Top

ട്രെയിനിലെ മര്‍ദ്ദനം: പൊലീസ് സാധാരണക്കാരുടെ നെഞ്ചത്ത് കയറുന്നെന്ന് കെ സുരേന്ദ്രന്‍

പൊലീസ് ഗുണ്ടായിസത്തിന്റെ അവസാനത്തെ ഉദ്ദാഹരണമാണെന്ന് മാവേലി എക്‌സ്പ്രസിലെ സംഭവം.

3 Jan 2022 9:38 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ട്രെയിനിലെ മര്‍ദ്ദനം: പൊലീസ് സാധാരണക്കാരുടെ നെഞ്ചത്ത് കയറുന്നെന്ന് കെ സുരേന്ദ്രന്‍
X

കേരളത്തില്‍ പൊലീസ് നിയന്ത്രണമില്ലാതെ അഴിഞ്ഞാടുകയാണെന്ന് കുറ്റപ്പെടുത്തലുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഗുണ്ടകളും ക്രിമിനലുകളും യഥേഷ്ടം അക്രമങ്ങള്‍ നടത്തുമ്പോള്‍ പൊലീസ് സാധാരണക്കാരുടെ നെഞ്ചത്ത് കയറുകയാണെന്നും മാവേലി എക്‌സ്പ്രസിലെ മാവേലി എക്‌സ്പ്രസിലെ യാത്രക്കാരനെ എ.എസ് ഐ മര്‍ദ്ദിച്ച സംഭവം ചൂണ്ടിക്കാട്ടി ബിജെപി അധ്യക്ഷന്‍ കുറ്റപ്പെടുത്തി.

കേരളത്തിലെ പൊലീസ് ഗുണ്ടായിസത്തിന്റെ അവസാനത്തെ ഉദ്ദാഹരണമാണെന്ന് മാവേലി എക്‌സ്പ്രസിലെ സംഭവം. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്രചെയ്തുവെന്ന കുറ്റത്തിനാണ് യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ചതെന്നാണ് പറയുന്നത്. ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിആര്‍ ആണെന്നിരിക്കെയാണ് പൊലീസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി സ്ലീപ്പര്‍ കമ്പാര്‍ട്ട്‌മെന്റിലിരിക്കുകയായിരുന്ന യാത്രക്കാരനെ മര്‍ദ്ദിച്ചതെന്തിനാണെന്ന് മനസിലാകുന്നില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാനത്ത് ആഭ്യന്തരമന്ത്രി നോക്കുകുത്തിയാണെന്നും പൊലീസ് അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. സംസ്ഥാനത്ത് ഗുണ്ടകളും ക്രിമിനലുകളും യഥേഷ്ടം അക്രമങ്ങള്‍ നടത്തുമ്പോള്‍ പൊലീസ് സാധാരണക്കാരുടെ നെഞ്ചത്ത് കയറുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് മാവേലി എക്‌സ്പ്രസില്‍ ഉണ്ടായിരിക്കുന്നത്. തൊലിപ്പുറത്തെ ചികിത്സയല്ല കര്‍ശനമായ നടപടികളാണ് വേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയുന്നതാണ് നല്ലതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടിക്കറ്റില്ലാതെ യാത്രചെയ്‌തെന്നാരോപിച്ചായിരുന്നു എഎസ്‌ഐയുടെ മര്‍ദ്ദനം. ടിക്കറ്റ് പരിശോധനയ്ക്കിടെ ട്രെയിനിലെ എസ് 2 കംപാര്‍ട്ട്‌മെന്റിലാണ് സംഭവം.. തലശ്ശേരി മാഹിയില്‍ നിന്നും കയറിയ ഇയാളെ പിന്നീട് വടകരയില്‍ ഇറക്കിവിട്ടു. സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്പിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്നു.

അതിനിടെ, പോലീസിനെതിരെ നിരന്തരം വ്യാപക പരാതികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ വസതിയില്‍ ഇന്ന് വൈകിട്ട് മൂന്നിനാണ് യോഗം. ഡിഐജി മുതല്‍ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥരാണ് പങ്കെടുക്കുക. പൊലീസിനെതിരെയുള്ള വിമര്‍ശനങ്ങളും, വീഴ്ചയും യോഗം ചര്‍ച്ച ചെയ്യും. കഴിഞ്ഞ ദിവസം പോലീസിലെ ഉന്നത ഉദ്യോഗസ്ഥ തലത്തില്‍ സര്‍ക്കാര്‍ അഴിച്ചുപണി നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് യോഗം ചേരുന്നത്.

Next Story