Top

'നമുക്ക് റോളില്ല, വിഷയം മാതാപിതാക്കള്‍ തീരുമാനിക്കട്ടെ'; ദത്ത് വിവാദത്തില്‍ മുഖ്യമന്ത്രി അന്ന് പറഞ്ഞത്

വിഷയം പാര്‍ട്ടി ചര്‍ച്ചക്കെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ താന്‍ നിസ്സാഹയയാണെന്നും ശ്രീമതി പറഞ്ഞു.

13 Nov 2021 4:58 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നമുക്ക് റോളില്ല, വിഷയം മാതാപിതാക്കള്‍ തീരുമാനിക്കട്ടെ; ദത്ത് വിവാദത്തില്‍ മുഖ്യമന്ത്രി അന്ന് പറഞ്ഞത്
X

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവം മുഖ്യമന്ത്രി പിണാറായി വിജയന് നേരത്തെ അറിയാമായിരുന്നു എന്ന് തെളിയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്. അനുപമയുമായി പി കെ ശ്രീമതി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് വിഷയം മുഖ്യമന്ത്രി നേരത്തെ അറിഞ്ഞിരുന്നതായി വ്യക്തമാക്കുന്നത്. വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ചെന്നും അതില്‍ നമുക്ക് റോള്‍ ഇല്ല, അച്ഛനും അമ്മയും തന്നെ ചെയ്യട്ടെ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം എന്നുമാണ് പി കെ ശ്രീമതി അനുപമയോട് പറയുന്നത്.

അനുപമയുടെ പരാതി താന്‍ എല്ലാവരോടും സംസാരിച്ചിരുന്നു. വിഷയം പാര്‍ട്ടി ചര്‍ച്ചക്കെടുത്തിട്ടില്ല. ഇക്കാര്യത്തില്‍ താന്‍ നിസ്സാഹയയാണെന്നും ശ്രീമതി പറഞ്ഞു. മുഖ്യമന്ത്രിയേയും ഇകാര്യം ബോധിപ്പിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും തന്നെ ചെയ്യട്ടെ, അതില്‍ പാര്‍ട്ടിക്ക് റോളില്ല, എന്നാണ് അദ്ദേഹം പറഞ്ഞതെന്നും പി കെ ശ്രീമതി ഫോണ്‍ സംഭാഷണത്തില്‍ പറയുന്നത്.

ശബ്ദരേഖയില്‍, തന്റെ മാതാപിതാക്കള്‍ പാര്‍ട്ടി അംഗങ്ങള്‍ ആണെന്നും അതുപയോഗിച്ചാണ് അവര്‍ പരാതിയെ നേരിടുന്നതെന്നും അനുപമ പറയുന്നു. എന്നാല്‍ വിഷയം പാര്‍ട്ടി ചര്‍ച്ചക്കെടുത്തില്ലെങ്കിലും താന്‍ ഇക്കാര്യം എല്ലാവരോടും സംസാരിച്ചിരുന്നുവെന്നുമാണ് ശ്രീമതി നല്‍കുന്ന മറുപടി. വിഷയം കോടിയേരി ബാലകൃഷ്ണനെ അറിയിച്ചോ എന്നും അദ്ദേഹത്തെ വൃന്ദ കാരാട്ട് വിളിച്ചിരുന്നുവെന്നും ശ്രീമതി പറയുന്നതും സംഭാഷണത്തില്‍ വ്യക്തമാണ്.

അതേസമയം അനുപമയും അജിത്തും ശിശുക്ഷേമ സമിതിക്ക് മുന്‍പില്‍ നടത്തുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം തുടരുകയാണ്. ആരോപണ വിധേയരായ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാനേയും സിഡബ്ല്യുസി ചെയര്‍പേഴ്‌സണ്‍ സുനന്ദയേയും തല്‍സ്ഥാനങ്ങളില്‍ നിന്ന് മാറ്റുക എന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് പ്രതിഷേധം.

വകുപ്പ് തലത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പരാതിക്കാരിയായ അനുപമ നേരത്തെ വ്യക്തമാക്കിയിരുന്നു. ആരോപണ വിധേയരെ മാറ്റി നിര്‍ത്തിയായിരിക്കണം അന്വേഷണം എന്നും ഇപ്പോള്‍ നടക്കുന്നത് കണ്ണില്‍ പൊടിയിടാനുള്ള നടപടികളാണെന്നമായിരുന്നു അനുപമയുടെ ആരോപണം.

ആരോപണ വിധേയര്‍ തല്‍സ്ഥാനത്ത് തുടരുന്നത് തെളിവ് നശിപ്പിക്കുന്നതിനും സഹപ്രവര്‍ത്തകരെ സ്വാധീനിക്കുന്നതിനും കാരണമായേക്കും. കുഞ്ഞിനെ ആദ്യം കിട്ടിയപ്പോള്‍ പെണ്‍കുഞ്ഞായാണ് രേഖപ്പെടുത്തുന്നത്. ഒരു കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് അറിയാന്‍ അധിക സമയം വേണ്ട. എന്റെ കുഞ്ഞിന്റെ കാര്യത്തില്‍ മാത്രം ഈ തെറ്റ് എങ്ങനെ പറ്റിയെന്നും അനുപമ ചോദിച്ചിരുന്നു.

തിരുവനന്തപുരം കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ 2020 ഒക്ടോബര്‍ 19നാണ് അനുപമ കുഞ്ഞിന് ജന്മം നല്‍കുന്നത്. എന്നാല്‍ തന്റെ മാതാപിതാക്കളായ ജയചന്ദ്രനും സ്മിതയും ചേര്‍ന്ന് നാലാം ദിവസം കുഞ്ഞിനെ തന്നില്‍ നിന്ന് തട്ടിക്കൊണ്ട് പോയെന്നും, തന്റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമാണ് അനുപമയുടെ പരാതി. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Next Story