Top

'കോൺ​ഗ്രസിനകത്തെ അസംതൃപ്തരെ തേടി ഞങ്ങൾ പോയിട്ടില്ല അവർ ഇങ്ങോട്ട് വരുകയായിരുന്നു'; പികെ ശ്രീമതി ടീച്ചര്‍

കഴിഞ്ഞ തവണ ഞങ്ങള്‍ പറഞ്ഞു എല്‍ഡിഎഫ് ഉറപ്പാണെന്ന് ഇത്തവണയും ഞങ്ങള്‍ പറയുന്നു തൃക്കാക്കര ഉറപ്പാണ് തിളങ്ങുന്ന വിജയം ഉറപ്പാണ് എന്ന്.

21 May 2022 6:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോൺ​ഗ്രസിനകത്തെ അസംതൃപ്തരെ തേടി ഞങ്ങൾ പോയിട്ടില്ല അവർ ഇങ്ങോട്ട് വരുകയായിരുന്നു; പികെ ശ്രീമതി ടീച്ചര്‍
X

തൃക്കാക്കര: കോൺ​ഗ്രസിനകത്തെ അസംതൃപ്തരെ തേടി ഞങ്ങൾ പോയിട്ടില്ല ഇടതുപക്ഷത്തിന്റെ നന്മ മനസ്സിലാക്കി അവർ ഇങ്ങോട്ടു വരികയാണുണ്ടായത് എന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി ടീച്ചർ. കോൺ​ഗ്രസ് വിട്ട മുൻ എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി എംബി മുരളീധരൻ തൃക്കാക്കരയിൽ നല്ല സ്വാധീനമുളളയാളാണ്. അദ്ദേഹത്തെ പോലെയുളളവർ ഇടതുപക്ഷത്തിന്റെ നന്മയും വികസന രംഗത്തു കാണിക്കുന്ന ആത്മാർത്ഥതയും മനസ്സിലാക്കി വന്നവരാണ്. ഇത്തവണ തൃക്കാക്കര ഉറപ്പാണ് തിളങ്ങുന്ന വിജയവും ഉറപ്പാണെന്നും പികെ ശ്രീമതി ടീച്ചർ വ്യക്തമാക്കി. തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയായിരുന്നു പികെ ശ്രീമതി ടീച്ചർ.

പികെ ശ്രീമതി ടീച്ചര്‍ പറഞ്ഞത്,

നൂറ് തികയ്ക്കണമെന്നാണ് ഞങ്ങളുടെ ലക്ഷ്യം, തൃക്കാക്കര അത് പൂര്‍ത്തിയാക്കും. ദീര്‍ഘകാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച നേതാവ് എംബി മുരളീധരന് ഈ പ്രദേശത്ത് നല്ല സ്വാധീനമുണ്ട്. അദ്ദേഹത്തെ പോലുളള വ്യക്തികള്‍ ഇടതുപക്ഷത്തിന്റെ നന്മ മനസിലാക്കി, വികസന രംഗത്ത് ആത്മാര്‍ത്ഥതയോടെ നടപ്പാക്കി കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കിയുമാണ് ഇടതുപക്ഷത്തേക്ക് വന്നത്.

ഇത് സൂചിപ്പിക്കുന്നത് തൃക്കാക്കര മണ്ഡലത്തില്‍ വലിയൊരു ജനവിഭാഗം മനസ്സുമാറി ഇടതുപക്ഷത്തോടപ്പം നില്‍ക്കുമെന്നാണ്. വന്‍ ഭൂരിപക്ഷത്തോടുകൂടി ജോ ജോസഫ് വിജയിക്കും. അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം, ഇടതുപക്ഷ സര്‍ക്കാരിന്റെ വികസനത്തിലുളള ഇടപെടല്‍, ക്ഷേമ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ ആറ് വര്‍ഷമായി സര്‍ക്കാര്‍ നടപ്പാക്കികൊണ്ടിരിക്കുന്ന പദ്ധതികള്‍ ഇതെല്ലാം വിജയത്തിന് കാരണമാകും.

2016 ല്‍ സര്‍ക്കാരിന്റെ ലക്ഷ്യം പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നതായിരുന്നു. ഇപ്പോള്‍ കേരളത്തില്‍ പട്ടിണി കിടക്കുന്ന ആരുമില്ല. കേരളത്തില്‍ എല്ലാവര്‍ക്കും ഒരുപോലെ സുഖകരമായി ജീവിക്കാനുളള സാഹചര്യമുണ്ടാക്കുക എന്നതാണ് ദീര്‍ഘകാലത്തെ ലക്ഷ്യം. ഇടതുപക്ഷ ജനാധിപത്യ മുന്നണി ഇനിയും അധികാരത്തില്‍ വരും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അതിനൊരു കാരണമാകും.

തൃക്കാക്കരയില്‍ എല്‍ഡിഎഫിന്റെ വിജയം സുനിശ്ചിതമാണ് അതില്‍ ആര്‍ക്കും സംശയമില്ല. യുഡിഎഫിനും ബിജെപിക്കും ഇത് സംബന്ധിച്ച് സംശയമുണ്ടെന്ന് തോന്നുന്നില്ല. കഴിഞ്ഞ തവണ ഞങ്ങള്‍ പറഞ്ഞു എല്‍ഡിഎഫ് ഉറപ്പാണെന്ന് ഇത്തവണയും ഞങ്ങള്‍ പറയുന്നു തൃക്കാക്കര ഉറപ്പാണ് തിളങ്ങുന്ന വിജയം ഉറപ്പാണ് എന്ന്.

കോണ്‍ഗ്രസിനകത്തെ അസംതൃപ്തരെ തേടി ഞങ്ങള്‍ എവിടേയും പോയിട്ടില്ല, അവരുടെ ഒപ്പം നിന്നിട്ടുളള ഒരുപാട് നേതാക്കന്മാര്‍ ഇടതുപക്ഷത്തോടപ്പം നില്‍ക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് പറഞ്ഞ് ഇങ്ങോട്ടു വരികയാണ് ഉണ്ടായത്. ഞങ്ങള്‍ അങ്ങോട്ടു പോയിട്ടില്ല. എല്‍ഡിഎഫിന്റെ നന്മയും വികസന പ്രവര്‍ത്തനത്തില്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയും കണ്ടാണ് അവര്‍ വന്നത്. തൃക്കാക്കര മണ്ഡലത്തില്‍ വിദ്യാസമ്പന്നരായ, ഉന്നത വിദ്യാഭ്യാസമുളള കാര്യങ്ങളെ വിവേക പൂര്‍വം മനസ്സിലാക്കാന്‍ കഴിവുളള ജനങ്ങളാണുളളത്. തൃക്കാക്കരയില്‍ മാറ്റം വേണം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് തൃക്കാക്കര മണ്ഡലത്തില്‍ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന പ്രതീക്ഷ ജനങ്ങള്‍ക്കുണ്ട്.

STORY HIGHLIGHTS: PK Sreemathi Says We Did not Go Looking for the Disgruntled Within the Congress, They Were Coming to Left

Next Story