Top

'മോശമായിപ്പോയി'; പ്രധാനമന്ത്രിയെ റോഡില്‍ തടഞ്ഞത് ദുഃഖകരമെന്ന് എംഎ യൂസഫലി

7 Jan 2022 2:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോശമായിപ്പോയി; പ്രധാനമന്ത്രിയെ റോഡില്‍ തടഞ്ഞത് ദുഃഖകരമെന്ന് എംഎ യൂസഫലി
X

കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പഞ്ചാബില്‍ യാത്ര തടസപ്പെട്ട സംഭവം ദുഃഖകരമെന്ന് വ്യവസായി എം എ യൂസഫലി. ട്വിറ്ററിലായിരുന്നു എംഎ യൂസഫലിയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ യാത്ര തടസപ്പെട്ടത് ദൗര്‍ഭാഗ്യകരവും ദുഃഖകരവുമാണ് എന്നായിരുന്നു ട്വീറ്റ്.

നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് യാത്ര പഞ്ചാബില്‍ തടസപ്പെട്ടു എന്നത് വളരെ സങ്കടകരവും ദൗര്‍ഭാഗ്യകരവുമാണ്. നമ്മുടെ രാജ്യത്തെ തുടര്‍ന്നും നയിക്കാനും ഭാവി തലമുറയുടെ അഭിവൃദ്ധിക്കും വേണ്ടി പ്രവര്‍ത്തിക്കുന്നതിനും പ്രധാനമന്ത്രിക്ക് ഇനിയും കഴിയട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണ്. എന്നാണ് ട്വീറ്റിന്റെ ഉള്ളടക്കം.

ജനുവരി അഞ്ചിനായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പഞ്ചാബിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം തടഞ്ഞ് കര്‍ഷകര്‍. ദേശീയ രക്തസാക്ഷി സ്മാരകമായ ഹുസൈന്‍വാലയിലേക്ക് പോകവെയാണ് മോദി 15 മിനിറ്റ് ഫ്ളൈ ഓവറില്‍ കുടുങ്ങിയത്. യാത്ര തടസ്സപ്പെട്ടതോടെ സരുക്ഷാ വീഴ്ച ചൂണ്ടിക്കാണിച്ച് പഞ്ചാബിലെ ഫെറോസ്പുരിലെ റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയിലെ സംഘടനകളാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം തടഞ്ഞുവെച്ചത്. ഹുസൈന്‍വാലയിലെ രക്തസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ചന നടത്തുന്നതിനും ഫെറോസ്പൂരിലെ ബിജെപിയുടെ പ്രചാരണ റാലിയില്‍ പങ്കെടുക്കാനുമായിരുന്നു മോദി പഞ്ചാബിലെത്തിയത്. ഭട്ടിന്‍ഡയിലെ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗമുളള യാത്ര ഒഴിവാക്കി റോഡ് മാര്‍ഗമാക്കുകയായിരുന്നു.

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി പഞ്ചാബ് സന്ദര്‍ശിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ നിയമങ്ങള്‍ പിന്‍വലിച്ചതിന് ശേഷമുളള ആദ്യ സന്ദര്‍ശനം കൂടിയാണിത്. വന്‍ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിച്ചു. എന്നാല്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല. ഹോലികോപ്റ്റര്‍ മാര്‍ഗം തീരുമാനിച്ചിരുന്ന യാത്ര റോഡ് മാര്‍ഗമാക്കിയത് ആശയകുഴപ്പമുണ്ടാക്കുകയായിരുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് സിങ് ഛന്നി വ്യക്തമാക്കി.

Next Story