റോയി വയലാട്ടിനെതിരായ പോക്സോ കേസ്: ഇരയെ കൊച്ചിയിലെത്തിച്ചത് അഞ്ജലി വടക്കേപുരയ്ക്കൽ
അഞ്ജലി ലഹരി ഉപയോഗിക്കാറുണ്ടെന്നും പരാതിക്കാരി പൊലീസിനെ അറിയിച്ചതായിട്ടാണ് വിവരം
12 Feb 2022 11:38 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: നമ്പർ 18 ഹോട്ടൽ ഉടമ റോയി വയലാറ്റിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടിയെ കൊച്ചിയിലെത്തിച്ചത് അഞ്ജലി വടക്കേപുരയ്ക്കൽ എന്ന യുവതിയാണെന്നാണ് പുതിയ റിപ്പോർട്ട്. കോഴിക്കോട് മാർക്കറ്റിങ് കൺസൾട്ടൻസി നടത്തുകയാണ് അഞ്ജലി. ബിസിനസ് മീറ്റ് എന്ന പേരിൽ പെൺകുട്ടിയെ കൊച്ചിയിലെത്തിച്ചത്.
പെൺകുട്ടിയെ കൊച്ചിയിലെത്തിച്ച അഞ്ജലി കുണ്ടന്നൂരിലെ ആഢംബര ഹോട്ടലിൽ താമസിപ്പിച്ചു. പിന്നീട് റോയി വയലാറ്റിന്റെ സുഹൃത്തായ സൈജു തങ്കച്ചനെത്തി ആഡംബര കാറിൽ രാത്രി നമ്പർ 18 ഹോട്ടലിലേക്ക് കൊണ്ടുവന്നു എന്നുമാണ് പരാതിയിൽ പറയുന്നു. അഞ്ജലി നേരിട്ട് പല യുവതികളെയും ഇത്തരത്തിൽ കൊച്ചിയിലെത്തിക്കാറുണ്ടെന്ന് വിവരമുണ്ട്. ലൈംഗിക ചൂഷണം നടന്നാലും തുറന്നു പറയാതിരിക്കാൻ യുവതികളെ ഭീഷണിപ്പെടുത്തും. സമാന രീതിയിൽ മറ്റു പരാതികളെന്തെങ്കിലും ഉയർന്നിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്.
അഞ്ജലി ലഹരി ഉപയോഗിക്കാറുണ്ടെന്നും പരാതിക്കാരി പൊലീസിനെ അറിയിച്ചതായിട്ടാണ് വിവരം. മോഡലുകളുടെ മരണത്തിന് ഏകദേശം ഒരാഴ്ച്ച മുൻപാണ് പരാതിക്കാരിയെ കൊച്ചിയിലെത്തിച്ചത്. പരാതിക്കാരിയെ ഉദ്ധരിച്ച് മനോരമാ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തലനാരിഴക്കാണ് നമ്പർ 18 ഹോട്ടലിൽ നിന്നു രക്ഷപ്പെട്ടതെന്നും പരാതിക്കാരി പറയുന്നു. പെൺകുട്ടികളെ ലഹരിക്കടമകളാക്കി ദുരുപയോഗം ചെയ്യാൻ അഞ്ജലി നേതൃത്വം നൽകിയെന്നും വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയാണ് ഇവരെ ഒതുക്കുകയാണ് പതിവെന്നും പരാതിക്കാരി ആരോപിക്കുന്നു.