Top

'നോര്‍വേ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഇരിക്കുന്നത് ഒന്നിച്ച്'; ഇവിടെ ആ അവസ്ഥ വന്നാല്‍ എന്ത് ഉണ്ടാകുമെന്ന് ഊഹിക്കാമെന്ന് മുഖ്യമന്ത്രി

7 Oct 2022 4:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നോര്‍വേ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഇരിക്കുന്നത് ഒന്നിച്ച്; ഇവിടെ ആ അവസ്ഥ വന്നാല്‍ എന്ത് ഉണ്ടാകുമെന്ന് ഊഹിക്കാമെന്ന് മുഖ്യമന്ത്രി
X

നോര്‍വ്വേജിയന്‍ പാര്‍ലമെന്റ് സന്ദര്‍ശനത്തിന്റെ രസകരമായ അനുഭവം പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാർലമെന്റ് ഹൗസില്‍ പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ചാണ് ഇരിക്കുകയെന്നത് കൗതുകരമായ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ സഭകളിൽ അങ്ങനെ ഒരു അവസ്ഥ വന്നാല്‍ എന്താണ് ഉണ്ടാവുകയെന്നെന്ന് ആർക്കും ഊഹിക്കാനാകുമെന്നും മുഖ്യമന്ത്രി പരിഹാസ രൂപേണ പറഞ്ഞു. ഓരോ കൗണ്ടിങ് അനുസരിച്ചാണ് ഇരിപ്പിടം. വോട്ടിന്റെ അടിസ്ഥാനത്തില്‍ ഇരിപ്പിടത്തിന് നമ്പര്‍ ഇടും. പ്രതിനിധികളെ 1,2,3 എന്ന നമ്പര്‍ അനുസരിച്ചാണ് ഇരുത്തുകയെന്നും അദ്ദേഹം പറഞ്ഞു.

'നോര്‍വേയ്ക്ക് വലിയ സഹായം കേരളത്തിന് വേണ്ടി ചെയ്യാന്‍ സാധിക്കും.നമ്മുടെ നാട് കൂടുതല്‍ മെച്ചപ്പെടുത്താന്‍ 25 വര്‍ഷത്തേക്കുള്ള പദ്ധതിക്കാണ് സര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. നവകേരളം സൃഷ്ടിക്കുക എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മദ്ധ്യ വരുമാന രാജ്യങ്ങളുടെ ജീവിത നിലവാരത്തിന് തുല്യമായ ജീവിത നിലവാരം അവസ്ഥയിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തിന്റെ നിലവിലെ സ്ഥിതി നോക്കിയാല്‍ അത് സാധിക്കുമോയെന്നാണ് ചോദ്യം. എന്നാല്‍ ചില കാര്യങ്ങള്‍ പരിശോധിച്ചാല്‍ ജനങ്ങള്‍ നല്ലരീതിയില്‍ സഹകരിച്ചാല്‍ പ്രാവര്‍ത്തികമാക്കാന്‍ സാധിക്കും എന്ന് തെളിയിച്ചതാണ്. 2016ലെ പൊതു വിദ്യാഭ്യാസ മേഖലയിലെ കൊഴിഞ്ഞ് പോക്ക് എന്നത് 5 ലക്ഷ മായിരുന്നു. അത് മെച്ചപ്പെടുമെന്ന് ആരും കരുതിയിരുന്നില്ല. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചു. ഇപ്പോള്‍ 10 ലക്ഷത്തിലധികം കുട്ടികള്‍ പൊതു വിദ്യാഭ്യാസമേഖലയിലേക്ക് വന്നു. കൊവിഡില്‍ വരെ വിദ്യാഭ്യാസം മുടങ്ങിയില്ല. ഇന്ന് കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖല ഒന്നാമത് എത്തി നില്‍ക്കുകയാണ്. കൈയില്‍ പൈസ ഉണ്ടായിട്ടല്ല ലക്ഷ്യത്തിലെത്തിയത്. കൊവിഡില്‍ ആരോഗ്യ മേഖല രാജ്യാന്തര തലത്തില്‍ വരെ പ്രസിദ്ധി ആര്‍ജിച്ചു. പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ കിഫ്ബിയുടെ സഹായത്തോടെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. എല്ലാ രംഗത്തും വലിയ മാറ്റം ഉണ്ടായിട്ടുണ്ട്. യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴില്‍ ലഭിക്കുക എന്നതിനും നടപടി സ്വീകരിക്കുന്നുണ്ട്. വ്യവസായ മേഖലയിലും മാറ്റം വന്നിട്ടുണ്ട്. വര്‍ക്ക് ഫ്രം ഹോമിലൂടെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിക്കും. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.' മുഖ്യമന്ത്രി പറഞ്ഞു.

നോര്‍വ്വേയിലെ മലയാളി കൂട്ടായ്മയായ 'നന്മ'യുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തില്‍ നിക്ഷേപ താല്‍പര്യങ്ങളുള്ള നോര്‍വീജിയന്‍ കമ്പനികളുടെ ഇന്ത്യന്‍ ചുമതലക്കാരുടെ സംഗമം ജനുവരിയില്‍ കേരളത്തില്‍ സംഘടിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

STORY HIGHLIGHTS: Pinarayi Vijayan shared his experience of visiting the Norwegian Parliament

Next Story