മെഡിക്കല്‍ കോളേജ് ആശുപത്രി ശൗചാലയത്തില്‍ സ്ത്രീയുടെ ഫോട്ടോയെടുത്തു; പൊലീസുകാരന് അറസ്റ്റില്‍
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൂട്ടിരുപ്പുകാരിയുടെ ഫോട്ടോ എടുക്കാനായിരുന്നു പൊലീസുകാരന് ശ്രമിച്ചത്
26 Jan 2023 2:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ശൗചാലയത്തില്‍ കയറിയ സ്ത്രീയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന് അറസ്റ്റില്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ശൗചാലയത്തില്‍ കയറിയ യുവതിയുടെ ചിത്രമെടുക്കാനാണ് ശ്രമിച്ചത്. സംഭവത്തില്‍ ചെങ്കല്‍ സ്വദേശി പ്രിനുവിനെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ കൂട്ടിരുപ്പുകാരിയുടെ ഫോട്ടോ എടുക്കാനായിരുന്നു പൊലീസുകാരന് ശ്രമിച്ചത്. മൊബൈല്‍ ഫോണ്‍ കണ്ട യുവതി ഉറക്കെ നിലവിളിച്ചു. ഇതുകേട്ട് സുരക്ഷാ ജീവനക്കാര്‍ ഓടിയെത്തിയതോടെ പ്രിനു ഫോണ്‍ ദൂരേക്ക് വലിച്ചെറിഞ്ഞു.
സുരക്ഷാ ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ ഫോണ്‍ കണ്ടെത്തി. ഇതില്‍ യുവതിയുടെ ചിത്രവും ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Story Highlights: Police Arrested The Policeman Who Tried To Take Photo Of Woman