Top

'മുന്നണിമാറ്റം അജണ്ടയിലില്ല; നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് ലീഗ്'; കുഞ്ഞാലിക്കുട്ടി

ഇപി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കണക്കാക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

20 April 2022 6:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുന്നണിമാറ്റം അജണ്ടയിലില്ല; നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് ലീഗ്; കുഞ്ഞാലിക്കുട്ടി
X

തിരുവനന്തപുരം: യുഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും മുന്നണിമാറ്റം അജണ്ടയിലില്ലെന്നും അറിയിച്ച് മുസ്ലിം ലീ​ഗ് നേതാവ് കുഞ്ഞാലിക്കുട്ടി. നില്‍ക്കുന്നിടത്ത് ഉറച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് ലീഗ്. മുന്നണി മാറുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാറില്ല ഇപി ജയരാജന്റേത് ഔദ്യോഗിക ക്ഷണമായി കണക്കാക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീ​ഗ് കോൺ​ഗ്രസിനെ തളളിപ്പറഞ്ഞാൽ എൽഡിഎഫിലേക്ക് ക്ഷണിക്കുമെന്ന ഇടതുമുന്നണി കൺവീനർ ഇപി ജയരാജന്റെ പ്രസ്താവനയോട് മറുപടി പറയുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

ഞങ്ങളുടെ ധര്‍മ്മം യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് അതിൽ ഉറച്ച് നിൽക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. എസ്ഡിപിഐ ലീഗിന്റെ ആജന്മ ശത്രുക്കളാണ്. ന്യൂനപക്ഷ വര്‍ഗീയത് ഉയര്‍ത്തുന്ന ഇവരെ പോലുളളവർ ലീഗിന്റെ ശത്രുക്കളാണ്. ലീഗിന്റെ ഇടം പിടിക്കാനാണ് ഇത്തരക്കാര്‍ വരുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.

മതേതര കേരളത്തില്‍ ലീഗിന് ഒരു സ്ഥാനമുണ്ട്. വര്‍ഗീയതയും തീവ്രവാദവും ഞങ്ങളുടെ അജണ്ടയിലില്ലത്തതാണ്. ഉയർന്നുവരുന്ന വര്‍ഗീയ ചേരിതിരിവിനെതിരെ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അതിന് തടയിടാന്‍ സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. വര്‍ഗീയ ചേരിതിരിവ് കേരളത്തില്‍ ഉണ്ടാകാന്‍ പാടുളളതല്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

കോൺ​ഗ്രസിനെ മുസ്ലിം ലീ​ഗ് തളളിപ്പറയുകയാണെങ്കിൽ അവരെ ഇടതു മുന്നണിയിലേക്ക് സ്വീകരിക്കാൻ തയ്യാറാണെന്ന് പുതിയ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞിരുന്നു. പ്രതീക്ഷിക്കാത്ത പലരും എല്‍ഡിഎഫിലേക്ക് വരുമെന്നും ഇപി ജയരാജൻ പ്രതികരിച്ചു. ഇടതുമുന്നണി ഇനിയും വിപുലീകരിക്കുമെന്ന് പറഞ്ഞ ജയരാജൻ പിജെ കുര്യൻ, മാണി സി കാപ്പൻ എന്നിവരേയും എൽഡിഎഫിലേക്ക് സ്വാ​ഗതം ചെയ്തു. എസ്ഡിപിഐ വോട്ട് സംബന്ധിച്ചും നിലപാട് വ്യക്തമാക്കുന്നുണ്ട് ഇപി ജയരാജൻ. എസ്ഡിപിഐ വോട്ട് വേണമോ വേണ്ടയോ എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. അത് തെരഞ്ഞെടുപ്പ് കാലത്ത് എടുക്കേണ്ട തീരുമാനമാണെന്നും ഇപി ജയരാജൻ പറഞ്ഞു. ഏഷ്യനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

STORY HIGHLIGHTS: Muslim League leader Kunhalikutty said that The party would stand firm in the UDF and the change of front is not on the agenda

Next Story