Top

'പട്ടിയെ പിടിക്കാനോ? ഞങ്ങളില്ല'; വാക്‌സിൻ യജ്ഞ ഉത്തരവിൽ അതൃപ്തി പ്രകടിപ്പിച്ച് പൊലീസുകാർ

18 Sep 2022 2:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പട്ടിയെ പിടിക്കാനോ? ഞങ്ങളില്ല; വാക്‌സിൻ യജ്ഞ ഉത്തരവിൽ അതൃപ്തി പ്രകടിപ്പിച്ച് പൊലീസുകാർ
X

കോഴിക്കോട്: വാക്സിൻ യജ്ഞത്തിനായി തെരുവുനായ്ക്കളെ എത്തിക്കണമെന്ന തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ ഉത്തരവിനെതിരെ പൊലീസിൽ പ്രതിഷേധം. പൊലീസിന്റേതല്ലാത്ത ഇത്തരം പണികൾ ജനമൈത്രി എന്ന പേരിൽ പൊലീസിൽ അടിച്ചേൽപ്പിക്കുന്നതു മൂലം ജോലിഭാരം കൊണ്ട് വീർപ്പുമുട്ടുകയാണെന്നാണ് പൊലീസുകാരുടെ പരാതി.

ഒരു മാസം നീണ്ടു നിൽക്കുന്ന വാക്സിൻ യജ്ഞത്തിനായി വാക്സിനേഷൻ കേന്ദ്രങ്ങളിലേക്ക് പട്ടികളെ എത്തിക്കുന്നതിനാണു ജനമെെത്രി പൊലീസിനെ കൂടി ഉപയോഗപ്പെടുത്താൻ നിർദേശിച്ചിരിക്കുന്നത്. സന്നദ്ധ സേനാംഗങ്ങൾ, ജില്ലാ കുടുംബശ്രീ പ്രവർത്തകർ, മൃഗക്ഷേമ സംഘടനകൾ, എന്നിവർക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറായിട്ടുളള ജനമൈത്രി പൊലീസ് സേനാംഗങ്ങളെ നിയോഗിക്കാനാണ് നിർദേശം. പട്ടിയെ പിടിക്കുന്നതിനായി 300 രൂപയും കൊണ്ടുവരുന്നതിനുളള ചെലവായി 200രൂപയും നൽകുമെന്നും ഉത്തരവിലുണ്ട്.

വാഹന പരിശോധന, ലഹരി പരിശോധന, തുടങ്ങി മറ്റു വകുപ്പുകൾ ചെയ്യേണ്ട ജോലികൾ ഇപ്പോൾ തന്നെ പൊലീസിനെ കൊണ്ട് ചെയ്യിക്കുന്നുണ്ട്. കൊവിഡ് കാലത്ത് ആരോഗ്യ പ്രവർത്തകരുടെ ജോലിക്കും നിയോഗിച്ചിരുന്നത് പൊലീസിനെയാണ്. മൃഗ സംരക്ഷണ വകുപ്പ്, വനം വകുപ്പ് ജീവനക്കാർ, എന്നിവരടക്കമുളളവരെ ഉപയോഗപ്പെടുത്താതെ ഈ മേഖലയിൽ വെെദഗ്ധ്യമില്ലാത്ത പൊലീസിനെ പട്ടിപിടുത്തത്തിന് നിയോഗിക്കുന്നത് അപകടമാണെന്നാണ് പൊലീസിന്റെ വശം.

സംസ്ഥാനത്തെ തെരുവു നായ്ക്കൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കഴിഞ്ഞയാഴ്ച തദ്ദേശ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രഖ്യാപിച്ച് കർമ്മ പദ്ധതികളിലാണ് ജനമെെത്രി പൊലീസിന്റെ സേവനം ഉപയോഗപ്പെടുത്താൻ നിർദേശമുളളത്.

STORY HIGHLIGHTS: Police against local self-government department's order to bring stray dogs for vaccination campaign

Next Story