Top

'ഞാന്‍ പറഞ്ഞതാണ് വസ്തുത'; കെ റെയില്‍ മതിലിനേക്കുറിച്ചുള്ള ഡിപിആര്‍ വിവരങ്ങള്‍ തള്ളി മുഖ്യമന്ത്രി; വായിക്കണമെന്ന് സതീശന്‍

സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി

14 March 2022 12:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഞാന്‍ പറഞ്ഞതാണ് വസ്തുത; കെ റെയില്‍ മതിലിനേക്കുറിച്ചുള്ള ഡിപിആര്‍ വിവരങ്ങള്‍ തള്ളി മുഖ്യമന്ത്രി; വായിക്കണമെന്ന് സതീശന്‍
X

തിരുവനന്തപുരം: നിയമസഭയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയിന്മേലുള്ള ചര്‍ച്ചയില്‍ പാത സംസ്ഥാനത്തെ രണ്ടായി വിഭജിക്കും എന്ന പ്രതിപക്ഷ ആരോപണത്തില്‍ വ്യക്തമായ മറുപടി നല്‍കാതെ മുഖ്യമന്ത്രി. പദ്ധതി റിപ്പോര്‍ട്ടിലെ അവകാശവാദം ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണത്തിന്, താന്‍ പറയുന്നതാണ് വസ്തുത എന്ന മറുപടി പറഞ്ഞാണ് ഇതിനെ പ്രതിരോധിച്ചത്.

സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കെ റെയില്‍ സംസ്ഥാനത്തെ രണ്ടായി വെട്ടിമുറിക്കുമെന്നും രണ്ടാള്‍പ്പൊക്കത്തില്‍ മതില്‍ ഉയരുമെന്നുള്ള പ്രചാരണം വസ്തുതാ വിരുദ്ധവുമാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. ട്രാക്കുകള്‍ ഒരേ നിലയില്‍ നിലനിര്‍ത്തുക എന്ന് ലക്ഷ്യമിട്ടാണ് എംബാങ്ക്‌മെന്റ് നിര്‍മ്മിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, ഇത് റെയില്‍വേ രാജ്യത്ത് ഉടനീളം ചെയ്യുന്നതാണെന്നും കെ റെയിലിന്റെ ആകെ ദൂരത്തില്‍ 55 ശതമാനമാണ് എംബാങ്ക്‌മെന്റ് നിര്‍മ്മിക്കുക എന്നും ചൂണ്ടിക്കാട്ടി. ഇവയില്‍ ഭൂരിഭാഗവും അഞ്ച് മീറ്ററില്‍ താഴെയാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

ഇതിനിടെ പ്രതിപക്ഷ നേതാവ് ഇടപെട്ട് അവസരം ചോദിക്കുകയും അവസരം നല്‍കുകയുമായിരുന്നു. ഡിപിആറിന്റെ 400ാം പേജ് ചൂണ്ടിക്കാട്ടി ഉയരമുള്ള മതിലുകളുടെ പടമുണ്ടെന്നും അതില്‍ പരസ്യം കൊടുക്കാമെന്ന് എഴുതിവെച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. എന്നാല്‍, താന്‍ പറഞ്ഞതാണ് യഥാര്‍ത്ഥത്തില്‍ വസ്തുതയെന്നും ഇത് സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ മതിലുകള്‍ ഉയരാന്‍ പോകില്ലെന്ന് പറഞ്ഞ് മുഖ്യമന്ത്രി അതിന്മേലുള്ള പരാമര്‍ശം അവസാനിപ്പിക്കുകയായിരുന്നു.

നിയമസഭയില്‍ നടന്ന ചര്‍ച്ചയില്‍ നിന്ന്

മുഖ്യമന്ത്രി പറഞ്ഞത്

'കെ റെയില്‍ സംസ്ഥാനത്തെ രണ്ടായി വെട്ടിമുറിക്കുമെന്നും രണ്ടാള്‍ പൊക്കത്തിലുള്ള മതില്‍ ഉയരുമെന്നുമുള്ള പ്രചരണം വസ്തുതാ വിരുദ്ധമാണ്. എംബാങ്ക്‌മെന്റിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് കഴിഞ്ഞ ദിവസം നിയമസഭയിലെ ചോദ്യത്തിന് തന്നെ മറുപടി നല്‍കിയതാണ്. റെയില്‍വേ പദ്ധതികളില്‍ ട്രാക്കുകള്‍ ഒരേ നിലയില്‍ നിര്‍ത്തുക എന്ന് ലക്ഷ്യമിട്ടുകൊണ്ടാണ് എംബാങ്ക്‌മെന്റുകള്‍ സ്ഥാപിക്കുന്നത്. താഴെയുള്ള സ്ഥലത്താണെങ്കില്‍ കുറച്ചധികം ഉയരും. ഉയര്‍ന്ന സ്ഥലത്താണെങ്കില്‍ അത്രയും ഉയരില്ല. ഇത് റെയില്‍വേ രാജ്യത്ത് ഉടനീളം ചെയ്യുന്നതാണ്. കെ റെയിലിന് വേണ്ടി മാത്രം പ്രത്യേകം ചെയ്യുന്നതല്ല ഇത്. കേരളത്തിലെ നിലവിലെ റെയില്‍ പാതകള്‍ക്ക് 17 മീറ്റര്‍ വരെ എംബാങ്ക്‌മെന്റുകളുണ്ട്. നിര്‍ദ്ദിഷ്ട സില്‍വര്‍ലൈനില്‍ 55%ത്തോളം എംബാങ്ക്‌മെന്റാണ്. ഇവയില്‍ ഭൂരിഭാഗം അഞ്ച് മീറ്ററില്‍ താഴെ മാത്രമാണ് ഉണ്ടാവുക. ആവശ്യമായ ഇടങ്ങളില്‍ അണ്ടര്‍പാസുകള്‍ നിര്‍മ്മിച്ച് പ്രദേശവാസികള്‍ക്ക് റെയില്‍വേ മുറിച്ച് കടക്കാനുള്ള സൗകര്യം ഉണ്ടാക്കും. നീരൊഴുക്ക് സുഗമമാക്കുന്നതിന് ശാസ്ത്രീയമായ നടപടികള്‍ സ്വീകരിക്കും.'

പ്രതിപക്ഷ നേതാവ്

'ഇരുവശത്തും മതിലുകള്‍ ഉയര്‍ത്തുമെന്ന വാദം തെറ്റാണെന്നാണ് അങ്ങ് പറയുന്നത്. ഡിപിആറിന്റെ 400ാം പേജില്‍ കൃത്യമായി പറയുന്നുണ്ട്. (പൈല്‍ ഫൗണ്ടേഷനുമുകളില്‍ പ്രീ കാസ്റ്റ് പാനല്‍ ഉപയോഗിച്ച് സിമന്റ് മതിലുകള്‍ കെട്ടേണ്ടി വരുമെന്ന് ഡിപിആര്‍ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടുന്നു. ഇതിന് മുകളില്‍ പരസ്യം നല്‍കി അധിക വരുമാനം കണ്ടെത്താം എന്നും ഡിപിആറിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു) നല്ല ഉയരമുള്ള മതിലുകളുടെ പടവും ഡിപിആറില്‍ കൊടുത്തിട്ടുണ്ട്. അങ്ങെയുടെ ഡിപിആറില്‍ ഇത് എഴുതിവെച്ചിട്ട് മതിലുകെട്ടുന്നത് അടിസ്ഥാന രഹിതമാണ് എന്ന് പറയുന്നത് ശരിയാണോ. വായിച്ചു നോക്കണം.'

മുഖ്യമന്ത്രി

'ഞാന്‍ പറഞ്ഞതാണ് യഥാര്‍ത്ഥത്തില്‍ വസ്തുത. ഇത് സംസ്ഥാനത്തെ രണ്ടായി വിഭജിക്കുന്നില്ല. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ആകെ മതിലുകള്‍ ഉയരാനും പോകുന്നില്ല. അത്തരത്തില്‍ ഒരാശങ്കയും ഉയരാനും പോവുന്നില്ല.'

CONTENT HIGHLIGHTS: Pinarayi Vijayan vs VD Satheeshan on embankment in K Rail project

Next Story