Top

'തൃക്കാക്കരയിൽ മന്ത്രിമാരുടെ ക്യാംപ് ചെയ്തുളള പ്രവർത്തനങ്ങൾ അധികാര ദുർവിനിയോ​ഗം'; പിജെ ജോസഫ്

ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ നടപ്പാക്കിയില്ല.

21 May 2022 11:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃക്കാക്കരയിൽ മന്ത്രിമാരുടെ ക്യാംപ് ചെയ്തുളള പ്രവർത്തനങ്ങൾ അധികാര ദുർവിനിയോ​ഗം; പിജെ ജോസഫ്
X

തൃക്കാക്കര: ഉപതെരഞ്ഞെടുപ്പിൽ മന്ത്രിമാരുടെ ക്യാംപ് ചെയ്തുളള പ്രവർത്തനങ്ങൾ അധികാര ദുർവിനിയോ​ഗമാണെന്ന ആരോപണവുമായി കേരള കോൺ​ഗ്രസ് നേതാവ് പിജെ ജോസഫ്. മന്ത്രിമാർ പ്രചരണത്തിനിറങ്ങിയാലും ജനങ്ങൾ അതിന് വലിയ വിലയൊന്നും നൽകാൻ പോകുന്നില്ലെന്നും പിജെ ജോസഫ് വ്യക്തമാക്കി. ജനങ്ങൾക്ക് നൽകിയ വാ​ഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി പരജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ റിപ്പോർട്ടർ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പിജെ ജോസഫിന്റെ വാക്കുകൾ:

'ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാര്‍ നടപ്പാക്കിയില്ല. ജനങ്ങളുടെ എതിര്‍പ്പ് മനസിലാക്കി സില്‍വര്‍ ലൈന്‍ കല്ലിടുന്നത് വരെ മരവിപ്പിച്ചിരിക്കുകയാണ്. അങ്ങനെയൊരു പദ്ധതി ഇപ്പോള്‍ ഇവിടെ ആവശ്യമില്ല. മൂന്നാമതൊരു ലൈനിട്ടുകൊണ്ട് വന്ദേഭാരത് ട്രെയിന്‍ ഓടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമ്പോള്‍, 160 സ്പീഡ് ആണ് അവിടെ പറയുന്നത്. അത്‌കൊണ്ട് ഈ അവസരത്തില്‍ അത്തരം കാര്യങ്ങള്‍ ഉപേക്ഷിച്ചുകൊണ്ട് വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കാനാണ് ശ്രമിക്കേണ്ടത്. പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്ത സര്‍ക്കാരാണിത്.

അത് കൊണ്ട് ഉമ തോമസിനെ വമ്പിച്ച ഭൂരിപക്ഷത്തോട് കൂടി തൃക്കാക്കരയിലെ ജനങ്ങള്‍ വിജയിപ്പിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മന്ത്രിമാര്‍ പ്രചാരണത്തിനിറങ്ങിയാലൊന്നും ജനങ്ങളതിന് വലിയ വിലയൊന്നും കൊടുക്കില്ല. തീര്‍ച്ചയായും അധികാര ദുര്‍വിനിയോഗം അതിനകത്തുണ്ട്.'

നേരത്തെ സമാന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശനും രം​ഗത്തുവന്നിരുന്നു. തിരുവനന്തപുരത്ത് ജോലിയൊന്നും ഇല്ലാത്തതുകൊണ്ടാണ് മന്ത്രിമാര്‍ തൃക്കാക്കരയിലേക്ക് വരുന്നതെന്നായിരുന്നു വിഡി സതീശന്റെ പരാമർശം. മന്ത്രിമാര്‍ അവരവരുടെ ജാതി നോക്കിയാണ് വീടുകളില്‍ കയറി വോട്ട് ചോദിക്കുന്നതെന്നും, പ്രചരണത്തിനായി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു.

STORY HIGHLIGHTS: PJ Joseph Alleged Election Campaign Activities of Ministers in Thrikkakara is a Abuse of Power

Next Story