മൊഴി രേഖപ്പെടുത്തി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ രണ്ടാനാച്ഛനും അമ്മയും ചേർന്നാണ് കുഞ്ഞിനെ മർദ്ദിച്ചത് എന്ന് കുട്ടിയുടെ അമ്മൂമ്മ വെളിപ്പെടുത്തി.

കുട്ടിയുടെ ശരീരത്തിലുളളത് കഴിഞ്ഞ ഒറ്റ രാത്രി കൊണ്ടുണ്ടായ മുറിവുകൾ അല്ലെന്നും കുറച്ചധികം ദിവസങ്ങളായി കുട്ടിയെ അതിക്രൂരമായ രീതീയിൽ ഇവർ ദേഹോപദ്രവം ചെയ്തതിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. കുഞ്ഞിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്ന് ഡോക്ടർ പറഞ്ഞു. തലയോട്ടിയിൽ പൊട്ടലുണ്ട്, ശരീരത്തിൽ‍ പലയിടത്തായി പൊളളലേറ്റിട്ടുണ്ട്, ആഴത്തിൽ മുറിവുകളുണ്ട്, ഇടതുകൈ ഒടിഞ്ഞ നിലയിലാണ്. ​ഗുരുതര അവസ്ഥയിൽ കഴിയുന്ന കുട്ടിയുടെ ജീവൻ വെ‍ൻഡിലേറ്ററിന്റെ സഹായത്തോടെയാണ് ഇപ്പോൾ നിലനിർത്തിയിരിക്കുന്നത്. കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച രണ്ടാനച്ഛനായി പൊലീസ് അന്വേഷണം ശക്തമാക്കി.

Story highlights: police case against mother in two year old girl assaulted by father

Next Story