ഇടുക്കിയില്‍ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: അയല്‍വാസി അറസ്റ്റില്‍
മോഷണശ്രമത്തിനിടെ പ്രതി ചിന്നമ്മയെ ആക്രമിച്ച ശേഷം ഗ്യാസ് തുറന്ന് വിട്ട് കത്തിച്ചു കൊലപെടുത്തുകയായിരുന്നു
26 Nov 2022 7:51 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇടുക്കി: നാരകക്കാനത്ത് വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അല്‍വാസിയായ വെട്ടിയാങ്കല്‍ സജിയെന്ന തോമസാണ് അറസ്റ്റിലായത്. മോഷണശ്രമത്തിനിടെ പ്രതി ചിന്നമ്മയെ ആക്രമിച്ച ശേഷം ഗ്യാസ് തുറന്ന് വിട്ട് കത്തിച്ചു കൊലപെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നാരകക്കാനം കുമ്പിടിയാമാക്കല്‍ ചിന്നമ്മ ആന്റണിയെ വീടിനുള്ളില്‍ തീപൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും വീടിനുള്ളില്‍ രക്തക്കറ കണ്ടെത്തിയതോടെ കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നു.
കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. ചിന്നമ്മ ധരിച്ചിരുന്ന ആഭരണങ്ങള്‍ മോഷണം പോയതായി പൊലീസ് സ്ഥിരീകരിച്ചിരുന്നു. വീടിനെയും വീട്ടുകാരെയും കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണ് സംഭവത്തിന് പിന്നിലെന്നായിരുന്നു നിഗമനം. വീട്ടില്‍ മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് പ്രതി കൃത്യം നടത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി അതിഥിതൊഴിലാളികളെയും പ്രദേശവാസികളെയും ഉള്‍പ്പടെ ചോദ്യം ചെയ്തിരുന്നു.
Story Highlights: Police Arrested Neighbor In Idukki Woman's Death
- TAGS:
- Arrest
- Kerala Police
- Idukki