Top

ഇന്നലെ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍; കെ എം ഷാജിയെ ഇ.ഡി ഇന്നും വിളിപ്പിക്കും, ഹാജരാകില്ലെന്ന് സൂചന

ഇന്നലെ ഹാജരാക്കിയെ രേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയേക്കും

15 Feb 2022 4:47 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്നലെ 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍; കെ എം ഷാജിയെ ഇ.ഡി ഇന്നും വിളിപ്പിക്കും, ഹാജരാകില്ലെന്ന് സൂചന
X

കെ എം ഷാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്നും ചോദ്യം ചെയ്യും. ഇന്നലെ ഷാജിയെ 11 മണിക്കൂര്‍ ഇഡി ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍. അതേസമയം ഇന്ന് ഷാജി ഇഡിക്ക് മുന്നില്‍ ഹാജരായേക്കില്ലെന്നും സൂചനയുണ്ട്.

അഴീക്കോട്ടെ പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഷാജിയെ കഴിഞ്ഞ ദിവസം ഇഡി വിളിച്ച് വരുത്തിയത്. കോഴിക്കോട്ടെ മേഖലാ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ഇന്നലെ ഹാജരാക്കിയെ രേഖകളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയേക്കും. കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനാണ് ഷാജിയെ വീണ്ടും ചോദ്യം ചെയ്യുന്നതെന്ന് നേരത്തെ ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. ഷാജി പണം വാങ്ങിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

2014ല്‍ പ്ലസ് ടു കോഴ്‌സ് അനുവദിക്കാനായി കെഎം ഷാജി എംഎല്‍എയായിരിക്കെ അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും 25 ലക്ഷം രൂപ കോഴവാങ്ങിയെന്നാണ് കേസ്. കേസില്‍ മൂന്ന് തവണ ഷാജിയെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ കേസ് അടിസ്ഥാന രഹിതമാണെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമാണ് ആദ്യ ഘട്ടം മുതല്‍ കെഎം ഷാജിയുടെ നിലപാട്.

അനധികൃത സ്വത്ത് സമ്പാദനകേസില്‍ നേരത്തെ വിജിലന്‍സും ഷാജിയെ ചോദ്യം ചെയ്തതിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലേയും വീടുകളില്‍ വിജിലന്‍സ് റെയ്ഡും നടത്തിയിരുന്നു.

STORY HIGHLIGHTS: Azheekode plus two bribery case km shaji to be questioned again

Next Story