Top

'ഒന്നും ചെയ്യാനില്ലാത്ത കാലത്ത് കിനാവ് കണ്ടെങ്കിലും ജീവിതം ആസ്വദിക്കുക'; കെടി ജലീലിനോട് പികെ ഫിറോസ്

ഒന്നുകില്‍ ലീഗിനെ മതിയായ വിലയ്ക്ക് മറ്റാര്‍ക്കെങ്കിലും വില്‍ക്കണമെന്നും അതല്ലെങ്കില്‍ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവര്‍ക്ക് നടത്താന്‍ കൊടുക്കണമെന്നും കെ ടി ജലീല്‍ വിമര്‍ശിച്ചിരുന്നു.

18 July 2022 12:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒന്നും ചെയ്യാനില്ലാത്ത കാലത്ത് കിനാവ് കണ്ടെങ്കിലും ജീവിതം ആസ്വദിക്കുക; കെടി ജലീലിനോട് പികെ ഫിറോസ്
X

തിരുവനന്തപുരം: മുസ്ലിം ലീഗിനെതിരെ തവനൂര്‍ എംഎല്‍എ കെ ടി ജലീല്‍ നടത്തിയ വിമര്‍ശനത്തിന് മറുപടിയുമായി മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി കെ ഫിറോസ്. ഒന്നുകില്‍ ലീഗിനെ മതിയായ വിലയ്ക്ക് മറ്റാര്‍ക്കെങ്കിലും വില്‍ക്കണമെന്നും അതല്ലെങ്കില്‍ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവര്‍ക്ക് നടത്താന്‍ കൊടുക്കണമെന്നും കെ ടി ജലീല്‍ വിമര്‍ശിച്ചിരുന്നു.

സിപിഎമ്മിലെ വിഭാഗീയതയെ മുതലെടുത്ത വ്യക്തിയാണ് കെ ടി ജലീല്‍ എന്നാണ് പി കെ ഫിറോസിന്റെ ആരോപണം. മുസ്ലിം ലീഗില്‍ ഭിന്നതകള്‍ ഉണ്ടാകുമെന്ന് കാത്തിരിക്കുകയാണ് ജലീല്‍. അത്തരം സ്വപ്‌നങ്ങള്‍ കാണുന്നത് മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടി വന്നതിന്റെ അന്ധാളിപ്പ് മാറാത്തതിന്റെ ലക്ഷണമാണെന്നും പി കെ ഫിറോസ് ഫേസ്ബുക്കില്‍ കുറിച്ചു. വിഭാഗീയതയുണ്ടായാല്‍ അച്ചടക്ക നടപടി സ്വീകരിക്കുന്ന രീതിയാണ് ലീഗിനുള്ളത്. അല്ലാതെ ഇന്നോവ അയച്ചും 51 തവണ വെട്ടിയും ജീവിതം തന്നെ അവസാനിപ്പിക്കേണ്ട ഗതികേട് ലീഗില്‍ നിന്ന് പോയവര്‍ക്കുണ്ടാകില്ല. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണ് കെ ടി ജലീല്‍ എന്നും പി കെ ഫിറോസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

'പിണറായിയും വി.എസ്സും കണ്ടാല്‍ മിണ്ടാത്ത, കാണുമെന്ന് തോന്നിയാല്‍ തിരിഞ്ഞു നടക്കുന്ന സി.പി.എമ്മിലെ കടുത്ത വിഭാഗീയതയുടെ കാലത്ത് അതില്‍ എരിവും പുളിയും കയ്പ്പുമെല്ലാം പുരട്ടി പിണറായിയുടെ കൂടെയാണെന്ന് തോന്നലുണ്ടാക്കിയ ആളാണ് കെ.ടി ജലീല്‍. ലീഗില്‍ നിന്ന സമയത്ത് കേട്ട സമദാനി സാഹിബിന്റെ 'ബക്കറ്റിലെ വെള്ളം' ഉപമയുള്ള പ്രസംഗം അതുപോലെ പകര്‍ത്തിയെടുത്ത് പിണറായിക്ക് നല്‍കി ശംഖുമുഖം കടപ്പുറത്ത് വി.എസ്സിനെതിരെ പ്രസംഗിപ്പിച്ച ജലീല്‍, രണ്ടുപേരെയും പോളിറ്റ് ബ്യൂറോ പുറത്തിട്ടപ്പോള്‍ അപ്പുറത്ത് മാറിനിന്ന് കുലുങ്ങിച്ചിരിച്ചു. ഇതുപോലെ ലീഗില്‍ ഉണ്ടാകുമോ എന്നാണ് ജലീല്‍ ഇടയ്ക്കിടെ നാവുനനച്ചു കാത്തിരിക്കുന്നത്. അനവസരത്തിലൊക്കെ എടുത്തുപയറ്റിയ വേദവാക്യങ്ങളും പഴംചൊല്ലുകളും കവിതാ ശകലങ്ങളും മന്ത്രിസ്ഥാനം സംരക്ഷിക്കാന്‍ പര്യാപ്തമാവാതെ രാജിവെക്കേണ്ടി വന്നതിന്റെ കെറുവും അന്ധാളിപ്പും ഇതുവരെ വിട്ടുപോകാത്തതിന്റെ ലക്ഷണമാണ് ഇടയ്ക്കിടെ കാണുന്ന ഈ വൃഥാസ്വപ്നങ്ങള്‍.

പടിഞ്ഞിരിക്കാന്‍ വരാന്തയെങ്കിലും സമ്മാനിച്ച എ.കെ.ജി സെന്ററിലും പുറത്ത് സ്വന്തം സമുദായത്തിനിടയിലും ജലീല്‍ നടത്തിയ വിഭാഗീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ ചെറുതല്ല. ഇതില്‍ മനംനൊന്ത് ഈ മുന്‍ മന്ത്രി ഭാരതപ്പുഴയില്‍ പാപമോചന സ്നാനം ചെയ്താല്‍ ആ പുഴവെള്ളത്തിലും വെറുപ്പിന്റെ വിഷം കലരും എന്നത് മാത്രമാണ് മിച്ചം.

സംഘടനാപരമായി ലീഗിന്റെ രീതി അച്ചടക്ക നടപടി കൈക്കൊള്ളലാണ്. അല്ലാതെ ഇന്നോവ അയച്ചും 51 തവണ വെട്ടിയും ജീവിതം തന്നെ അവസാനിപ്പിക്കേണ്ട ഗതികേട് ഈ പാര്‍ട്ടിയില്‍ നിന്നു പോയവര്‍ക്കുണ്ടാകില്ല. അതിന്റെ ജീവിക്കുന്ന ഉദാഹരണമാണല്ലോ താങ്കള്‍. വിഭാഗീയതകള്‍ക്കൊടുവില്‍ ടി.പിയെ സിപിഎം കൊന്നശേഷം, അത് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ തോല്‍പ്പിക്കാന്‍ യുഡിഫ് നടത്തിയ കൊലപാതകമാണെന്ന് താങ്കള്‍ പ്രസംഗിച്ച പോലെ ന്യായീകരിക്കാനും ഒരു ലീഗ് നേതാവിനും അവസരമുണ്ടാകില്ല.

ലീഗിനെതിരായ അങ്ങയുടെ പകല്‍ക്കിനാവുകള്‍ക്ക് ആശംസകള്‍.

ഒന്നും ചെയ്യാനില്ലാത്ത കാലത്ത് കിനാവ് കണ്ടെങ്കിലും ജീവിതം ആസ്വദിക്കുക.'

മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ മുസ്ലിം ലീഗിനെതിരെ കടുത്ത വിമര്‍ശനവുമായി കെ ടി ജലീല്‍ രംഗത്ത് വന്നിരുന്നു. മുത്തിന് വില്‍ക്കാന്‍ കഴിയുന്ന സമയത്ത് അത് ചെയ്തില്ലെങ്കില്‍ മുത്താറിക്ക് പോലും ആരും വാങ്ങില്ലെന്നാണ് അദ്ദേഹം പരിഹസിച്ചത്. ഒന്നുകില്‍ പാര്‍ട്ടിയെ മതിയായ വിലയ്ക്ക് മറ്റാര്‍ക്കെങ്കിലും വില്‍ക്കണമെന്നും അതല്ലെങ്കില്‍ അഞ്ചു കൊല്ലത്തേക്ക് പ്രാപ്തിയും ശേഷിയുമുള്ളവര്‍ക്ക് നടത്താന്‍ കൊടുക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

മുസ്ലിം ലീഗിനെതിരെ അടുത്ത കാലത്ത് ഉയര്‍ന്ന ആരോപണങ്ങള്‍ എണ്ണപ്പറഞ്ഞായിരുന്നു കെ ടി ജലീലിന്റെ വിമര്‍ശനം. പാര്‍ട്ടി യോഗത്തില്‍ ഇരുവിഭാങ്ങളായി ആരോപണ പ്രത്യാരോപണങ്ങള്‍ ഉയര്‍ന്നതും അത് ഒരു വിഭാഗം മാറി നിന്ന് മനസ്സില്‍ കയ്യടിക്കുകയും എല്ലാം കണ്ട് ഊറിച്ചിരിക്കുകയും ചെയ്തുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കെ എം ഷാജിക്കെതിരായ കൈക്കൂലി ആരോപണവും അതിന്മേല്‍ ഇഡി നടപടികളും കെ ടി ജലീല്‍ ചൂണ്ടിക്കാട്ടി. മുതിര്‍ന്നവരെ കണ്ട് യൂവ നേതാക്കളും അഴിമതിയുടേയും അനധികൃത ധനസമ്പാദനത്തിന് പിന്നാലെ പോകുന്നതായും കെ ടി ജലീല്‍ ആരോപിച്ചു.

Story Highlights: P K Firos reacts to K T Jaleel's remarks on Muslim League

Next Story