Top

'യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായല്ല, എല്‍ഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന പ്രചരണമാണ് വേണ്ടത്'; നേതാക്കളോട് മുഖ്യമന്ത്രി പിണറായി

രണ്ടു ദിവസത്തിനകം എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവും

3 May 2022 11:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായല്ല, എല്‍ഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന പ്രചരണമാണ് വേണ്ടത്; നേതാക്കളോട് മുഖ്യമന്ത്രി പിണറായി
X

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ സജീവമായി പ്രവർത്തിക്കണമെന്ന് നേതാക്കൾക്ക് നിർദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര തിരിച്ചു പിടിക്കണം. എന്നാൽ യുഡിഎഫിന്റെ സിറ്റിങ് മണ്ഡലമായല്ല എൽഡിഎഫ് ജയിക്കേണ്ട മണ്ഡലമെന്ന രീതിയിലാവണം പ്രചാരണമെന്നാണ് മുഖ്യമന്ത്രി നൽകുന്ന നിർദേശം. അമേരിക്കയിൽ ചികിൽസയിലുള്ള മുഖ്യമന്ത്രി മുതിർന്ന നേതാക്കളുമായി ഫോണിലൂടെ ആശയവിനിമയം നടത്തി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് പ്രവർത്തനങ്ങളുടെ പൂർണ ചുമതല സിപിഐമ്മിന്റെ കേന്ദ്രകമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇപി ജയരാജനാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സ്വരാജും പി രാജീവും മണ്ഡലത്തിൽ നിന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനെ തുടർന്ന് അമേരിക്കയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി. പ്രചരണത്തിൽ പങ്കെടുക്കാനായി താൻ തൃക്കാക്കര യിലെത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. രണ്ടു ദിവസത്തിനകം എൽഡിഎഫിന്റെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാവും.

എൽഡിഎഫ് വികസനത്തിന്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ഇ പിജയരാജൻ പറഞ്ഞു. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിന്റെ ചുമതല. സിൽവർ ലൈൻ ഉൾപ്പെടെയുളള വിഷയങ്ങൾ ചർച്ച ചെയ്യാൻ എൽഡിഎഫ് തയ്യാറാണ്. കെ റെയിൽ ചർച്ച വികസനത്തിന്റെ കരുത്ത് കൂട്ടുമെന്നും സിൽവർ ലൈൻ ജനവികാരം അനുകൂലമാക്കുമെന്നുമാണ് എൽഡിഎഫ് കൺവീനരുടെ പ്രതികരണം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ് നടക്കുക. ജൂൺ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കും. മെയ് 11 ആണ് പത്രിക നൽകാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിൻവലിക്കാൻ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികൾ സ്ഥാനാർത്ഥി നിർണയ ചർച്ചകൾ ശക്തമാക്കി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 14,329 വോട്ടുകൾക്കാണ് പിടി തോമസ് ജയിച്ചു കയറിയത്.

STORY HIGHLIGHTS: Pinarayi Vijayan's suggestion for party in Thrikkakara by election

Next Story

Popular Stories