Top

'ഗവര്‍ണറുടെ നടപടിയില്‍ സഹതപിക്കാനേ കഴിയു'; പല്ലും നഖവും പറിച്ച് ലോകായുക്തയെ ഉപദേശക സമിതിയാക്കിയെന്ന് കുഞ്ഞാലിക്കുട്ടി

സിപിഐയുടെ എതിര്‍പ്പ് ആത്മാര്‍ത്ഥമാണെങ്കില്‍ നിയമസഭയിലാണ് പ്രകടിപ്പിക്കേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

7 Feb 2022 9:57 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണറുടെ നടപടിയില്‍ സഹതപിക്കാനേ കഴിയു; പല്ലും നഖവും പറിച്ച് ലോകായുക്തയെ ഉപദേശക സമിതിയാക്കിയെന്ന് കുഞ്ഞാലിക്കുട്ടി
X

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനെന്‍സില്‍ ഒപ്പുവെച്ച ഗവര്‍ണറുടെ നടപടിയില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ പികെ കുഞ്ഞാലിക്കുട്ടി. ലോകായുക്തയില്‍ വര്‍ഷങ്ങള്‍ നമ്മള്‍ പിറകോട്ട് പോയെന്നും പല്ലും നഖവും പറിച്ചു കളഞ്ഞു ലോകായുക്തയെ ഉപദേശക സമിതിയാക്കി മാറ്റിയെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. ഗവര്‍ണര്‍ കേന്ദ്ര പ്രതിനിധിയാണെന്ന് ഓര്‍മ്മപ്പെടുത്തിയ അദ്ദേഹം ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് യാതൊരു സംശയവും ഉണ്ടായില്ലെന്നും പ്രതികരിച്ചു.

ഓര്‍ഡിനെന്‍സില്‍ ഒപ്പുവെച്ച ഗവര്‍ണറുടെ നടപടിയില്‍ സഹതപിക്കാനേ കഴിയൂ എന്നും കുഞ്ഞാലികുട്ടി അഭിപ്രായപ്പെട്ടു. സിപിഐയുടെ എതിര്‍പ്പ് ആത്മാര്‍ത്ഥമാണെങ്കില്‍ നിയമസഭയിലാണ് പ്രകടിപ്പിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത സംവിധാനം കൊണ്ട് ഇനി വലിയ കാര്യമില്ല. യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ ലോകായുക്തക്ക് അധികാരം തിരിച്ചു നല്‍കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

ഗവര്‍ണര്‍ ഒപ്പുവെച്ചത് സ്വന്തം സ്റ്റാഫില്‍ ബിജെപിക്കാരനെ നിയമിക്കാന്‍ വേണ്ടിയാണെന്ന വിമര്‍ശനവുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. അതിന് വേണ്ടി മുമ്പ് പറഞ്ഞതൊക്കെ ഗവര്‍ണര്‍ വിഴുങ്ങുകയാണ് ചെയ്തതെന്നും ഗവര്‍ണര്‍ ഉന്നയിച്ച പ്രസക്തമായ ഭാഗങ്ങള്‍ ആവിയായോ എന്നും ചെന്നിത്തല ചോദിച്ചു. ഇതൊരു കറുത്ത ഓര്‍ഡിനന്‍സാണ്. ഓര്‍ഡിനന്‍സ് കൊണ്ടുവരാനുളള അടിയന്തിര സാഹചര്യം സിപിഐഎമ്മിന് ഘടക കക്ഷികളെ പോലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. എന്താണ് ഇത്ര തിടുക്കമെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം ചോദിക്കുന്നത്. കാനത്തിന്റെ പ്രതികരണത്തോട് താന്‍ യോജിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അഴിമതിയെ ചോദ്യം ചെയ്യാനുളള അവസരം ഇനിയുണ്ടാകില്ല. തനിക്കെതിരായ കേസ് പരിഗണനയിലുളളത്‌കൊണ്ടാണ് മുഖ്യമന്ത്രി ഇതിന് ചുക്കാന്‍ പിടിച്ചത്. കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദിയും ഇത് തന്നെയാണ് ചെയ്തത്. മോദി സര്‍ക്കാര്‍ പിസി ആക്ട് ഭേദഗതി ചെയ്തു. ദേശീയ തലത്തില്‍ അഴിമതിക്കെതിരെ സംസാരിക്കുന്ന സിപിഐഎം കേന്ദ്ര നേതൃത്വം ഇതിന് മറുപടി പറയണം. ഓര്‍ഡിനന്‍സ് പാസാക്കിയതില്‍ മുന്‍ മുഖ്യമന്ത്രി നായനാരുടെയും മുന്‍ നിയമമന്ത്രി ചന്ദ്രശേഖരന്‍ നായരുടെയും ആത്മാവ് പൊറുക്കില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു.

ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലിന്റെ ഭാഗമായാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചതെന്നായിരുന്നു വിഷയത്തില്‍ പ്രതികരിച്ച വി ഡി സതീശന്‍ പറഞ്ഞത്. അഴിമതിക്ക് വെള്ളവും വളവും കൊടുക്കുന്ന മുഖ്യമന്ത്രിയായി പിണറായി സര്‍ക്കാര്‍ മാറിയെന്നും മുഖ്യമന്ത്രിക്കെതിരേയുളള കേസില്‍ ലോകായുക്ത കുരയ്ക്കുക മാത്രമെ ചെയ്യുകയൊളളു കടിക്കുകയില്ലായെന്ന് അദ്ദേഹം ഉറപ്പുവരുത്തിയിട്ടുണ്ടെന്നും സതീശന്‍ ആരോപിച്ചിരുന്നു.

മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ക്കണ്ട് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനുളള കാര്യങ്ങള്‍ ഇന്നലെ വിശദീകരിച്ചിരുന്നു. നിലവിലെ ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭരണഘടനാ വിരുദ്ധമെന്നതും ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ ഉണ്ടായ സാഹചര്യം കൂടിക്കാഴ്ച്ചയില്‍ മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചിരുന്നു. തുടര്‍ന്ന് വിശദാംശങ്ങള്‍ പരിഗണിച്ച ശേഷമാണ് ഗവര്‍ണര്‍ ഇന്ന് ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ചത്. ഇനി മന്ത്രിസഭാ യോഗത്തില്‍ നിയമസഭ വിളിച്ചു ചേര്‍ക്കാനാകും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുള്ള അടുത്ത നീക്കം.

Next Story