Top

'എന്തിനെയും എതിർക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല'; വികസന പദ്ധതികൾ ഭാവി തലമുറയെ കണ്ടുകൊണ്ടെന്ന് മുഖ്യമന്ത്രി

കെ-റെയിൽ പദ്ധതിയെ എതിർക്കുന്ന പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണ്

19 April 2022 1:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എന്തിനെയും എതിർക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല; വികസന പദ്ധതികൾ ഭാവി തലമുറയെ കണ്ടുകൊണ്ടെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: കേരളത്തിൽ എല്ലാക്കാലത്തും പ്രതിപക്ഷത്തിലിരിക്കുന്ന വലതുപക്ഷം പിന്തിരിപ്പൻ നിലപാടെടുത്തവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെറെയിൽ പദ്ധതിയെ എതിർക്കുന്ന പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോവുകയാണ്. എന്തിനെയും എതിർക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കെ റെയിൽ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന എൽഡിഎഫിന്റെ കെ-റെയിൽ രാഷ്ട്രീയ പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'എന്തിനെയും എതിർക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല. കേരള മോഡൽ വികസനം മാതൃകാപരമാണ്. ഭാവി തലമുറയെ കണ്ടുകൊണ്ടുള്ള വികസനമാണ് വേണ്ടത്‌. കെ റെയിൽ പദ്ധതിയുമായി നിശ്ചയദാർഢ്യത്തോടെ മുന്നോട്ട് പോകും'എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രകടനപത്രികയിൽ എൽഡിഎഫ് പറഞ്ഞത് നാടിൻ്റെ സമഗ്ര വികസനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മഹാഭൂരിപക്ഷം പലപ്പോഴും വികസനത്തിന് പുറത്തായിരുന്നു. എന്നാൽ എല്ലാ പ്രദേശത്തെയും സ്‌പർശിക്കുന്ന വികസനമാണ് എൽഡിഎഫ് മുന്നോട്ട് വയ്‌ക്കുന്നത്. എല്ലാ മേഖലയും വികസിച്ച് വരണം. പശ്ചാത്തല സൗകര്യ വികസനം പ്രധാന ഘടകമാണ്. നമുക്ക് വിഭവ ശേഷി കുറവാണ്. ബജറ്റിന് മുഴുവൻ ചെലവും വഹിക്കാൻ പറ്റാത്ത സ്ഥിതിയുണ്ട്. അതിനാണ് കിഫ്ബി കൊണ്ടുവന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി വഴി അമ്പതിനായിരം കോടിയുടെ വികസനം എന്നാണ് പറഞ്ഞത്. എന്നാൽ, നടപ്പാക്കിയത് അറുപതിനായിരം കോടിയുടെ വികസനമാണ്‌. കേരളത്തിൽ ദേശീയപാത മോശമായിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ വീതി കൂടിയതാണ്. കേരളത്തിൽ നീങ്ങാൻ പറ്റാത്ത നിലയായിരുന്നു. ദേശീയപാത വികസനം കേരളത്തിൽ നടപ്പായില്ല. 45 മീറ്ററിൽ റോഡ് വേണം എന്ന് സർവകക്ഷി യോഗം തീരുമാനിച്ചു. പക്ഷേ യുഡിഎഫ് സർക്കാർ ഭൂമി ഏറ്റെടുത്തില്ല. ദേശീയപാത അതോറിറ്റി ഭൂമി ഏറ്റെടുക്കാൻ തടസം നിന്നു. ചെലവ് കൂടുതലാണെന്ന് കേന്ദ്രം പറഞ്ഞതോടെ തർക്കമായി. ഗഡ്‌കരിയുമായി ദീർഘ ചർച്ച നടത്തി ഒത്തുതീർപ്പാക്കി. ഭൂമി ഏറ്റെടുക്കാൻ കാൽ ഭാഗം പണം കേരളം നൽകേണ്ടിവന്നു. അയ്യായിരത്തിൽ അധികം കോടി രൂപ കൊടുക്കേണ്ടി വന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭൂമി ഏറ്റെടുക്കാൻ പാടില്ല എന്നൊരു പ്രക്ഷോഭം വന്നാൽ സർക്കാർ സംവിധാനത്തിൻറെ ഉത്തരവാദിത്തം നിർവഹിക്കണം. ആരുടെയെങ്കിലും വാശിക്ക് മുന്നിൽ നോക്കി നിൽക്കാൻ സർക്കാരിന് ആകില്ല. ജനങ്ങളോട് കാര്യം പറഞ്ഞാൽ മനസിലാകും. ആർക്കും അതൃപ്‌തിയുണ്ടായില്ല. അന്ന് അതൃപ്‌തി പ്രകടിപ്പിച്ചവർക്ക് പിന്നീടതിൽ നിരാശയുണ്ടായെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഗെയിൽ പൈപ്പ് ലൈൻ നടപ്പാക്കാനാവില്ല എന്ന് പറഞ്ഞു. പക്ഷേ പദ്ധതി പൂർത്തിയായി. അടുക്കളയിലേക്ക് പൈപ്പ് ഗ്യാസ് എത്താൻ പോകുന്നു. നാടിൻ്റെ വികസനത്തിന് വേണ്ട കാര്യങ്ങൾ ചെയ്യുക എന്നതാണ് സർക്കാരിൻ്റെ പ്രാഥമിക കാര്യം. ദേശീയ പാതാ വികസനം നന്നായി പണി നടന്നുവരുന്നു. തീരദേശ, മലയോര ഹൈവേകളുടെ നിർമാണം നല്ല രീതിയിൽ പുരോഗമിക്കുകയാണ്. റെയിൽവേ കേരളത്തെ അവഗണിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlights: pinarayi Vijayan criticizes udf in protest against k rail

Next Story