Top

'ചെയ്യാനുള്ളത് ചെയ്യ്, മതസംഘടനയോ രാഷ്ട്രീയ സംഘടനയോ എന്ന് സ്വയം ബോധ്യം വേണം'; ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

10 Dec 2021 7:56 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചെയ്യാനുള്ളത് ചെയ്യ്, മതസംഘടനയോ രാഷ്ട്രീയ സംഘടനയോ എന്ന് സ്വയം ബോധ്യം വേണം; ലീഗിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി
X

വഖഫ് ബോർഡിലെ പിഎസ് സി നിയമന വിവാദത്തിൽ മുസ്ലിം ലീ​ഗ് പ്രതിഷേധം ശക്തമാക്കിയിരിക്കെ ലീ​ഗിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം കണ്ണൂർ ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് മുഖ്യമന്ത്രിയുടെ പ്രസം​ഗം. മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീ​ഗ് കൊണ്ടു നടക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീ​ഗിന്റെ ബോധ്യം ആര് പരി​ഗണിക്കുന്നു. ലീ​ഗിന് എന്താണോ ചെയ്യാൻ ഉള്ളത് അത് ചെയ്ത് കാണിക്ക്. ഞങ്ങൾക്ക് അതൊരു പ്രശ്നമല്ല. നിങ്ങൾ ഇത്തരം വിതണ്ട വാദവുമായി മുന്നോട്ട് വന്നെന്ന് പറഞ്ഞ് ഞങ്ങൾ ഞങ്ങളുടെ നിലപാടിൽ നിന്ന് മാറുമെന്ന് ആരും കരുതേണ്ടെന്ന് പിണറായി തുറന്നടിച്ചു. മുസ്ലിം ലീ​ഗ് രാഷ്ട്രീയ പാർട്ടിയാണോ മതസംഘടനയാണോയെന്ന് ലീ​ഗ് തന്നെ തീരുമാനിക്കണം. വഖഫ് വിഷയത്തിൽ മതസംഘടനകൾക്ക് എല്ലാം മനസ്സിലായി. ലീ​ഗുകാർക്ക് മാത്രമാണ് മനസ്സിവാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബോർഡിലെ പിഎസ് സി നിയമനം കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്. അതിന്റെ വിവിധ ഘട്ടങ്ങൾ കഴിഞ്ഞു. നിയമസഭയിൽ ചർച്ച നടന്നു. അന്ന് ഇപ്പോൾ ജോലി ചെയ്യുന്നവർക്ക് മാത്രമാണ് മുസ്ലിം ലീ​ഗ് ആവശ്യപ്പെട്ടത്. ഇപ്പോഴിത് വലിയ പ്രശ്നമാക്കി മാറ്റാനാണ് ലീ​ഗ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ യുഡിഎഫ് ബിജെപി കൂട്ടികെട്ടുണ്ടാക്കി. അത് ഇപ്പോഴും തുടരുകയാണ്. സർക്കാരിനെ അപകീർത്തിപ്പെടുത്താനും വികസന പദ്ധതികളെല്ലാം എതിർക്കാനുമാണ് ഇവർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story