Top

'സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവരോട് ഒരു ദയയും ദാക്ഷിണ്യവും കാണിക്കില്ല'; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്ന സേനയാണ് ചിലരുടെ പ്രവര്‍ത്തി കാരണം തലകുനിച്ച് നില്‍ക്കേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി

12 Nov 2022 5:05 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സേനയ്ക്ക് കളങ്കമുണ്ടാക്കുന്നവരോട് ഒരു ദയയും ദാക്ഷിണ്യവും കാണിക്കില്ല; പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്
X

കൊല്ലം: പൊലീസ് സേനയിലെ വിരലില്‍ എണ്ണാവുന്ന ചിലര്‍ ചില പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സേനയ്ക്ക് മൊത്തത്തില്‍ കളങ്കമുണ്ടാക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ഗൗരവമായി കാണേണ്ട വിഷയമാണ്. അത്തരക്കാരോട് ഒരു ദയയും ദാക്ഷിണ്യവും കാണിക്കാന്‍ പറ്റില്ലെന്നും അവരെ സംരക്ഷിക്കേണ്ട ബാധ്യത പൊലീസിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഭിമാനപൂര്‍വം തലയുയര്‍ത്തി നില്‍ക്കുന്ന സേനയാണ് ചിലരുടെ പ്രവര്‍ത്തി കാരണം തലകുനിച്ച് നില്‍ക്കേണ്ടി വരുന്നതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സേനയ്ക്ക് ചേര്‍ന്ന പ്രവര്‍ത്തനങ്ങള്‍ അല്ല അത്തരക്കാര്‍ നടത്തുന്നത്. തന്റെ മുന്നില്‍ പരാതിയുമായി എത്തുന്ന ഒരു വ്യക്തിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ തന്നേക്കാള്‍ പ്രധാന്യം നല്‍കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കൊല്ലം റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. സൈനികനെ ഉള്‍പ്പെടെ മര്‍ദ്ദിച്ച സംഭവം വിവാദമായ പശ്ചാത്തത്തിലാണ് മുഖ്യമന്ത്രി പൊലീസിന് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നുവെന്നും മുന്‍പൊരിക്കലുമില്ലാത്ത രീതിയില്‍ കാര്യങ്ങള്‍ പോയികൊണ്ടിരിക്കുകയാണെന്നും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ പറഞ്ഞു. യജമാനനെ കാണുമ്പോള്‍ പട്ടി വാലാട്ടുന്നത് പോലെയാണ് കേരളത്തിലെ പൊലീസുകാര്‍ സിപിഐഎം നേതാക്കന്മാരെ കാണുമ്പോള്‍ വാലാട്ടുന്നത്. തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ മേയര്‍ പരാതി നല്‍കേണ്ടിയിരുന്നത് പൊലീസിനായിരുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

Story highlights: Pinarayi Vijayan warns Kerala Police

Next Story