Top

പ്ലസ്‌വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് ഇന്നില്ല, മാറ്റി

ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും

28 July 2022 1:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലസ്‌വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് ഇന്നില്ല, മാറ്റി
X

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്‌മെന്റില്‍ മാറ്റം. ഇന്ന് നടത്താനിരുന്ന ട്രയല്‍ അലോട്ട്‌മെന്റ് വെള്ളിയാഴ്ച്ചയിലേക്ക് മാറ്റിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ ഹയര്‍സെക്കണ്ടറി പ്രവേശനത്തിന്റെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ട്രയല്‍ അലോട്ട്‌മെന്റ് വ്യാഴാഴ്ച്ച നടത്തുമെന്നാണ് അറിയിച്ചിരുന്നത്.

ആദ്യ അലോട്ട്‌മെന്റ് ആഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും. പ്ലസ്‌വണ്‍ ക്ലാസുകള്‍ ഓഗസ്റ്റ് 22 ന് തുടങ്ങാനാണ് തീരുമാനം. ഇതിലും മാറ്റമില്ല. സിബിഎസ്ഇ, ഐസിഎസ്‌സി പത്താംക്ലാസ് പരീക്ഷ ഫലം വരാന്‍ വൈകിയതാണ് ഹയര്‍സെക്കണ്ടറി പ്രവേശന പരീക്ഷ നടപടികള്‍ വൈകാന്‍ കാരണം.

ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം സീറ്റുകള്‍ കൂട്ടിയിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോഡ് എന്നീ ജില്ലകളിലെ സീറ്റുകളാണ് കൂട്ടിയത്. ഈ ജില്ലകളിലെ എയ്ഡഡ് സ്‌കൂളുകളിലും 20 ശതമാനം സീറ്റു വര്‍ദ്ധനവ് നടപ്പാക്കും. ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശശമാനം വര്‍ദ്ധനവ് കൂടി അനുവദിക്കും. കൊല്ലം, എറണാകുളം, തൃശൂര്‍ എന്നീ മൂന്ന് ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കണ്ടറി സ്‌കൂളുകളിലും 20 % മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് നടപ്പാക്കും.

നീന്തല്‍ അറിയാവുന്നവര്‍ക്ക് നല്‍കിയിരുന്ന ബോണസ് മാര്‍ക്ക് ഇക്കുറി ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷം താല്‍കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത 4 ബാച്ചുകളും ഉള്‍പ്പടെ 81 താല്‍ക്കാലിക ബാച്ചുകള്‍ ഈ വര്‍ഷവും ഉണ്ടായിരിക്കും.

Next Story