Top

പി എം ആര്‍ഷൊയ്ക്ക് ജാമ്യം; ഇടക്കാല ഇളവ് പരീക്ഷ എഴുതാന്‍

ആര്‍ഷൊക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു

22 July 2022 5:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പി എം ആര്‍ഷൊയ്ക്ക് ജാമ്യം; ഇടക്കാല ഇളവ് പരീക്ഷ എഴുതാന്‍
X

കൊച്ചി: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷൊയ്ക്ക് ഇടക്കാല ജാമ്യം. 25000 രൂപ ബോണ്ട് അടക്കമുള്ള ഉപാധികളോടെ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ശനിയാഴ്ച്ച മുതല്‍ ആഗസ്റ്റ് മൂന്ന് വരെയാണ് ജാമ്യം. പരീക്ഷയെഴുതുന്നതിനാണ് ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ലയില്‍ പരീക്ഷ എഴുതാന്‍ മാത്രം പ്രവേശിക്കാന്‍ പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചു.

അതിനിടെ ആര്‍ഷൊക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഹാജര്‍ നില പൂജ്യമായിട്ടും ആര്‍ഷൊയ്ക്ക് സെമസ്റ്റര്‍ പരീക്ഷക്ക് ഹാള്‍ ടിക്കറ്റ് ലഭിച്ചുവെന്ന് ചൂണ്ടികാട്ടിയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത് . ഇതിന് പിന്നില്‍ മഹാരാജാസിലെ ഇടത് അനുകൂല അധ്യാപകരാണെന്നും പരാതിയില്‍ ഉണ്ട്. വിദ്യാര്‍ത്ഥിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ആര്‍ഷൊയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി വൈ ഷാജഹാനാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയത്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് ഹാള്‍ ടിക്കറ്റ് തയ്യാറാക്കിയതെന്നും പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

വിവിധ അക്രമ കേസുകളില്‍ പ്രതിയായ ആര്‍ഷോ എറണാകുളം ജില്ലാ ജയിലിലായിരുന്നു റിമാന്‍ഡില്‍ കഴിഞ്ഞത്. കൊച്ചി സെന്‍ട്രല്‍ പൊലീസായിരുന്നു എസ്എഫ്ഐ നേതാവിനെ അറസ്റ്റ് ചെയ്തത്. ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും അത് തള്ളിയിരുന്നു.

ജാമ്യത്തിലിറങ്ങിയിട്ടും വിവിധ കേസുകളില്‍ പ്രതിയായതോടെയാണ് ആര്‍ഷൊയുടെ ജാമ്യം റദ്ദാക്കിയത്. വിവിധ കേസുകളില്‍ പ്രതിയായ ആര്‍ഷൊയെ പിടികൂടാത്തതില്‍ ഹൈക്കോടതി കൊച്ചി പൊലീസിനോട് വിശദീകരണം തേടിയിരുന്നു. എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിനും പൊതുപരിപാടികളിലും പങ്കെടുത്തിട്ടും പൊലീസ് പിടികൂടാത്തതിനെതിരെ യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു.

Next Story