Top

'എനിക്ക് താത്പര്യമില്ല'; രാജ്യസഭാ സീറ്റിന് അര്‍ഹരായ നേതാക്കള്‍ കേരളത്തിലുണ്ടെന്ന് പിജെ കുര്യന്‍

ശ്രീനിവാസന്‍ കൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

17 March 2022 6:14 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എനിക്ക് താത്പര്യമില്ല; രാജ്യസഭാ സീറ്റിന് അര്‍ഹരായ നേതാക്കള്‍ കേരളത്തിലുണ്ടെന്ന് പിജെ കുര്യന്‍
X

കൊച്ചി: കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പുറത്തു നിന്നും ഒരാളെ കെട്ടിയിറക്കുന്നത് ശരിയല്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. കേരളത്തില്‍ നിന്നും ശശി തരൂരിന് പുറമേ ജി23 ഗ്രൂപ്പില്‍ ഉള്‍പ്പെട്ട നേതാവാണ് പിജെ കുര്യന്‍. ശ്രീനിവാസന്‍ കൃഷ്ണയെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ അര്‍ഹരായ ഒരുപാട് നേതാക്കളുണ്ട്. ഇതില്‍ ചെറുപ്പക്കാരും പരിചയ സമ്പന്നരുമുണ്ട്. രാജ്യസഭാ സ്ഥാനാര്‍ത്ഥിയാവാന്‍ തനിക്ക് താത്പര്യമില്ലെന്നും മുന്‍ രാജ്യസഭാ ഉപാധ്യക്ഷനായിരുന്ന പിജെ കുര്യന്‍ വ്യക്തമാക്കി. റിപ്പോർട്ടർ ടിവിയോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. നേരത്തെ അദ്ദേഹം ഒഴിഞ്ഞ രാജ്യസഭാ സീറ്റില്‍ വീണ്ടും പരിഗണിക്കാതെ അന്ന് ഘടകകക്ഷിയായിരുന്ന മാണി ഗ്രൂപ്പിന് നല്‍കിയത് കോണ്‍ഗ്രസില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ തെരഞ്ഞെടുപ്പ് പരാജയങ്ങളുടെ പേരില്‍ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് ശരിയല്ല. അദ്ദേഹത്തെ എഐസിസി സെക്രട്ടറിയായി നിയമിച്ചു. രാഹുല്‍ ഗാന്ധി എടുക്കുന്ന തീരുമാനം നടപ്പാക്കുകയാണ് കെസി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയുടെ ആഗ്രഹങ്ങളും തീരുമാനങ്ങളുമാണ് കെസി വേണുഗോപാല്‍ നടപ്പാക്കുന്നത് എന്ന് വ്യക്തമല്ലേ എന്നും അദ്ദേഹം ചോദിച്ചു.

പാര്‍ട്ടി പിളര്‍ത്തുക എന്ന ലക്ഷ്യം ജി23ക്ക് ഇല്ല. കൂട്ടായ നേതൃത്വം ആവശ്യമുണ്ട്. മെറിറ്റും യോഗ്യതയും അടിസ്ഥാനപ്പെടുത്തി വേണം ഭാരവാഹി നിയമനങ്ങള്‍. സോണിയാ ഗാന്ധിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് യാതൊരു പരാതിയുമില്ല. എല്ലാവരോടും ആലോചിച്ച് കൂട്ടായ തീരുമാനം എടുക്കുന്നതാണ് സോണിയാ ഗാന്ധിയുടെ രീതി. ഇപ്പോള്‍ സോണിയാ ഗാന്ധിയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അതിനുള്ള പരിഹാരം കാണണം. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റ് അല്ലാതെ തീരുമാനം എടുക്കുന്നത് ശരിയല്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു.

STORY HIGHLIGHTS: PJ Kurien says there are leaders in Kerala who deserve a Rajya Sabha seat

Next Story