Top

'സങ്കൽപത്തിൽ ശത്രുവിനെ ഉണ്ടാക്കി അതിനോട് പോരാടുന്നതല്ല യുദ്ധം, അങ്ങനെ വിചാരിക്കുന്നവർ വിഡ്ഢികൾ'; കെ എം ഷാജിക്കെതിരെ പി എം എ സലാം

18 Sep 2022 3:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സങ്കൽപത്തിൽ ശത്രുവിനെ ഉണ്ടാക്കി അതിനോട് പോരാടുന്നതല്ല യുദ്ധം, അങ്ങനെ വിചാരിക്കുന്നവർ വിഡ്ഢികൾ; കെ എം ഷാജിക്കെതിരെ പി എം എ സലാം
X

മലപ്പുറം: പൊതുവേ​ദിയിൽ പാർട്ടിക്കെതിരെ പരോക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച കെ എം ഷാജിക്ക് മറുപടിയുമായി മുസ്‌ലിം ലീഗ് ആക്റ്റിംഗ് ജനറൽ സെക്രട്ടറി പി എം എ സലാം. സങ്കൽപത്തിൽ ശത്രുവിനെ ഉണ്ടാക്കി അതിനോട് പോരാടുന്നതല്ല യുദ്ധമെന്ന് അദ്ദേ​ഹം പറഞ്ഞു. അത്തരം പോരാട്ടത്തിൽ മരിച്ചു വീണാൽ ഷഹീദിന്റെ കൂലി കിട്ടുമെന്ന് കരുതണ്ട. അങ്ങനെ വിചാരിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണെന്നും പി എം എ സലാം വിമർശിച്ചു. പോരാളിയുടെ ജീവിതവും സമരവും മരണവും യുദ്ധഭൂമിയിൽ ആണെന്നായിരുന്നു ഷാജിയുടെ പരാമർശം.

ജിദ്ദയില്‍ കെഎംസിസി നിലമ്പൂര്‍ മണ്ഡലം യോഗത്തില്‍ പ്രസംഗിവെയാണ് നേതൃത്വത്തിനെതിരെയും കുഞ്ഞാലിക്കുട്ടിക്കെതിരെയും വിമര്‍ശനം ഉന്നയിച്ചത്. തുടർന്ന് കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന മുസ്ലീം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കെ എം ഷാജിക്കെതിരെ നേതാക്കൾ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന തരത്തിലാണ് കെഎം ഷാജി പൊതുവേദികളില്‍ പ്രസംഗിക്കുന്നത്. ലീഗിനെയും നേതാക്കളെയും അപമാനിക്കുന്ന തരത്തിലും കെഎം ഷാജി പതിവായി പ്രസംഗിക്കുന്നു. ഈ പ്രസംഗം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ടെന്നും എം എ യൂസഫലി അടക്കമുള്ളവരെ അപമാനിക്കാന്‍ ഷാജി ശ്രമിച്ചെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.

പരസ്യപ്രസ്താവനകളില്‍ വിശദീകരണം തേടാനിരിക്കെ മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളുമായി കെ എം ഷാജി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ലീഗിൽ വിഭാഗീയത രൂക്ഷമാകുന്നുവെന്ന വാർത്തകൾക്കിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. വിദേശത്ത് നടത്തിയ പ്രസംഗങ്ങളിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമർശനം ഉന്നയിച്ചതിനെക്കുറിച്ച് ഷാജിയുമായി സംസാരിക്കുമെന്ന് സാദിഖലി തങ്ങൾ പറഞ്ഞിരുന്നു. അതേസമയം, എം കെ മുനീർ ഷാജിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കാര്യമാത്രപ്രസക്തമായി സംസാരിക്കുന്നയാളാണ് അദ്ദേഹമെന്നായിരുന്നു മുനീറിന്റെ പ്രതികരണം.

Next Story