Top

'ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയില്ല'; ഗവര്‍ണറോട് മുഖ്യമന്ത്രി

''ഞാനൊരാളില്‍ നിന്നും ഒരാനുകൂല്യവും കൈപ്പറ്റാന്‍ വേണ്ടി നടക്കുന്നയാളല്ല. ആ രീതിയില്‍ പറയേണ്ട എന്നാണ് ഉദ്ദേശിക്കുന്നത്.''

21 Sep 2022 2:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയില്ല; ഗവര്‍ണറോട് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കണ്ണൂര്‍ വിസി നിയമനത്തില്‍ ഇടപെട്ടെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍വകാശാല ഭരണഘടന അനുസരിച്ച് ചട്ടപ്രകാരമാണ് വിസി നിയമനം നടന്നതെന്നും നിയമനം ഹൈക്കോടതി അംഗീകരിച്ചതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

''ഞാനൊരാളില്‍ നിന്നും ഒരാനുകൂല്യവും കൈപ്പറ്റാന്‍ വേണ്ടി നടക്കുന്നയാളല്ല. ആ രീതിയില്‍ പറയേണ്ട എന്നാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് അത് പറയാത്തത്. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നയാളെ വ്യക്തിപരമായി പറയുന്നത് ശരിയല്ല. ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയില്ല. സര്‍വകാശാല ഭരണഘടന അനുസരിച്ച് ചട്ടപ്രകാരമാണ് വൈസ് ചാന്‍സലര്‍ നിയമനം നടന്നത്. നിയമനം ഹൈക്കോടതി അംഗീകരിച്ചതാണ്.''- മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരിലെ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുത്ത് ചരിത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയപ്പോഴാണ് പ്രതിഷേധമുണ്ടായതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇര്‍ഫാന്‍ ഹബീബ്. അദ്ദേഹത്തെയാണ് ഗവര്‍ണര്‍ ഗുണ്ടയെന്ന് വിളിച്ചത്. 92 വയസുള്ള ഇര്‍ഫാന്‍ ഹബീബ് തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇര്‍ഫാന്‍ ഹബീബ് വര്‍ഷങ്ങളായി ആര്‍എസ്എസ് നയങ്ങള്‍ക്ക് എതിരെ പോരാടുന്ന വ്യക്തിയാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

''സിഎഎക്ക് എതിരെ പ്രതിഷേധം നടക്കുമ്പോഴാണ് കണ്ണൂരില്‍ ചരിത്രകോണ്‍ഗ്രസ് പരിപാടി നടന്നത്. സിഎഎ നിയമത്തിന് അനുകൂലമായി ഗവര്‍ണര്‍ അന്നവിടെ സംസാരിച്ചു. ചരിത്ര വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തി. ആ സമയത്താണ് പ്രതിഷേധം ഉയര്‍ന്നത്. ലോകം ആദരിക്കുന്ന ചരിത്രകാരനാണ് ഇര്‍ഫാന്‍ ഹബീബ്. അദ്ദേഹത്തെയാണ് ഗവര്‍ണര്‍ ഗുണ്ടയെന്ന് വിളിച്ചത്. കണ്ണൂര്‍ വിസിയെ ഗവര്‍ണര്‍ ക്രിമിനലെന്നും വിളിച്ചു. 92 വയസ്സുള്ള ഇര്‍ഫാന്‍ ഹബീബ് തന്നെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇര്‍ഫാന്‍ ഹബീബ് വര്‍ഷങ്ങളായി ആര്‍എസ്എസ് നയങ്ങള്‍ക്ക് എതിരെ പോരാടുന്ന വ്യക്തിയാണ്. ഗോപിനാഥ് രവീന്ദ്രന്‍ രാജ്യത്തെ മികച്ച ചരിത്രകാരന്മാരില്‍ ഒരാളുമാണ്. കാവി വല്‍ക്കരണത്തിന് എതിരെ ഗോപിനാഥ് രവീന്ദ്രന്‍ ശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്. ഇക്കാരണങ്ങള്‍ കൊണ്ടാണ് ഇരുവരും ആര്‍എസ്എസിന്റെ വെറുക്കപെട്ടവരുടെ പട്ടികയില്‍ ഇടംപിടിച്ചത്. അതാണ് ഗവര്‍ണറുടെയും എതിര്‍പ്പിന്റെ കാരണം.''- മുഖ്യമന്ത്രി പറഞ്ഞു.

Next Story