Top

'ദളിത് കോളനിയിലെ പൊലീസ് അതിക്രമം സാംസ്‌കാരിക കേരളത്തിന് യോജിച്ചതല്ല'; സ്വമേധയാ കേസെടുത്ത് എസ് സി എസ് ടി കമ്മീഷന്‍

ഇന്നലെ അര്‍ധരാത്രി പട്രോളിങ്ങിനെത്തിയ പൊലീസ് സംഘം സ്ത്രീകളെ അടക്കം മര്‍ദിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് പരാതി.

5 Jun 2022 7:54 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ദളിത് കോളനിയിലെ പൊലീസ് അതിക്രമം സാംസ്‌കാരിക കേരളത്തിന് യോജിച്ചതല്ല; സ്വമേധയാ കേസെടുത്ത് എസ് സി എസ് ടി കമ്മീഷന്‍
X

ആലപ്പുഴ: ഹരിപ്പാട് ചാമ്പക്കണ്ടം ദളിത് കോളനിയില്‍ പൊലീസ് അതിക്രമം നടത്തിയെന്ന പരാതിയില്‍ എസ് സി എസ് ടി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. ജാതീയ അധിക്ഷേപം നടത്തി എന്നത് ഉള്‍പ്പെടെ ചൂണ്ടികാട്ടിയാണ് കേസെടുത്തത്. ഒരാഴ്ച്ചയ്ക്കകം സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആലപ്പുഴ എസ്പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു പട്ടികജാതി കോളനിയില്‍ പൊലീസ് അന്വേഷണം നടത്തുകയോ റെയ്ഡ് നടത്തുകയോ ചെയ്താല്‍ പോലും ജാതീയമായ അധിക്ഷേപം നടത്തുന്നത് കേരളത്തിന്റെ സാംസ്‌കാരിക നിലവാരത്തിന് യോജിച്ചതല്ലെന്ന് എസ് സി എസ് ടി കമ്മീഷന്‍ ചെയര്‍മാന്‍ ബിഎസ് മാവോജി അഭിപ്രായപ്പെട്ടു.

'എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. പട്ടിക ജാതി കോളനിയില്‍ അതിക്രമിച്ചു കയറിയെന്നാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നത്. പൊലീസ് ഒരു അന്വേഷണം നടത്തുകയോ റെയ്ഡ് നടത്തുകയോ ചെയ്താല്‍ പോലും ജാതീയമായ അധിക്ഷേപം നടത്തുന്നത് കേരളത്തിന്റെ സാംസ്‌കാരിക നിലവാരത്തിന് യോജിച്ചതല്ല. എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കും. പൊലീസിനോട് വിശദീകരണം തേടും.' ബി എസ് മാവോജി പറഞ്ഞു.

ഇന്നലെ അര്‍ധരാത്രി പട്രോളിങ്ങിനെത്തിയ പൊലീസ് സംഘം സ്ത്രീകളെ അടക്കം മര്‍ദിച്ചെന്നും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നുമാണ് പരാതി. കരീലക്കുളങ്ങര ഗ്രേഡ് എസ്‌ഐയും രണ്ട് പൊലീസുകാരുമടങ്ങുന്ന സംഘത്തിനെതിരെയാണ് പരാതി.

പട്രോളിങ്ങിനിടെ അര്‍ധരാത്രിയില്‍ ചാമ്പക്കണ്ടം കോളനിയിലെ ഒരു വീട്ടില്‍ സംശയാസ്പദമായി രണ്ടുപേരെ കണ്ടത് പൊലീസ് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. കോളനിയിലെ താമസക്കാരായ രാജീവ്, ശരത് എന്നിവരുടെ വീടിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കില്‍ വന്നവരെക്കുറിച്ച് പൊലീസ് തിരക്കി. സുഹൃത്തുക്കളാണെന്ന് ഇരുവരും പൊലീസിനെ അറിയിച്ചു.

എന്നാല്‍ പൊലീസുകാര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. ഇത് ചോദ്യം ചെയ്തതോടെ വീട്ടുകാരും പ്രദേശവാസികളും പ്രശ്‌നത്തില്‍ ഇടപെടുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ പൊലീസ് സ്ത്രീകളടക്കമുള്ളവരെ മര്‍ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്‌തെന്നുമാണ് ആരോപണം. സ്ത്രീകളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു.

ഇതിനിടെ പ്രദേശത്തെ ഒരു സംഘം സംഘടിച്ചെത്തി പൊലീസ് ജീപ്പിന്റെ താക്കോലും ഊരിയെടുക്കുകയും പൊലീസ് സംഘത്തെ തടഞ്ഞുവെക്കുകയുമുണ്ടായി. വീണ്ടും സംഘര്‍ഷം ഉടലെടുത്തു.

എന്നാല്‍ വീടിന് മുന്നില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട രണ്ട് പേരോട് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പൊലീസിനെ അതിക്രമിച്ചതിനും ജോലി തടസപ്പെടുത്തിയതിനും ശരത്, രാജീവ് എന്നിവരുള്‍പ്പെടെ മൂന്ന് പേരെ കരീലക്കുളങ്ങര പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Next Story