Top

പ്ലസ് വണ്‍ പ്രവേശനം; സഭയില്‍ ഏറ്റുമുട്ടി വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ നേതാവും, ഇറങ്ങിപ്പോക്ക്

എ പ്ലസുകാരുടെ എണ്ണം കൂടിയതാണ് ആഗ്രഹിച്ച സീറ്റ് ലഭിക്കാത്തതിന്റെ കാരണമെന്ന് മന്ത്രി വി ശിവന്കുട്ടി

11 Oct 2021 7:55 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പ്ലസ് വണ്‍ പ്രവേശനം; സഭയില്‍ ഏറ്റുമുട്ടി വിദ്യാഭ്യാസ മന്ത്രിയും പ്രതിപക്ഷ നേതാവും, ഇറങ്ങിപ്പോക്ക്
X

പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശനുംവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും തമ്മില്‍ വാക്കേറ്റം. ഈ പ്രശ്‌നത്തില്‍ വിദ്യാഭ്യാസ മന്ത്രി എല്ലാ ദിവസവും ഒരേ മറുപടിയാണ് നല്‍കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചു. ഇതിനിടെ ഭരണപക്ഷം പ്രതിപക്ഷനേതാവിന്റെ പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ചതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപോയി.

എ പ്ലസ് കിട്ടിയ പതിനായിരക്കണക്കിന് കുട്ടികള്‍ പ്രവേശനം കിട്ടാതെ കരയുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇത് മൂന്നാം തവണയാണ് പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിയമസഭയില്‍ പ്രതിപക്ഷം രംഗത്ത് വരുന്നത്. അതേസമയം പ്ലസ് വണ്‍ സീറ്റുകളില്‍ കുറവുണ്ടെന്നും എ പ്ലസുകാരുടെ എണ്ണം കൂടിയതാണ് ആഗ്രഹിച്ച സീറ്റ് ലഭിക്കാത്തതിന്റെ തടസമെന്നുമായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നല്‍കിയ മറുപടി.

വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം ഉറപ്പാക്കാനല്ല രാഷ്ട്രീയ ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനെന്നും മന്ത്രി വിമര്‍ശിച്ചു. പ്രശ്‌നം താലൂക്ക് അടിസ്ഥാനത്തില്‍ പരിശോധിച്ച് എല്ലാവര്‍ക്കും പ്രവേശനം ഉറപ്പാക്കുമെന്നും, ഉപരിപഠനത്തിന് വിദ്യാര്‍ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ ഉത്കണ്ഠ വേണ്ടെന്നും യോഗ്യത നേടിയ എല്ലാവര്‍ക്കും ഉപരി പഠനത്തിന് അവസരം ഒരുക്കുമെന്നും മന്ത്രി സഭയെ അറിയിച്ചു.

Next Story