Top

'അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നില്‍ രാഷ്ട്രീയ തീവ്രവാദമെന്ന് പിഎംഎ സലാം

'ഓരോ കൊലപാതകത്തില്‍ നിന്നും അക്രമത്തില്‍ നിന്നും ശ്രദ്ധതിരിക്കാനും കേസന്വേഷണം വഴിതിരിച്ചുവിട്ട് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുമുള്ള ശ്രമമാണ് സിപിഐഎം നടത്തികൊണ്ടിരിക്കുന്നത്.'

13 Oct 2021 10:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നില്‍ രാഷ്ട്രീയ തീവ്രവാദമെന്ന് പിഎംഎ സലാം
X

ഷുക്കൂറിനെ വധിക്കാന്‍ വേണ്ടി സിപിഐഎം കെട്ടചമച്ചുണ്ടാക്കിയ കേസിലെ പ്രതികളെയാണ് ഇന്നലെ കണ്ണൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടതെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം. അങ്ങനെയൊരു കേസോ സംഭവമോ ഉണ്ടായിട്ടില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും സലാം പറഞ്ഞു. അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നില്‍ ഉണ്ടായത് രാഷ്ട്രീയ തീവ്രവാദമാണ്. സിപിഐഎം അവരുടെ രാഷ്ട്രീയ പ്രതിയോഗികളെ വകവരുത്താന്‍ ഒരോ കാലഘട്ടത്തിലും ബോധപൂര്‍വ്വമായി ഓരോ കാരണങ്ങളുണ്ടാക്കുകയാണ്. നാദാപുരത്തും കണ്ണൂരും അതുണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും പിഎംഎ സലാം ആരോപിച്ചു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടേത് രാഷ്ട്രീയ തീവ്രവാദമാണ്. അതല്ലാതെ എന്താണ് ഷുക്കൂറിന്റെ കൊലപാതകത്തിന് പിന്നിലെന്നും സലാം ചോദിച്ചു. തങ്ങളുടെ ആശയവുമായി യോജിച്ചുപോകാത്ത ആളുകളെ കൊലയ്ക്ക് കൊടുക്കുന്നതിനെയാണ് തീവ്രവാദമെന്ന് പറയുന്നത്. അത് തന്നെയാണ് ഇടതുപക്ഷം കൈക്കൊള്ളുന്നത്. രാഷ്ട്രീയമായാലും മതമായലും തീവ്രവാദം നാടിന് ആപത്താണ്. ഇത്തരം ചിന്തകളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും അവര്‍ പിന്നോട്ട് പോകണമെന്നും സലാം ആവശ്യപ്പെട്ടു.

'ടിപി ചന്ദ്രശേഖരന്‍ വധക്കേസിന് പിന്നാലെ അന്ന് പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം വിളിച്ചു പറഞ്ഞത്, ടിപിയെ ആക്രമിച്ച കാറിന് പിറകില്‍ മാഷാ അള്ളാ സ്റ്റിക്കര്‍ പതിപ്പിച്ചിരുന്നു എന്നും അതുകൊണ്ട് തീവ്രവാദികളുടെ പങ്ക് പരിശോധിക്കണമെന്നുമെല്ലാമായിരുന്നു. ഓരോ കൊലപാതകത്തില്‍ നിന്നും അക്രമത്തില്‍ നിന്നും ശ്രദ്ധതിരിക്കാനും കേസന്വേഷണം വഴിതിരിച്ചുവിട്ട് യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാനുമുള്ള ശ്രമമാണ് സിപിഐഎം നടത്തികൊണ്ടിരിക്കുന്നത്. അതിന്റെ ഏറ്റവും പ്രകടമായ ഉദാഹരണമാണ് ഷുക്കൂര്‍ വധമെന്ന് ഇന്നലത്തെ കോടതി ഉത്തരവോടെ വ്യക്തമായിരിക്കുകയാണ്.'

ഒരുതെറ്റും ചെയ്യാതെയാണ് അരിയില്‍ ഷുക്കൂര്‍ എന്ന യുവാവിനെ 200 ഓളം മാര്‍ക്‌സിസ്റ്റ് നേതാക്കള്‍ ചേര്‍ന്ന് പരസ്യവിചാണ നടത്തി കൊലപ്പെടുത്തിയതെന്നും സലാം പറഞ്ഞു. ശരത് ലാല്‍, കൃപേഷ്, മന്‍സൂര്‍ ഇവരൊന്നും സംഘര്‍ഷങ്ങള്‍ക്കിടയിലല്ല കൊല്ലപ്പെട്ടത്. ഒരു കാരണവുമില്ലാതെ രാഷ്ട്രീയ ശത്രുക്കളെ കൊല്ലുകയാണ് സിപിഐഎം. ആസൂത്രിതമായി ഗൂഢാലോചന നടത്തി നിരപരാധികളെ കൊല്ലുന്നു. ആശയപരമായി നേരിടുന്നതിന് പകരം ആയുധം ഉപയോഗിച്ച് നേരിടുകയാണ് അതാണ് കേരളത്തിലെ എല്ലാ രാഷ്ട്രീയ കൊലപാതകത്തിനും പിന്നിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതുപോലുള്ള രാഷ്ട്രീയ തീവ്രവാദത്തിനെതിരെ കേരള ജനത ഉണരണം. ഇന്നലത്തെ കോടതി വിധിയോടെ ഇത്തരം ആക്രമണങ്ങളില്‍ നിന്ന് സിപിഐഎം പിന്തിരിയും എന്ന് കരുതുന്നുവെന്നും ഈ വിധിയുടെ പശ്ചാത്തലത്തില്‍ ഷുക്കൂര്‍ വധത്തിന് പിന്നിലുള്ളവര്‍ ശിക്ഷിക്കപ്പെടുമെന്നാണ് വിശ്വാസമെന്നും പിഎംഎ സലാം കൂട്ടിച്ചേർത്തു.

Popular Stories

    Next Story