Top

'ഒരു സീറ്റുമില്ലാഞ്ഞിട്ടും കേരളത്തിൽ ബിജെപി ഹാപ്പിയായിരിക്കാൻ കാരണമിത്'; പൊലീസ് സർക്കുലറിൽ പികെ ഫിറോസ്

15 Jun 2022 6:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരു സീറ്റുമില്ലാഞ്ഞിട്ടും കേരളത്തിൽ ബിജെപി ഹാപ്പിയായിരിക്കാൻ കാരണമിത്; പൊലീസ് സർക്കുലറിൽ പികെ ഫിറോസ്
X

കോഴിക്കോട്: പ്രവാചക നിന്ദ വിവാദം നിലനിൽക്കുന്ന സാഹചര്യത്തിൽ പള്ളികളിലെ മത പ്രഭാഷണത്തിൽ വിദ്വേഷ പരാമർശം പാടില്ലെന്ന പൊലീസ് സർക്കുലറിനെതിരെ യൂത്ത് ലീ​ഗ് നേതാവ് പികെ ഫിറോസ്. സംഘപരിവാറിന് വേണ്ടിയാണ് കേരള പൊലീസ് പ്രവർത്തിക്കുന്നതെന്നും കേരളത്തിന്റെ ആഭ്യന്തര വകുപ്പ് സംഘപരിവാറിന്റെ കൈയ്യിലാണെന്നും പികെ ഫിറോസ് ആരോപിച്ചു. കേരളത്തിൽ ഒരു സീറ്റു പോലും ലഭിക്കാതിരുന്നിട്ടും ബിജെപി ഹാപ്പിയായിരിക്കാൻ കാരണമിതാണെന്നും പികെ ഫിറോസ് ആരോപിച്ചു.

പികെ ഫിറോസിന്റെ പ്രതികരണം,

ഇക്കഴിഞ്ഞ വെള്ളിയാഴ്ച ആലപ്പുഴയിലെ പള്ളിയിലായിരുന്നു ജുമാ നമസ്കാരത്തിൽ പങ്കെടുത്തിരുന്നത്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ടാണ് ഖത്തീബിന്റെ പ്രസംഗം. ഇത്തരം വിഷയങ്ങളെ വൈകാരികമായല്ല വിചാരപരമായാണ് സമീപിക്കേണ്ടത് എന്നാണ് ഖത്തീബിൻറെ ഉദ്ബോധനം. ഒരുവേള നിങ്ങളുടെ മുഷ്ടി ചുരുട്ടിയുള്ള മുദ്രാവാക്യം പോലും പ്രവാചകന് ആവശ്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. അത് പ്രവാചകൻ പഠിപ്പിച്ച മാതൃകയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവാചകനെതിരെയുള്ള വിമർശനങ്ങൾക്ക് വൈജ്ഞാനിക സംവാദത്തിലൂടെ മറുപടി നൽകണമെന്നതായിരുന്നു പ്രസംഗത്തിന്റെ സാരം. കേരളത്തിലെ എല്ലാ പള്ളികളിലെയും മിംബറുകളിൽ നിന്നുയർന്നതും വ്യത്യസ്തമാവാൻ തരമില്ല. കാരണം സാഹോദര്യത്തിന്റെ ആഹ്വാനങ്ങൾ അല്ലാതെ ഇക്കാലമത്രയും ഏതെങ്കിലും തരത്തിൽ അപരമത വിദ്വേഷമുണ്ടാക്കുന്ന മുനവെച്ച സംസാരമെങ്കിലും പള്ളി മിമ്പറുകളിൽ നിന്നുയർന്നത് ആരും കേട്ടിട്ടുണ്ടാവില്ല. എന്നിട്ടും, 'വർഗ്ഗീയ വിദ്വേഷ സംസാരങ്ങൾ' ഉണ്ടാവരുതെന്നു നോട്ടീസ് നൽകാൻ പോലീസിനുള്ള ധൈര്യം എന്നതിനപ്പുറത്ത് അവരെ നയിക്കുന്ന മനോഭാവം എന്താണ്?

ഒരു സീറ്റിൽ പോലും ജയിക്കാതിരുന്നിട്ടും കേരളത്തിൽ ബി.ജെ.പി ഹാപ്പിയാണ് എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ? ബോധപൂർവ്വമുള്ള ഈയൊരു മുൻവിധി കണ്ടില്ലേ? സംഘ് പരിവാർ ആഗ്രഹിക്കും വിധം നൃത്തമാടാൻ പോന്ന കലാ വൈഭവം ഇവിടുത്തെ പോലീസിനുണ്ട്. കേരളത്തിൽ ബിജെപി ജയിച്ചില്ലെന്നത് തികച്ചും സാങ്കേതികത്വം മാത്രമാണ്. കേരളാ ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന്റെ കയ്യിലാണ്. മുഖ്യമന്ത്രി പഠിക്കാൻ പറഞ്ഞയച്ചത് ഗുജറാത്ത് മോഡൽ മാത്രല്ല കൂട്ടത്തിൽ യു.പി മോഡലുമുണ്ട്.

വിവാദമായ സർക്കുലർ,

കണ്ണൂര്‍ ജില്ലയിലാണ് മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ക്ക് ജുമുഅ നമസ്‌കാരത്തിനുശേഷം നടക്കുന്ന പ്രഭാഷണങ്ങള്‍ നിയന്ത്രിക്കാന്‍ മുന്നറിയിപ്പുമായി പൊലീസ് നോട്ടീസ് നല്‍കിയത്. ജില്ലയിലെ മയ്യില്‍ പൊലിസ് സ്റ്റേഷനു കീഴിലുള്ള വിവിധ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ക്കാണു കഴിഞ്ഞ ദിവസം ഇന്‍സ്‌പെക്ടറുടെ സീല്‍ പതിച്ച നോട്ടീസ് ലഭിച്ചത്. പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തിലാണ് അറിയിപ്പെന്നാണ് നോട്ടീസിലുള്ളത്.

ജുമുഅ നമസ്‌കാരത്തിനുശേഷം നിലവിലുള്ള സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ള പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ല. അങ്ങനെ സംഭവിച്ചതായി വിവരം ലഭിച്ചാല്‍ അത്തരം വ്യക്തികളുടെ പേരില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.സംഭവത്തില്‍ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി. ക്രമസമാധാനം നിലനിര്‍ത്താനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ചില പള്ളികളില്‍ നോട്ടീസ് നല്‍കിയതെന്ന് മയ്യില്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ് പ്രതികരിച്ചു.

Story Highlight: PK Firoz about Kerala police controversial circular

Next Story