Top

'ഇന്നലെ മുളച്ച തകരയ്ക്ക് ആല്‍മരത്തെക്കുറിച്ചറിയില്ല'; സിപിഐഎം പതാക ഗാന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി പിഎം മനോജ്

പതാക ഗാനത്തിന്റെ മുഴുവന്‍ വരികളും അദ്ദേഹം പങ്കുവെച്ചു

1 March 2022 7:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്നലെ മുളച്ച തകരയ്ക്ക് ആല്‍മരത്തെക്കുറിച്ചറിയില്ല; സിപിഐഎം പതാക ഗാന വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി പിഎം മനോജ്
X

സിപിഐഎം സംസ്ഥാന സമ്മേളന പതാക ഗാനവുമായി ബന്ധപ്പെട്ട സാമൂഹിക മാധ്യമ വിമര്‍ശനങ്ങളില്‍ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജ്. 'കേരളത്തില്‍ ഒരു സംഘിക്കും മൂപ്പുവെക്കും മുമ്പ് കമ്മ്യൂണിസ്റ്റുകാര്‍ ചെങ്കൊടിക്ക് മുന്നില്‍ നിന്ന് മുഷ്ടി ചുരുട്ടി ഈ വരികള്‍ പാടുന്നുണ്ട്'. ഈ ഗാനവീചികള്‍ ഉയര്‍ന്നപ്പോള്‍ തുടിച്ചത് സമരപുളകങ്ങള്‍ തന്‍ സിന്ദുരമാലകള്‍ ചാര്‍ത്തി നവകേരള നിര്‍മ്മിതിയിലേക്ക് കുതിക്കുന്ന ഹൃദയങ്ങളാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

'ഇന്നലെ മുളച്ച തകരയ്ക്ക് ആല്‍മരത്തെക്കുറിച്ചറിയില്ല. ആല്‍മരം കണ്ട കാഴ്ചകളെക്കുറിച്ച് ബോധവുമുണ്ടാകില്ല. ഒരു കാലഘട്ടത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാട്ടാണ് ജയിപ്പുതാകേ രക്തപതാകേ എന്നത്', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതാക ഗാനത്തിന്റെ മുഴുവന്‍ വരികളും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചു.

വിപ്ലവ ഗാനങ്ങള്‍ മാത്രം കേട്ടു ശീലിച്ച സംസ്ഥാന സമ്മേളനത്തില്‍ നമോ നമസ്‌തേ ഗാനം പാടിയെന്നും ഹിന്ദു വോട്ടുകള്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് ക്ഷേത്ര കൊടിമരത്തിന്റെ മാതൃകയിലാണ് കൊടിമരം നിര്‍മ്മിച്ചത് തുടങ്ങിയ പ്രചരണമായിരുന്നു സംഘ പരിവാര്‍ അനുകൂല മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നടത്തിയത്. ഈ സാഹചര്യത്തിലാണ് പിഎം മനോജിന്റെ വിശദീകരണം. ഗാനവുമായി ബന്ധപ്പെട്ട് വിപ്ലവ ഗായിക പികെ മേദിനിയുടെ ഓര്‍മ്മയും അദ്ദേഹം പോസ്റ്റില്‍ സൂചിപ്പിച്ചു.

പിഎം മനോജിന്റെ വാക്കുകള്‍:

സംഘികള്‍ അങ്ങനെ ഈ പട്ടം ചാര്‍ത്തണ്ട. കേരളത്തില്‍ ഒരു സംഘിക്കും മൂപ്പുവെക്കും മുമ്പ് കമ്മ്യൂണിസ്റ്റുകാര്‍ ചെങ്കൊടിക്ക് മുന്നില്‍ നിന്ന് മുഷ്ടി ചുരുട്ടി ഈ വരികള്‍ പാടുന്നുണ്ട്. പാര്‍ട്ടി സമ്മേളനം തുടങ്ങുമ്പോള്‍ പതാകാ ഗാനം. അവസാനിക്കുമ്പോള്‍ കമ്മ്യൂണിസ്റ്റ് ഇന്റര്‍നാഷനല്‍ 'എഴുന്നേല്‍പ്പിന്‍ നിങ്ങള്‍ തനിപ്പട്ടിണിത്തടവുകാരേ...'

ഓര്‍മ്മ വെച്ച കാലം മുതല്‍ ഇത് കേള്‍ക്കുന്നുണ്ട്. പാടുന്നുമുണ്ട്. ഈ ഗാനത്തില്‍ കര്‍ഷകന്റെയും തൊഴിലാളിയുടെയും ഹൃദയമുണ്ട്. ഒരിറ്റ് രക്തമവശേഷിക്കുവോളം ചെങ്കൊടി ഉയര്‍ത്തിപ്പിടിക്കാനുള്ള ആര്‍ജവവും ആത്മാഭിമാനവുമുണ്ട്.

വിപ്ലവ ഗായിക പികെ മേദിനി പറയുന്നു: 'എന്റെ സഹോദരന്‍ കെ ബാവ അന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനാണ്. പാര്‍ട്ടി യോഗങ്ങളില്‍ പതാക ഉയര്‍ത്തുന്ന ചടങ്ങുണ്ട്. അപ്പോള്‍ ചേട്ടന്‍ പറയുന്നതനുസരിച്ച് പാട്ടുപാടും. ആ പാട്ട് ഇതാണ്: ജയ് പതാകേ രക്ത പതാകേ ജയിക്കു മേല്‍മേല്‍ വിജയപതാകേ.. ആരുടെ കൈകള്‍ ഈ ഭൂവിനെയെല്ലാം വിഭവസമൃദ്ധമതാക്കി തീര്‍ത്തൂ..'

ഇന്നലെ മുളച്ച തകരയ്ക്ക് ആല്‍മരത്തെക്കുറിച്ചറിയില്ല. ആല്‍മരം കണ്ട കാഴ്ചകളെക്കുറിച്ച് ബോധവുമുണ്ടാകില്ല. ഒരു കാലഘട്ടത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ പാട്ടാണ് ജയിപ്പുതാകേ രക്തപതാകേ എന്നത്. അത് കേവലമൊരു ഗാനമല്ല ജന്മിത്വത്തെയും മുതലാളിത്തത്തെയും സാമ്രാജ്യത്വത്തെയും കടന്നാക്രമിക്കാന്‍ കേരളം നെഞ്ചേറ്റിയ വികാരമാണ്.

സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേളന നഗരിയില്‍ ഈ ഗാനവീചികള്‍ ഉയര്‍ന്നപ്പോള്‍ തുടിച്ചത് സമരപുളകങ്ങള്‍തന്‍ സിന്ദുരമാലകള്‍ ചാര്‍ത്തി നവകേരള നിര്‍മ്മിതിയിലേക്ക് കുതിക്കുന്ന ഹൃദയങ്ങളാണ്. ഈ ഗാനം ഇന്നലെയുടെയും ഇന്നിന്റെയും നാളെയുടെയും ഈടുവെപ്പാണ്.

STORY HIGHLIGHTS: PM Manoj Replies to Controversy related to CPIM Flag Song

Next Story

Popular Stories