Top

'ബിജെപി ഉപരാഷ്ട്രപതി സ്ഥാനം വാ​ഗ്ദാനം ചെയ്തു; ആ പ്രസംഗം തനിക്കെതിരെ ചരടുവലിക്കാൻ ഉമ്മൻ ചാണ്ടിക്ക് ഊർജം നൽകി'; പി ജെ കുര്യൻ

കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പിജെ കുര്യനെ സമവായ സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളുയർന്നിരുന്നു.

30 May 2022 6:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബിജെപി ഉപരാഷ്ട്രപതി സ്ഥാനം വാ​ഗ്ദാനം ചെയ്തു; ആ പ്രസംഗം തനിക്കെതിരെ ചരടുവലിക്കാൻ ഉമ്മൻ ചാണ്ടിക്ക് ഊർജം നൽകി; പി ജെ കുര്യൻ
X

തിരുവനന്തപുരം: ബിജെപി തനിക്ക് ഉപരാഷ്ട്രപതി സ്ഥാനം വാ​ഗ്ദാനം ചെയ്തുവെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവും മുൻ രാജ്യസഭ ഡെപ്യൂട്ടി ചെയർമാനുമായിരുന്ന പിജെ കുര്യൻ. 2024ൽ നടക്കുന്ന ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ ആണ് ഉപരാഷ്ട്രപതി സ്ഥാനം വാ​ഗ്ദാനം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശ പ്രകാരം ന്യൂനപക്ഷകാര്യ മന്ത്രി മുഖ്തർ അബ്ബാസ് നഖ് വി രണ്ടു തവണ താനുമായി കൂടിക്കാഴ്ച നടത്തിയതായും പിജെ കുര്യൻ പറഞ്ഞു. പ്രസാദകം മാസികയിൽ അടുത്ത മാസം പ്രസിദ്ധീകരിക്കാനിരിക്കുന്ന ''സത്യത്തിലേക്കുളള വഴികൾ'' എന്ന അഭിമുഖത്തിലാണ് പി ജെ കുര്യന്റെ പരാമർശം.

ബിജെപിയുമായി നടത്തിയ കൂടിക്കാഴ്ചയിലെ എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിനെ കുറിച്ച് ഇപ്പോൾ താൻ സംസാരിക്കുന്നില്ല. പിന്നീട് അത് വെളിപ്പെടുത്തുമെന്നും പിജെ കുര്യൻ വ്യക്തമാക്കി.

കഴിഞ്ഞ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പിജെ കുര്യനെ സമവായ സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ സമവായ സ്ഥാനാർത്ഥിയെക്കുള്ള സാധ്യത തളളി കോൺഗ്രസ് ഗോപാലകൃഷ്ണ ഗാന്ധിയെ സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് ബിജെപി എം വെങ്കയ്യ നായിഡുവിനെ എൻഡിഎ സ്ഥാനാർത്ഥിയായി നിർദ്ദേശിക്കുകയും നായിഡു 272 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ ഗാന്ധിയെ വെങ്കയ്യ നായിഡു പരാജയപ്പെടുത്തുകയും ചെയ്തു.

തിരുവല്ലയിൽ വെച്ച് എം വെങ്കയ്യ നായിഡു പിജെ കുര്യൻ രാജ്യത്തിന്റെ ഉന്നമനത്തിന് കുര്യനെ ആവശ്യമാണെന്ന് പറഞ്ഞിരുന്നു. ഉമ്മൻചാണ്ടി പങ്കെടുത്ത പരിപാടിയായിരുന്നു അത്. നായിഡുവിന്റെ ആ പ്രസംഗം തനിക്കെതിരെ ചരടുവലിക്കാൻ ഉമ്മൻ ചാണ്ടിക്ക് കൂടുതൽ ഊർജം നൽകുന്നതിന് കാരണമായെന്നും പിജെ കുര്യൻ ആരോപിച്ചു.

തന്റെ രാജ്യസഭ സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസിന് നൽകുന്നത് കണ്ടു. "തങ്ങൾ ആവശ്യപ്പെട്ടില്ലെങ്കിലും സീറ്റ് നൽകി, സീറ്റ് വാഗ്ദാനം ചെയ്താൽ എങ്ങനെ വേണ്ടെന്ന് പറയാൻ കഴിയും," എന്ന് ജോസ് കെ മാണി എന്നോട് ഫോണിൽ പറഞ്ഞുവെന്നും പിജെ കുര്യൻ പറഞ്ഞു. ഞാൻ വർഷങ്ങളായി ഡൽഹിയിലെ എ ഗ്രൂപ്പിന്റെ പ്രധാന സഹായിയായിരുന്നെങ്കിലും ഈ തീരുമാനത്തെക്കുറിച്ച് ചാണ്ടി എന്നോട് ഒന്നും പറഞ്ഞില്ല. അതിൽ വളരെ സങ്കടം തോന്നിയെന്നും പിജെ കുര്യൻ കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: PJ Kurien Says BJP Offered me Vice President Post

Next Story