Top

സില്‍വര്‍ലൈന്‍ ചർച്ചയാകും; പിണറായി-ബൊമ്മെ കൂടിക്കാഴ്ച ഇന്ന്

തലശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് പാതകളെക്കുറിച്ചും ചർച്ച നടക്കും

17 Sep 2022 3:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സില്‍വര്‍ലൈന്‍ ചർച്ചയാകും; പിണറായി-ബൊമ്മെ കൂടിക്കാഴ്ച ഇന്ന്
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 9.30ന് ബെംഗളൂരുവിലാവും ഇരുവരും തമ്മിൽ ചർച്ച നടക്കുക. കൂടിക്കാഴ്ചയിൽ സിൽവർലൈൻ അർധ അതിവേഗ റെയിൽപദ്ധതി മംഗളൂരു വരെ നീട്ടുന്നത് ഉൾപ്പടെ ചർച്ചയാകും. കൂടിക്കാഴ്ചക്ക് ശേഷം കർണാടക ബാഗെപ്പള്ളിയിൽ സിപിഐഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും മുഖ്യമന്ത്രി പങ്കെടുക്കും.

തലശേരി–മൈസൂരു, നിലമ്പൂർ–നഞ്ചൻകോട് പാതകളെക്കുറിച്ചും ചർച്ച നടക്കും. സിൽവർലൈൻ ഉൾപ്പടെ റെയിൽവേയുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രി തലത്തിൽ ചർച്ച ചെയ്യാൻ ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിൽ ഇരുസംസ്ഥാനങ്ങളും തമ്മിൽ ധാരണയായിരുന്നു. പദ്ധതിയുടെ ഡിപിആർ ഉൾപ്പടെ സാങ്കേതിക വിവരങ്ങൾ കേരളം കർണാടകയ്ക്ക് കൈമാറും. വിഷയത്തിൽ കർണാടക സർക്കാർ സ്വീകരിക്കുന്ന നിലപാട് നിർണായകമാകും.

ദക്ഷിണേന്ത്യയിലെ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാന സർക്കാറിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ കർണാടകയിലേക്ക് നീട്ടണമെന്ന ആവശ്യം കേരളം ഉന്നയിച്ചത്. ഇതുവഴി പദ്ധതിയിൽ കേന്ദ്രത്തിന്റെ എതിർപ്പ് മറികടക്കാൻ കഴിയുമെന്നാണ് സംസ്ഥാന സർക്കാരിന്റെ പ്രതീക്ഷ. കാസർകോട് നിന്നും മംഗലാപുരത്തേക്ക് സിൽവർ ലൈൻ നീട്ടിയാൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്നാണ് കേരളത്തിൻറെ വാദം. വ്യാവസായിക ഹബ്ബായ മംഗലാപുരം വരെ പാത നീട്ടുമ്പോൾ അന്തർ സംസ്ഥാന പദ്ധതിയായി സിൽവർ ലൈൻ മാറും.

ബാഗെപ്പള്ളിയിലെ പരിപാടിയിൽ പിണറായി വിജയനൊപ്പം സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബിയും, ബി വി രാഘവരഘുവും പങ്കെടുക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കേരളത്തില്‍ പര്യടനം നടത്തുമ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നടത്തുന്ന പരിപാടിയെ ഉയര്‍ത്തിക്കാണിക്കാണാണ് സിപിഐഎം തീരുമാനം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലമാണ് ബാഗെപ്പള്ളി. പാര്‍ട്ടിക്ക് അമ്പതിനായിരത്തിന് മുകളില്‍ വോട്ടുകളാണ് ഇവിടെ ഉള്ളത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍ വിജയിക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് സിപിഐഎം പരിപാടിയിലൂടെ സംഘടിപ്പിക്കുന്നത്.

STORY HIGHLIGHTS: Pinarayi Vijayan will meet Karnataka Chief Minister Basavaraj Bommai on Sunday

Next Story