Top

'പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണം'; ആവശ്യമുയർത്തി ആംആദ്മി പാര്‍ട്ടി

ആരോപണങ്ങളുടെ കരിനിഴല്‍ മാറും വരെ മുഖ്യമന്ത്രി തല്‍സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കൺവീനർ പി സി സിറിയക് ആവശ്യപ്പെട്ടു.

9 Jun 2022 5:13 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണം; ആവശ്യമുയർത്തി ആംആദ്മി പാര്‍ട്ടി
X

കൊച്ചി: സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്ന് ആംആദ്മി പാര്‍ട്ടി. ആരോപണങ്ങളുടെ കരിനിഴല്‍ മാറും വരെ മുഖ്യമന്ത്രി തല്‍സ്ഥാനത്ത് നിന്ന് മാറിനിൽക്കണമെന്ന് ആംആദ്മി പാര്‍ട്ടി സംസ്ഥാന കൺവീനർ പി സി സിറിയക് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ആംആദ്മി ജില്ലാ കമ്മിറ്റി നടത്തിയ പ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു സിറിയക്. ടൗണ്‍ ഹാളിന് മുന്നില്‍ നടന്ന പ്രകടനം ജില്ലാ കണ്‍വീനര്‍ സാജു പോള്‍ ഉദ്ഘാടനം ചെയ്തു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് ​രം​ഗത്ത് വന്നിരുന്നു. ഈ ആരോപണങ്ങൾ തെളിയുന്നത് വരെ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നാണ് എഎപിയുടെ ആവശ്യം.

2016ല്‍ മുഖ്യമന്ത്രി ദുബായിലേക്ക് പോയപ്പോള്‍ മറന്നു വെച്ച ഒരു ബാഗ് ശിവശങ്കറിന്റെ ആവശ്യപ്രകാരം ദുബായില്‍ എത്തിച്ചിരുന്നു. ഇതില്‍ കറന്‍സിയായിരുന്നെന്ന് സ്വപ്‌ന മാധ്യമങ്ങളോട് പറഞ്ഞു. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭാര്യ കമല, മകള്‍ വീണ, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സിഎം രവീന്ദ്രന്‍, മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, മുന്‍മന്ത്രി കെ.ടി ജലീല്‍, നളിനി നെറ്റോ എന്നിവരുടെ ഇടപെടലും ഇവര്‍ എന്തൊക്കെ ചെയ്തെന്നും രഹസ്യമൊഴിയായി നല്‍കിയതായി സ്വപ്ന പറഞ്ഞിരുന്നു.

'2016ല്‍ മുഖ്യമന്ത്രി ദുബായില്‍ പോയ സമയത്താണ് ശിവശങ്കര്‍ ആദ്യമായി എന്നെ ബന്ധപ്പെടുന്നത്. അന്ന് കോണ്‍സുലേറ്റില്‍ സെക്രട്ടറിയായിരുന്നു. മുഖ്യമന്ത്രി ഒരു ബാഗ് മറന്നു വച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് അത് ദുബായില്‍ എത്തിക്കണമെന്നായിരുന്നു ആവശ്യം.കോണ്‍സുലേറ്റിലെ ഡിപ്ലോമാറ്റിന്റെ കൈവശമാണ് ആ ബാഗ് കൊടുത്തുവിട്ടത്. അതില്‍ കറന്‍സിയായിരുന്നെന്ന് സ്‌കാനിംഗ് മെഷീനില്‍ സ്‌കാന്‍ ചെയ്തപ്പോള്‍ മനസിലായി. ഇതോടെയാണ് എല്ലാം തുടങ്ങുന്നത്.

ബാക്കിയുള്ള കാര്യങ്ങള്‍ ഇപ്പോള്‍ എനിക്ക് പറയാന്‍ സാധിക്കില്ല. പിന്നീട് പല തവണ കോണ്‍സുല്‍ ജനറലിന്റെ ജവഹര്‍ നഗറിലെ വീട്ടില്‍നിന്ന് ബിരിയാണി വെസല്‍സ് ക്ലിഫ് ഹൗസിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതില്‍ മെറ്റലിന് സമാനമായ ഭാരമുണ്ടായിരുന്നു. തുടര്‍ന്ന് സംഭവിച്ച കാര്യങ്ങള്‍ മൊഴികളില്‍ നല്‍കിയിട്ടുണ്ട്. കൂടുതല്‍ പറയാന്‍ സാധിക്കില്ല. എല്ലാവരുടെയും പങ്കാളിത്തക്കുറിച്ചും മൊഴി നല്‍കിയിട്ടുണ്ട്. നേരത്തെ നല്‍കിയ മൊഴികളില്‍ നിന്ന് വ്യത്യസ്തമായി ഒന്നും പറഞ്ഞിട്ടില്ല. എനിക്ക് മറ്റ് അജണ്ടകളില്ല. അന്വേഷണം കാര്യക്ഷമമാകണമെന്നാണ്' സ്വപ്ന പറഞ്ഞത്. ഈ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ പി സി സിറിയക് പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ ആവശ്യപ്പെട്ടത്.

story highlights: 'Pinarayi Vijayan should step down as Chief Minister'; The Aam Aadmi Party demanded

Next Story