'അള്ളുവെച്ചവരെ വെറുതെ വിടില്ല'; പിഎംഎ സലാം
പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് വിമര്‍ശനം.
18 March 2023 8:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ അള്ളുവെച്ചവരെ വെറുതെ വിടില്ലെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നതിനെതിരെ കോടതിയെ സമീപിച്ചവര്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്ന് പിഎംഎ സലാം പറഞ്ഞു. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാന്‍ ചേര്‍ന്ന മുസ്ലീം ലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് വിമര്‍ശനം.
മതാതീതമായി മനുഷ്യര്‍ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാന്‍ മുസ്ലീം ലീഗിന് കഴിഞ്ഞു. സുതാര്യമായി ഫണ്ട് പിരിവ് നടത്തിയെന്നും ജനകീയമായി ഫണ്ട് പിരിവ് വിജയമാണെന്നും സലാം യോഗത്തില്‍ പറഞ്ഞു. നിലവിലെ സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം പുതിയ കൗണ്‍സില്‍ ചേരും.
പിഎംഎ സലാം തന്നെ ജനറല്‍ സെക്രട്ടറിയായി തുടരാനാണ് സാധ്യത. എംകെ മുനീറിന്റേയും പി കെ കുഞ്ഞാലിക്കുട്ടിയുടേയും പേരുകള്‍ സജീവ ചര്‍ച്ചകളിലുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമാവുകയെന്ന ഉദ്ദേശത്തോടെ ലോക്‌സഭയില്‍ നിന്നും രാജിവെച്ചെത്തിയ പി കെ കുഞ്ഞാലിക്കുട്ടിയും ജനറല്‍ സെക്രട്ടറി പദം ആഗ്രഹിക്കുന്നുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ അണികളുടെ വികാരം കൂടി കണക്കിലെടുത്ത് അദ്ദേഹം തന്റെ ആഗ്രഹം മാറ്റി നിര്‍ത്തി പിഎംഎ സലാമിന് വേണ്ടി വാദിക്കുകയാണ്.
അതേസമയം പി കെ കുഞ്ഞാലിക്കുട്ടി ആയാലും പിഎംഎ സലാം ആയാലും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരത്തിന് തയ്യാറാണെന്ന നിലപാടിലാണ് എം കെ മുനീര്‍. മുന്‍ എംഎല്‍എ കെഎം ഷാജി മുനീര്‍ പക്ഷത്ത് ഉറച്ച് നില്‍ക്കുകയാണ്. സര്‍ക്കാരിനെ നിരന്തരം കടന്നാക്രമിക്കുന്ന കെഎം ഷാജിക്കും എംകെ മുനീറിനും പിന്നില്‍ അണിനിരക്കാമെന്ന ആലോചനയിലാണ് പാര്‍ട്ടിയിലെ യുവാക്കള്‍.
എന്നാല്‍ അപ്രതീക്ഷിത ഘട്ടങ്ങളിലെല്ലാം കൃത്യമായ ഇടപെടല്‍ നടത്തി പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്ന നേതാവാണ് പികെ കുഞ്ഞാലിക്കുട്ടി. ഈ സാഹചര്യത്തില്‍ ഒത്തുതീര്‍പ്പ് സൂത്രവാക്യത്തിന്റെ ഭാഗമായി മൂന്നാമതൊരു പേര് ഉയര്‍ന്നുവരാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
STORY HIGHLIGHTS: PMA Salam at Musim League State Council