Top

'ഐഎഎസ് ഉദ്യോ​ഗസ്ഥനെന്ന പരി​ഗണന നൽകിയില്ല, ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്'; ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിൽ പി കെ അബ്ദുറബ്ബ്

തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു, ഇത് എന്തൊരു ശിക്ഷയാണ്.

24 July 2022 12:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎഎസ് ഉദ്യോ​ഗസ്ഥനെന്ന പരി​ഗണന നൽകിയില്ല, ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്ക്; ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിച്ചതിൽ പി കെ അബ്ദുറബ്ബ്
X

മലപ്പുറം: ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായിരുന്ന ദേവിക്കുളം മുൻ കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചതില്‍ വിമര്‍ശിച്ച് മുസ്ലിം ലീ​ഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി കെ അബ്ദുറബ്ബ്. സിറാജ് ദിനപത്രത്തിൻ്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ കുറ്റാരോപണ വിധേയനായ ശ്രീറാമിനെ വീണ്ടും കളക്ടറാക്കി നിയമിച്ചതാണ് വിമർശനത്തിന് കാരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അബ്ദുറബ്ബിന്റെ പ്രതികരണം.

ശ്രീറാം വെങ്കിട്ടരാമനെ സർവീസിൽ തിരിച്ചെടുത്തിട്ട് നാളേറെയായി. ബഷീർ കൊല്ലപ്പെട്ടിട്ട് ഈ ആ​ഗസറ്റിൽ മൂന്ന് കൊല്ലം തികയുമ്പോൾ ആരോപണവിധേയനെ വീണ്ടും കളക്ടറായി തിരുവനന്തപുരത്ത് നിന്നും 150 കിലോമീറ്റർ അകലെ ആലപ്പുഴയിലേക്ക് നാടു കടത്തിയിരിക്കുന്നു. ഇത് എന്തൊരു ശിക്ഷയാണ്. കെ എം ബഷീർ കൊല്ലപ്പെട്ട ദിവസം മുൻ വൈദ്യുത മന്ത്രി എംഎം മണി ഫേസ്ബുക്കിൽ പറഞ്ഞതാണ് ശരി. ഐഎഎസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നൽകിയില്ല, ഓടിച്ചു വിട്ടു അങ്ങകലെ ആലപ്പുഴയിലേക്കെന്നും അബ്ദുറബ്ബ് പരിഹസിച്ചു.

ഇന്നലെ ഐഎഎസ് ഉദ്യോ​ഗസ്ഥരെ കൂട്ടമായി സ്ഥലം മാറ്റിയിരുന്നു. ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കളക്ടറായി നിയമിച്ചു. ആലപ്പുഴ കളക്ടർ രേണു രാജിനെ എറണാകുളത്തേക്ക് മാറ്റിയിരുന്നു. തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോര്‍ജിനെ നിയമിച്ചു.തിരുവനന്തപുരം കളക്ടറായിരുന്ന നവജ്യോത് ഖോസ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാകും. പിആര്‍ഡി ഡയറക്ടറായി ജാഫര്‍ മാലികിനെയും കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറായി ഹരികിഷോറിനെയും നിയമിക്കും. കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറായ രാജമാണിക്യത്തെ റൂറല്‍ ഡെവലപ്മന്റ് കമ്മീഷണറാക്കിയും സര്‍ക്കാര്‍ ഉത്തരവിറക്കി.

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയതിൽ ശ്രീറാം വെങ്കിട്ടരാമൻ ഒന്നാം പ്രതിയും രണ്ടാം പ്രതി വാഹന ഉടമയായ വഫ ഫിറോസുമായിരുന്നു. കേസില്‍ പ്രതി ചേര്‍ത്തതിനെത്തുടര്‍ന്ന് ശ്രീറാമിനെ ആറുമാസത്തേയ്ക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. അപകടം നടക്കുമ്പോള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് വഫാ ഫിറോസായിരുന്നു വാഹനം ഓടിച്ചതെന്ന് ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയ്ക്ക് ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിശദീകരണം നല്‍കിയിരുന്നു.

2019 ആഗസ്റ്റ് മൂന്നിന് പുലര്‍ച്ചയായിരുന്നു മദ്യലഹരിയിലായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച വാഹനം ഇടിച്ച് കെഎം ബഷീര്‍ മരിക്കുന്നത്. വാഹന ഉടമയായ വഫ ഫിറോസും അന്ന് ശ്രീറാമിനൊപ്പമുണ്ടായിരുന്നു.



STORY HIGHLIGHTS: pk abdu rabb criticizing the appointment of Sreeram venkitaraman as alappuzha collector

Next Story