Top

'വിചാരധാര നടപ്പാക്കണം, ഭരണഘടനയില്‍ ഇനിയും ഭേദഗതികള്‍ പ്രതീക്ഷിക്കാം'; ഭരണഘടനയില്‍ തെറ്റുകളുണ്ടെന്ന് പി കെ കൃഷ്ണദാസ്

സിവില്‍ നിയമങ്ങളില്‍ മതപരമായ നിയമങ്ങള്‍ അനുവദിക്കുന്നതും മതേതരവിരുദ്ധമാണ്. ഏക സിവില്‍ കോഡാണ് മതേതരത്വം.

10 July 2022 7:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിചാരധാര നടപ്പാക്കണം, ഭരണഘടനയില്‍ ഇനിയും ഭേദഗതികള്‍ പ്രതീക്ഷിക്കാം; ഭരണഘടനയില്‍ തെറ്റുകളുണ്ടെന്ന് പി കെ കൃഷ്ണദാസ്
X

കൊച്ചി: ഭരണഘടനയേക്കുറിച്ച് ഗുരുതര പരാമര്‍ശങ്ങളുമായി ബിജെപി ദേശീയ ഭാരവാഹി സമിതിയംഗം പി കെ കൃഷ്ണദാസ്. ഇന്ത്യന്‍ ഭരണഘടന ഭാര്‍തീയവല്‍ക്കരിക്കണമെന്ന കാര്യത്തില്‍ സംശയം വേണ്ടെന്ന് ബിജെപി നേതാവ് പറഞ്ഞു. ഭരണഘടനയുടെ ഉള്ളടക്കത്തില്‍ ധാരാളം കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും ആവശ്യമുണ്ട്. പാശ്ചാത്യമായി കടന്നുകൂടിയ ചില സങ്കല്‍പങ്ങള്‍ ഒഴിവാക്കേണ്ടതുണ്ട്. കശ്മീരിനുള്ള പദവി എടുത്തുമാറ്റിയത് ഗുരുജി ഗോള്‍വാള്‍ക്കറുടെ ആശയഗതിയനുസരിച്ചാണെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു.

'വിചാരധാര പറഞ്ഞുവെച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭേദഗതികള്‍ ഇനിയും പ്രതീക്ഷിക്കാം. വികലമായ മതേതര സങ്കല്‍പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത്. സര്‍ക്കാര്‍ മതകാര്യങ്ങളിലോ മതങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങളിലോ ഇടപെടാന്‍ പാടില്ല എന്നതാണ് യഥാര്‍ഥ മതേതരത്വം എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഭരണകൂടങ്ങള്‍ മതകാര്യങ്ങളില്‍ ഇടപെടുകയും മതാധിഷ്ഠിതമായി സംവരണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇതുമാറണം. സിവില്‍ നിയമങ്ങളില്‍ മതപരമായ നിയമങ്ങള്‍ അനുവദിക്കുന്നതും മതേതരവിരുദ്ധമാണ്. ഏക സിവില്‍ കോഡാണ് മതേതരത്വം.,' ഭരണഘടനയെ വിമര്‍ശിക്കുന്ന കുറിപ്പില്‍ ബിജെപി ദേശീയ നേതാവ് ആരോപിക്കുന്നു.

ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറലിസം, സോഷ്യലിസം എന്നീ ആശയങ്ങളേയും പി കെ കൃഷ്ദാസ് എതിര്‍ത്തു. 'ഇന്ത്യ എന്നാല്‍ യൂണിയന്‍ സ്റ്റേറ്റ് എന്ന ഭരണഘടനയുടെ പ്രഖ്യാപനവും തെറ്റാണ്. ഇന്ത്യ സംസ്ഥാനങ്ങളുടെ യൂണിയന്‍ അല്ല, മറിച്ച് ആസേതുഹിമാചലം ഒറ്റ രാഷ്ട്രമാണ്. പാശ്ചാത്യസങ്കല്‍പമായ സോഷ്യലിസം ഇന്ത്യക്ക് യോജിച്ചതല്ല. ഗാന്ധിജിയുടെ സര്‍വ്വോദയയും ദീന്‍ ദയാല്‍ ഉപാധ്യായയുടെ അന്ത്യോദയയുമാണ് നമ്മുടെ സാമൂഹ്യനീതി സങ്കല്‍പം. അടിസ്ഥാനപരമായ ഒട്ടനവധി കാര്യങ്ങളില്‍ ഭേദഗതികല്‍ വരുത്തണം,' ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താതെയുള്ള കാലാനുസൃതമായ ഭേദഗതികള്‍ അനിവാര്യമാണെന്നും പി കെ കൃഷ്ണദാസ് കൂട്ടിച്ചേര്‍ത്തു.

STORY HIGHLIGHTS: PK Krishnadas Says that There are Mistakes in the Constitution

Next Story

Popular Stories