Top

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്ക് ജാമ്യം;'സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്'

10 Aug 2022 8:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയ്ക്ക് ജാമ്യം;സമാനമായ കുറ്റകൃത്യം ആവര്‍ത്തിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്
X

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വധശ്രമക്കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ഷോയ്ക്ക് പിജി പരീക്ഷ എഴുതാനായി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, സമാനമായ കുറ്റത്തിലേര്‍പ്പെടരുത് എന്നീങ്ങനെയാണ് വ്യവസ്ഥകള്‍.

ജസ്റ്റിസ് വിജു എബ്രഹാമിന്റേതാണ് ഉത്തരവ്. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനാണ് ആര്‍ഷോ അറസ്റ്റിലായത്. സമാനമായ കുറ്റകൃത്യം ആവര്‍ത്തിച്ചെന്ന പരാതിയെ തുടര്‍ന്ന് കോടതി നിര്‍ദേശപ്രകാരമാണ് നേരത്തെ ആര്‍ഷോയെ റിമാന്‍ഡ് ചെയ്തത്.

2018ല്‍ എറണാകുളം ഗവര്‍ണമെന്റ് ലോ കോളേജില്‍ വെച്ച് വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസിലാണ് പിഎം ആര്‍ഷോയ്‌ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ജൂണിലായിരുന്നു ആര്‍ഷോയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കത്തതില്‍ പൊലീസിനെ കോടതി വിമര്‍ശിച്ചിരുന്നു. പിന്നാലെ ആര്‍ഷോയുടെ ജാമ്യപേക്ഷ തള്ളുകയും ചെയ്തു.

എന്നാല്‍ ജൂലൈ 22ന് ആര്‍ഷോയ്ക്ക് കോടതി പരീക്ഷ എഴുതുന്നതിന് ഇടക്കാല ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ട് അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. പരീക്ഷ എഴുതാനുള്ള ഹാജര്‍ ആര്‍ഷോയ്ക്കില്ലെന്നും നിയമ വിരുദ്ധമായാണ് ഹാള്‍ ടിക്കറ്റ് ലഭിച്ചതെന്നും പരാതിക്കാരന്‍ വാദിച്ചിരുന്നു. എന്നാല്‍ ആര്‍ഷോ പരീക്ഷ എഴുതട്ടെയെന്ന് കോടതി നിര്‍ദേശിച്ചു. നാല്‍പ്പതോളം കേസുകള്‍ ആര്‍ഷോയ്‌ക്കെതിരെയുണ്ട്. കഴിഞ്ഞ സമ്മേളനത്തിലാണ് ആര്‍ഷോ സംസ്ഥാന സെക്രട്ടറിയായത്.

STORY HIGHLIGHTS: PM Arsho got bail from High Court

Next Story