Top

'മാധ്യമപ്രവര്‍ത്തകരിലെ ബഹുമുഖ പ്രതിഭ'; എ സഹദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

വിയോഗം മാധ്യമരംഗത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു

27 March 2022 8:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാധ്യമപ്രവര്‍ത്തകരിലെ ബഹുമുഖ പ്രതിഭ; എ സഹദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം
X

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിനിമ നിരൂപകനും അധ്യാപകനുമായ എ സഹദേവന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

മാധ്യമപ്രവര്‍ത്തകരിലെ ബഹുമുഖ പ്രതിഭയായിരുന്നു എ സഹദേവന്‍. പത്രമാധ്യത്തില്‍ തുടങ്ങി ദൃശ്യമാധ്യമങ്ങളിലും അതിന്റെ ആധുനിക രൂപമായ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും കഴിവ് തെളിയിച്ച അദ്ദേഹത്തിന്റെ പത്ര പ്രവര്‍ത്തന മേഖല വിപുലമായിരുന്നു. കായിക, സിനിമാ വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നതിലും വിശകലനത്തിലും വളരെ ശ്രദ്ധേയമായ ഇടപെടലാണ് അദ്ദേഹം നടത്തിയിട്ടുള്ളത്.

ജേര്‍ണലിസം അധ്യാപകന്‍ എന്ന നിലയില്‍ വിദ്യാര്‍ഥികള്‍ക്ക് വഴികാട്ടിയായിരുന്നു അദ്ദേഹം. കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ വേറിട്ടുനില്‍ക്കുന്ന സഹദേവന്റെ വിയോഗം മാധ്യമരംഗത്തിന് വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു എ സഹദേവന്റെ മരണം. നീണ്ട 33 വര്‍ഷം മാധ്യമ മേഖലയില്‍ പ്രവര്‍ത്തിച്ച എ സഹദേവന്‍ ഇന്ത്യ വിഷന്‍ ടിവി ചാനലിലെ അസോസിയേറ്റ് എഡിറ്ററായി ജോലി ചെയ്തിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആണ് അന്ത്യം.

2016ല്‍ ഇന്ത്യയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ അന്താരാഷ്ട്ര ഡോക്യുമെന്ററി വിഭാഗത്തില്‍ ജൂറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മനോരമ സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനില്‍ ഗസ്റ്റ് ലക്ച്ചറായും ജോലി ചെയ്തിട്ടുണ്ട്. മാതൃഭൂമിയുടെ ചലചിത്ര പ്രസിദ്ധീകരണമായ ചിത്രഭൂമിയില്‍ അദ്ദേഹം എഴുതാറുണ്ടായിരുന്നു. സൗത്ത് ലൈവ് ന്യൂസ് പോര്‍ട്ടലില്‍ കണ്‍സള്‍ട്ടിംഗ് എഡിറ്ററായിരുന്നു. സഫാരി ടിവിയില്‍ രണ്ടാം ലോക മഹായുദ്ധം എന്ന പരിപാടിയുടെ അവതാരകനുമായിരുന്നു ആന്തൂര്‍ സഹദേവന്‍.

STORY HIGHLIGHTS: CM condoles on death of A Sahadevan

Next Story