Top

'പാർട്ടിക്കുളളിലെ ക്രൈസിസ് മാനേജര്‍'; പ്രവര്‍ത്തന ശൈലി കൊണ്ട് മാതൃക തീര്‍ത്ത സൗമ്യഭാവനായിരുന്നു കോടിയേരിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി

2 Oct 2022 12:53 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പാർട്ടിക്കുളളിലെ ക്രൈസിസ് മാനേജര്‍; പ്രവര്‍ത്തന ശൈലി കൊണ്ട് മാതൃക തീര്‍ത്ത സൗമ്യഭാവനായിരുന്നു കോടിയേരിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി
X

തിരുവനന്തപുരം: സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ധാര്‍ഷ്ട്യങ്ങളില്ലാത്ത, സമര്‍ഥനായ രാഷ്ട്രീയക്കാരന്‍ എന്ന് ഒറ്റശ്വാസത്തില്‍ പറയാവുന്ന അപൂര്‍വം നേതാക്കളിലൊരാളാണ് കോടിയേരി ബാലകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. മറ്റു സിപിഐഎം നേതാക്കളെ പോലെ ശ്രോതാക്കളെ പിടിച്ചിരുത്തുന്ന തുളച്ചുകയറുന്ന പ്രസംഗപാടവമോ കടുംവെട്ട് നയമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ വഴി. പകരം സമവായമായിരുന്നു. പാര്‍ട്ടി സര്‍ക്കിളുകളില്‍ പോലും ക്രൈസിസ് മാനേജര്‍ എന്ന നിലയിലാണ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.

'ഭരണ പക്ഷത്തായിരുന്നപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും സുഹൃത്തുക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ആര്‍ക്കും എപ്പോഴും പ്രബ്യമായ വളരെ ലളിതമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതയും. മന്ത്രിയായിരിക്കുന്ന സമയത്ത് പ്രത്യേകിച്ചും ആ ലാളിത്യം ശരിക്കും അനുഭവിക്കാന്‍ സാധിക്കുമായിരുന്നു. സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന സമയത്ത്, പാര്‍ട്ടിയ്ക്കുള്ളിലും മുന്നണിയിലുമുണ്ടായ തര്‍ക്കങ്ങളും അസ്വസ്ഥതകളും പരിഹരിക്കാന്‍ മറ്റാര്‍ക്കും സാധിക്കാതിരുന്നപ്പോഴും പുഞ്ചിരിയിലൂടെ പ്രശ്‌ന പരിഹാരത്തിന് കോടിയേരിക്കായിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ഇത്രമേല്‍ ബന്ധം പുലര്‍ത്തിയ സിപിഐഎം നേതാക്കള്‍ അപൂര്‍വമാണ്,' പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പി കെ കുഞ്ഞാലിക്കുട്ടിയുടെ വാക്കുകൾ:

''കോടിയേരിയുടെ വിയോഗം ദു:ഖകരമാണ്. കുറച്ചുകാലമായി അദ്ദേഹം അസുഖ ബാധിതനായിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച ഘട്ടത്തില്‍ തന്നെ അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു. എങ്കിലും ഇത്രയും പെട്ടെന്ന വിയോഗമുണ്ടാകുമെന്ന് ഒരിക്കലും നിനച്ചിരുന്നില്ല. കണ്ണൂരിലെ വിദ്യാര്‍ത്ഥി രാഷ്ട്രീയ കാലത്തു തന്നെ കോടിയേരിയുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇരുപാര്‍ട്ടികളിലായിരുന്നുവെങ്കിലും ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. ഭരണ പക്ഷത്തായിരുന്നപ്പോഴും പ്രതിപക്ഷത്തായിരുന്നപ്പോഴും സുഹൃത്തുക്കള്‍ എന്ന നിലക്ക് ഞങ്ങള്‍ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. ആര്‍ക്കും എപ്പോഴും പ്രബ്യമായ വളരെ ലളിതമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. അതു തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകതയും. മന്ത്രിയായിരിക്കുന്ന സമയത്ത് പ്രത്യേകിച്ചും ആലാളിത്യം ശരിക്കും അനുഭവിക്കാന്‍ സാധിക്കുമായിരുന്നു. ഏതു സാധാരണക്കാരനും നേരിട്ട് അദ്ദേഹത്തെ ബന്ധപ്പെടാന്‍ സാധിക്കുമായിരുന്നു. വി.എസ് സര്‍ക്കാറിന്റെ കാലത്ത് സര്‍ക്കാറുമായി നിരന്തരം പോരാട്ടത്തിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ട്. അന്നത്തെ മന്ത്രി സഭയിലെ രണ്ടാമനെന്ന നിലയില്‍ സ്വാഭാവികമായും കോടിയേരിയുമായും പല തവണ വാഗ്വാദങ്ങളിലേര്‍പ്പെടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ആ പോര്‍വിളികള്‍ക്കിടയിലും വ്യക്തിപരമായ ഒരു ഏറ്റുമുട്ടലിലേക്ക് അതൊന്നും പോയില്ല. ആശയപരമായി ശക്തമായ എതിര്‍പ്പുകള്‍ ഉന്നയിക്കുമ്പോഴും വ്യക്തിപരമായി ഒരു മുറിവുമേല്‍പ്പിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. 2011ലെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഒരു അംഗത്തിന്റെ മുന്‍തൂക്കമേ യു.ഡി.എഫിനുണ്ടായിരുന്നുള്ളൂ. ആ സമയത്ത് കോടിയേരി പ്രതിപക്ഷ ഉപനേതാവാണ്. മന്ത്രിയായിരുന്ന ഞാന്‍ നടത്തിയ പ്രസംഗം വിവാദത്തിന് വഴിവെച്ചു. ഞങ്ങള്‍ ഓടിളക്കി ഇറങ്ങി വന്നവരൊന്നുമല്ല എന്ന് കോടിയേരി മനസ്സിലാക്കണം എന്നുവരെ ഞാന്‍ പറഞ്ഞുവെച്ചു. സംഭവം കഴിഞ്ഞ് സഭക്കു പുറത്തിറങ്ങിയപ്പോള്‍ ചുമലിലൂടെ ഒരു കൈ എന്റെ ശരീരത്തിലേക്കിറങ്ങിവന്നത് ഞാനിപ്പോഴും ഓര്‍ക്കുകയാണ്. അതു കോടിയേരിയായിരുന്നു. സൗഹൃദത്തിന് അത്രമേല്‍ വലിയ പ്രാധാന്യമാണ് നല്‍കിയത്. സംസ്ഥാനത്ത് സി.പി.എം പ്രതിസന്ധിയിലകപ്പെട്ട ഘട്ടങ്ങളിലെല്ലാം പാര്‍ട്ടിക്ക് രക്ഷകന്റെ റോളില്‍ കോടിയേരിയുണ്ടായിരുന്നു. പ്രവര്‍ത്തന ശൈലി കൊണ്ടും ജീവത ശൈലികൊണ്ടും സി.പി.എമ്മുകാര്‍ക്കു എപ്പോഴും മാതൃക തീര്‍ത്ത സൗമ്യഭാവനായിരുന്നു അദ്ദേഹം. ധാര്‍ഷ്ട്യങ്ങളില്ലാത്ത, സമര്‍ഥനായ രാഷ്ട്രീയക്കാരന്‍ എന്ന് ഒറ്റശ്വാസത്തില്‍ പറയാവുന്ന അപൂര്‍വം നേതാക്കളിലൊരാള്‍. പ്രതിസന്ധികളെ, അത് രാഷ്ട്രീയപരമാണെങ്കിലും വ്യക്തിപരമാണെങ്കിലും തന്മയത്വത്തോടെ കൈകാര്യംചെയ്യാന്‍ കോടിയേരിക്ക് തനതായ ശൈലിയുണ്ടായിരുന്നു. സാധാരണഗതിയില്‍ സിപിഎം നേതാക്കള്‍ക്കു മേല്‍ ആരോപിക്കപ്പെടുന്ന ഗൗരവമോ ധാര്‍ഷ്ട്യമോ കോടിയേരിയില്‍ ഒരുകാലത്തും പ്രകടമായിരുന്നില്ല. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ സജീവരാഷ്ട്രീയത്തിലെത്തിയ കോടിയേരി, പിന്നീട് പാര്‍ട്ടിയുടെ ഉന്നതസ്ഥാനങ്ങളിലും പാര്‍ലമെന്ററി പദങ്ങളിലും എത്തിച്ചേര്‍ന്നത് സ്വപ്രയത്‌നം കൊണ്ട് മാത്രമാണ്. മറ്റു സി.പി.എം നേതാക്കളെ പോലെ ശ്രോതാക്കളെ പിടിച്ചിരുത്തുന്ന തുളച്ചുകയറുന്ന പ്രസംഗപാടവമോ കടുംവെട്ട് നയമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ വഴി. പകരം സമവായമായിരുന്നു. പാര്‍ട്ടി സര്‍ക്കിളുകളില്‍ പോലും ക്രൈസിസ് മാനേജര്‍ എന്ന നിലയിലാണ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. സംസ്ഥാന സെക്രട്ടറി സ്ഥാനം വഹിച്ചിരുന്ന സമയത്ത്, പാര്‍ട്ടിയ്ക്കുള്ളിലും മുന്നണിയിലുമുണ്ടായ തര്‍ക്കങ്ങളും അസ്വസ്ഥതകളും പരിഹരിക്കാന്‍ മറ്റാര്‍ക്കും സാധിക്കാതിരുന്നപ്പോഴും പുഞ്ചിരിയിലൂടെ പ്രശ്‌ന പരിഹാരത്തിന് കോടിയേരിക്കായിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി ഇത്രമേല്‍ ബന്ധം പുലര്‍ത്തിയ സി.പി.എം നേതാക്കള്‍ അപൂര്‍വമാണ്.''

STORY HIGHLIGHTS: pk kunhalikutty condolences Kodiyeri Balakrishnan

Next Story