Top

ഉത്തര സൂചിക പുതുക്കി; കെമിസ്ട്രി മൂല്യനിർണ്ണയം ഇന്ന് മുതൽ പുനരാരംഭിക്കും

എല്ലാ അധ്യാപകരും മൂല്യനിർണയത്തിൽ പങ്കെടുക്കണമെന്ന് സർക്കാർ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്

4 May 2022 1:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്തര സൂചിക പുതുക്കി; കെമിസ്ട്രി മൂല്യനിർണ്ണയം ഇന്ന് മുതൽ പുനരാരംഭിക്കും
X

തിരുവനന്തപുരം: പുതുക്കിയ ഉത്തര സൂചിക പ്രകാരമുളള കെമിസ്ട്രി മൂല്യനിർണ്ണയം ഇന്ന് മുതൽ. മൂന്ന് കോളേജ് അധ്യാപകരും ഹയർസെക്കന്ററി അധ്യാപകരും ഉൾപ്പെട്ട 15 അംഗ വിദഗ്ധ സമിതി തയ്യാറാക്കിയ ഉത്തര സൂചിക പ്രകാരമാണ് മൂല്യനിർണയം പുനരാരംഭിക്കുന്നത്. എല്ലാ അധ്യാപകരും മൂല്യനിർണയത്തിൽ പങ്കെടുക്കണമെന്ന് സർക്കാർ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.

കൂടുതൽ ഉത്തരങ്ങൾ പുതിയ സ്കീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൂല്യനിർണയം നടന്ന 28000 ഉത്തരക്കടലാസുകൾ പുതിയ ഉത്തര സൂചികയുടെ അടിസ്ഥാനത്തിൽ വീണ്ടും പരിശോധിക്കും. ആദ്യം മൂല്യനിർണയത്തിന് ഉപയോഗിച്ച ചോദ്യകർത്താവിന്റെ ഉത്തര സൂചികയും സ്കീം ഫൈനലൈസേഷന്റെ ഭാഗമായി അധ്യാപകർ തയ്യാറാക്കിയ ഉത്തര സൂചികയും വിദഗ്ധ സമിതി വിലയിരുത്തിയതിന് ശേഷമാണ് പുതിയ ഉത്തര സൂചിക തയ്യാറാക്കിയത്.

അധ്യാപകരും വിദഗ്ദരും ചേർന്നാണ് ഫൈനലൈസേഷൻ സ്‌കീം തയ്യാറാക്കുക. എന്നാൽ ചോദ്യകർത്താവ് ഉത്തര സൂചിക തയ്യാറാക്കി നൽകിയതാണ് വിവാദമാകാൻ കാരണമായത്. ഉത്തരസൂചികയിൽ അപാകതയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് മൂന്ന് ദിവസത്തോളം അധ്യാപകർ കെമിസ്ട്രി മൂല്യനിർണ്ണയം ബഹിഷ്കരിച്ചിരുന്നു. ഉത്തര സൂചിക മാറ്റണമെന്ന ആവശ്യം ആദ്യം സർക്കാർ അംഗീകരിച്ചിരുന്നില്ല. എന്നാൽ അധ്യാപകരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടതോടെയാണ് ഉത്തര സൂചിക പുനഃപരിശോധിക്കാൻ വിദ്യഭ്യാസ വകുപ്പ് തയ്യാറായത്. വിദ്യാർത്ഥികൾക്ക് അർഹതപ്പെട്ട അര മാർക്ക് പോലും നഷ്ടമാകില്ലെന്ന് വിഷയത്തിൽ വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.

STORY HIGHLIGHTS: Plus two Chemistry Assessment as per Updated Answer Index from today

Next Story