Top

പ്രധാനമന്ത്രി കൊച്ചിയില്‍; രണ്ട് ദിവസത്തെ ഗതാഗതനിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവും ഇങ്ങനെ

എറണാകുളം നഗരത്തില്‍നിന്ന് പശ്ചിമ കൊച്ചിയിലേക്ക് പോകേണ്ട ചെറുവാഹനങ്ങള്‍ക്ക് വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഉപയോഗപ്പെടുത്താം.

31 Aug 2022 4:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്രധാനമന്ത്രി കൊച്ചിയില്‍; രണ്ട് ദിവസത്തെ ഗതാഗതനിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവും ഇങ്ങനെ
X

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ എറണാകുളം ജില്ലയുടെ വിവിധാ ഭാഗങ്ങളില്‍ ഗതാഗതനിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവും ഏര്‍പ്പെടുത്തി.

വ്യാഴം ഉച്ച രണ്ടു മണി മുതല്‍ രാത്രി എട്ടു മണി വരെ ദേശീയപാത അത്താണി ജംഗ്ഷന്‍ മുതല്‍ കാലടി മറ്റൂരില്‍ എംസി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം നിരോധിച്ചു. വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

വ്യാഴാഴ്ച അങ്കമാലി മുതല്‍ മുട്ടം വരെയും എംസി റോഡില്‍ അങ്കമാലി മുതല്‍ കാലടി വരെയും എയര്‍പോര്‍ട്ട് റോഡിലും പകല്‍ രണ്ടുമുതല്‍ രാത്രി എട്ടുവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. കണ്ടെയ്‌നര്‍, ഗുഡ്‌സ് വാഹനങ്ങളും ഈ സമയം അനുവദിക്കില്ല. അങ്കമാലിയില്‍ നിന്ന് പെരുമ്പാവൂരിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവര്‍ മഞ്ഞപ്ര, കോടനാട് വഴി പോകണം. വിമാനത്താവള പരിസരത്ത് വെള്ളി രാവിലെ പത്തുമുതല്‍ രണ്ടുവരെയും ഗതാഗതനിയന്ത്രണമുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

വ്യാഴം പകല്‍ രണ്ടുമുതല്‍ വെള്ളി പകല്‍ ഒന്നുവരെ എറണാകുളം നഗരത്തിലും പശ്ചിമ കൊച്ചി ഭാഗങ്ങളിലും ഗതാഗതനിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവുമുണ്ടാകും. ആലുവ മുതല്‍ ഇടപ്പള്ളി വരെയും പാലാരിവട്ടം ജംഗ്ഷന്‍, വൈറ്റില, കുണ്ടന്നൂര്‍, തേവര ഫെറി ജംഗ്ഷന്‍, ബിഒടി ഈസ്റ്റ്, ഐലന്‍ഡ് താജ് ഹോട്ടല്‍ വരെയും വെണ്ടുരുത്തി പാലം, കഠാരി ബാഗ്, തേവര ജംഗ്ഷന്‍, രവിപുരം എന്നിവിടങ്ങളിലും ഗതാഗതനിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവുമുണ്ടാകും.

വ്യാഴാഴ്ച കണ്ടെയ്‌നര്‍ റോഡിലും വെള്ളിയാഴ്ച പാലാരിവട്ടം മുതല്‍ ബാനര്‍ജി റോഡ്, എംജി റോഡ്, ബിഒടി ഈസ്റ്റ് വരെയും പകല്‍ ഒന്നുവരെ ഗതാഗതനിയന്ത്രണമുണ്ട്. എറണാകുളം നഗരത്തില്‍നിന്ന് പശ്ചിമ കൊച്ചിയിലേക്ക് പോകേണ്ട ചെറുവാഹനങ്ങള്‍ക്ക് വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഉപയോഗപ്പെടുത്താം.

Next Story