Top

'കോണ്‍ഗ്രസും പ്രതിപക്ഷവും സ്വാഗതം ചെയ്തത് ഗവര്‍ണറുടെ പശ്ചാത്താപം'; നിയമനങ്ങള്‍ നടന്നത് മാനദണ്ഡം ലംഘിച്ചെന്ന് പിഎംഎ സലാം

ഗവര്‍ണറുടെ നടപടി അതിരുകടന്നതാണ്, ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിച്ചതില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വലിയ പങ്കാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു

24 Oct 2022 9:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോണ്‍ഗ്രസും പ്രതിപക്ഷവും സ്വാഗതം ചെയ്തത് ഗവര്‍ണറുടെ പശ്ചാത്താപം; നിയമനങ്ങള്‍ നടന്നത് മാനദണ്ഡം ലംഘിച്ചെന്ന് പിഎംഎ സലാം
X

കോഴിക്കോട്: സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജി ആവശ്യപ്പെട്ട വിഷയത്തില്‍ ഗവര്‍ണറുടെ പശ്ചാത്താപത്തിനെയാണ് കോണ്‍ഗ്രസും പ്രതിപക്ഷവും സ്വാഗതം ചെയ്തതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഗവര്‍ണറുടെ നടപടി അതിരുകടന്നതാണ്, ഇത്തരമൊരു സാഹചര്യത്തിലേക്ക് എത്തിച്ചതില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും വലിയ പങ്കാണ് ഉള്ളതെന്നും അദ്ദേഹം ആരോപിച്ചു. മാനദണ്ഡം ലംഘിച്ചാണ് പല നിയമനങ്ങളും നടന്നിട്ടുള്ളത്. ചെയ്ത തെറ്റ് സമ്മതിച്ചതുകൊണ്ടാണ് മുഖ്യമന്ത്രി ലീഗിന്റെ നിലപാടിനെ സ്വാഗതം ചെയ്തതെന്നും പിഎംഎ സലാം പ്രതികരിച്ചു.

സര്‍വകലാശാലകളിലെ നിയമവിരുദ്ധ നിയമനങ്ങള്‍ നടത്തിയത് സര്‍ക്കാരും ഗവര്‍ണറും ചേര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചു. ഉന്നതവിദ്യാഭാസ രംഗത്തെ പ്രതിസന്ധിക്ക് കാരണം സര്‍ക്കാരും ഗവര്‍ണറുമാണ്. സംഘപരിവാര്‍ അജണ്ടയെ കേരളത്തില്‍ ഏറ്റവും ശക്തമായി എതിര്‍ക്കുന്നത് പ്രതിപക്ഷമാണെന്നും സതീശന്‍ പറഞ്ഞു.

അതേസമയം ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ട വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക സിറ്റിങ് ഇന്ന് നാല് മണിക്ക് ചേരും. ജസ്റ്റിസ് രാമചന്ദ്രനാണ് വിഷയം പരിഗണിക്കുന്നത്. നടപടിയില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ആറ് വിസിമാര്‍ ഗവര്‍ണറെ രേഖാമൂലം അറിയിച്ചിരുന്നു. എംജി, ഫിഷറീസ്, കെടിയു സര്‍വകലാശാലകള്‍ ഒഴികെയുളള സര്‍വകലാശാലകളുടെ വിസിമാരാണ് കത്ത് നല്‍കിയത്. നേരത്തെ കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളിലെ വിസിമാര്‍ കൊച്ചിയിലെത്തി അറ്റോര്‍ണി ജനറലിനെ കണ്ട് നിയമോപദേശം തേടിയിരുന്നു. ഗവര്‍ണര്‍ നടപടിയെ നിയമപരമായി നേരിടാന്‍ എജി നിര്‍ദേശം നല്‍കിയെന്നാണ് വിവരം.

Story Highlights: PMA Salam's Response On Vice Chancellor Appointment Issue

Next Story

Popular Stories