Top

'ചന്ദ്രിക'യിലെ പ്രതിസന്ധി തീര്‍ക്കാന്‍ ലീഗിനറിയാമെന്ന് റബ്ബ്; 'പാണക്കാട് മാത്രമല്ല, ചന്ദ്രികയിലും മേസ്തിരിമാരെ വച്ചിട്ടില്ല'

''ചന്ദ്രിക പൂട്ടുന്നേ എന്നു പറഞ്ഞ് ബിരിയാണിച്ചെമ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ചിലരുടെ ശ്രമം.''

9 Jun 2022 10:08 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചന്ദ്രികയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ലീഗിനറിയാമെന്ന് റബ്ബ്; പാണക്കാട് മാത്രമല്ല, ചന്ദ്രികയിലും മേസ്തിരിമാരെ വച്ചിട്ടില്ല
X

ചന്ദ്രികയിലെ പ്രതിസന്ധി തീര്‍ക്കാന്‍ മുസ്ലീംലീഗ് നേതാക്കള്‍ക്കറിയാമെന്ന് പികെ അബ്ദുറബ്ബ്. സ്വപ്‌ന സുരേഷിന്റെ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണ് ചന്ദ്രിക പൂട്ടുന്നത് സംബന്ധിച്ച ചര്‍ച്ചകളെന്ന് റബ്ബ് പറഞ്ഞു. ലീഗ് പിറവി കൊള്ളും മുമ്പുണ്ടായ പത്രമാണ് ചന്ദ്രിക. ആ ചന്ദ്രികക്ക് ഇത്ര കാലം ജീവനുണ്ടായിരുന്നെങ്കില്‍ പ്രസ്ഥാനത്തിന്റെ അവസാനശ്വാസം വരെ ആ ചന്ദ്രികക്കും ജീവനുണ്ടാകുമെന്ന് അബ്ദുറബ്ബ് പറഞ്ഞു.

പികെ അബ്ദുറബ്ബിന്റെ വാക്കുകള്‍: വിളമ്പാന്‍ നേരത്താണ് ബിരിയാണി കരിഞ്ഞിട്ടുണ്ടെന്ന കാര്യം പണ്ടാരി അറിയുന്നത്. എന്തു ചെയ്യും, ഒന്നും ചെയ്യാനില്ല, ഒരു നിവൃത്തിയുമില്ലെന്നു കണ്ട ആ പണ്ടാരി നേരെ അടുത്തു കണ്ട കിണറ്റില്‍ ചെന്നു ചാടി, കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടതോടെ കല്യാണത്തിനു വന്ന ആളുകള്‍ മുഴുവനും ആ കിണറ്റിനു ചുറ്റും വട്ടം കൂടി. പണ്ടാരിയെ രക്ഷിക്കാനായി ആളുകള്‍ കയറിട്ടു കൊടുക്കുന്നു. ചിലര്‍ കിണറ്റിലേക്ക് ഇറങ്ങുന്നു. ചിലര്‍ ഫയര്‍ഫോഴ്‌സിനെ വിളിക്കുന്നു...

'ഹേയ് ഫയര്‍ഫോഴ്‌സിനെയൊക്കെ വിളിക്കാന്‍ വരട്ടെ, ഞാനെങ്ങനെയെങ്കിലും കയറിക്കോളാം, നിങ്ങളാ ബിരിയാണി ചെമ്പ് നോക്കിക്കോളിം' കിണറ്റിനടിയില്‍ നിന്നും പണ്ടാരി ഇങ്ങനെ ഉച്ഛത്തില്‍ വിളിച്ചു പറഞ്ഞപ്പോഴാണ് ബിരിയാണിച്ചെമ്പിന്റെ കാര്യം ആളുകള്‍ ഓര്‍ത്തത്, കുറച്ചു പേര്‍ അങ്ങോട്ടും ഓടി. ബിരിയാണി കരിഞ്ഞു പോയതില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള പണ്ടാരിയുടെ തന്ത്രം ഫലിച്ചു. ഇനി 'ബിരിയാണി കരിഞ്ഞല്ലോ' എന്നാരും പരാതിയും പറയില്ല, ആ ബിരിയാണി തന്നെ വിളമ്പുകയും ചെയ്യാം.

ഇതു പോലെ ചന്ദ്രിക പൂട്ടുന്നേ എന്നു പറഞ്ഞ് ബിരിയാണിച്ചെമ്പില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ചിലരുടെ ശ്രമം, 'തന്നെ തീര്‍ക്കാന്‍ നടക്കുന്ന നേരത്ത് ചന്ദ്രികയെ നോക്കിക്കോളിം' എന്നാണ് ഉപദേശം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പിറവി കൊള്ളും മുമ്പുണ്ടായ പത്രമാണ് ചന്ദ്രിക, ആ ചന്ദ്രികക്ക് ഇത്ര കാലം ജീവനുണ്ടായിരുന്നെങ്കില്‍, മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെ അവസാനശ്വാസം വരെ ആ ചന്ദ്രികക്കും ജീവനുണ്ടാകും. ബിരിയാണി കരിഞ്ഞപ്പോള്‍ പണ്ടാരി പണിഞ്ഞ സൂത്രം ഇവിടെ നടക്കില്ല, ക്ലിഫ് ഹൗസിലെത്തിയ ബിരിയാണിച്ചെമ്പിന്റെ കഥ ജനമറിയട്ടെ. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ.

ചന്ദ്രികയിലെ പ്രതിസന്ധി തീര്‍ക്കാന്‍ ഞങ്ങളുടെ നേതാക്കന്‍മാര്‍ക്കറിയാം, പാണക്കാട് മാത്രമല്ല, ചന്ദ്രികയിലും ഞങ്ങള്‍ മേസ്തിരിമാരെ വെച്ചിട്ടില്ല. കൂടെക്കൂടുന്നവര്‍ക്കൊക്കെ ശല്യമാണെന്ന് കരുതി, മൂട്ടയെ കൊല്ലാന്‍ ഞങ്ങള്‍ പീരങ്കിയെടുക്കാറുമില്ല.

Next Story