Top

'വികസന സ്വപ്‌നങ്ങള്‍ തെറ്റായിപ്പോയോ?'; എല്‍ഡിഎഫ് സര്‍ക്കാരിന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് പിണറായി

കെ റെയിലിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കും എന്നാണ് എൽഡിഎഫ് സർക്കാരിന്റെ പ്രതീക്ഷ

10 April 2022 4:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വികസന സ്വപ്‌നങ്ങള്‍ തെറ്റായിപ്പോയോ?; എല്‍ഡിഎഫ് സര്‍ക്കാരിന് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയെന്ന് പിണറായി
X

കണ്ണൂർ: വികസന പദ്ധതികൾ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നടക്കാൻ പാടില്ല എന്നതാണ് കമ്മ്യൂണിസ്റ്റ് വിരുദ്ധരുടെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാതാ വികസനം നല്ല രീതിയിൽ നടക്കുന്നു, ഗ്യാസ് പൈപ്പ് ലൈൻ പദ്ധതി പൂർത്തിയായി, ജലപാത ദശാബ്ദങ്ങളായുള്ള സ്വപ്നമാണ്, ഇവയൊക്കെ തെറ്റായി പോയോ? നാടിൻ്റെ വികസനത്തിന് എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. എൽഡിഎഫ് സർക്കാരിനോട് ധൈര്യമായി മുന്നോട് പോകാനാണ് പാർട്ടി കോൺഗ്രസ് പറഞ്ഞത് എന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎം പാർട്ടി കോൺഗ്രസ് സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നവർ ഇപ്പോഴും നാട്ടിലുണ്ട്. എന്നാൽ വസ്തുതകൾ തിരിച്ചറിയാൻ ജനങ്ങൾക്ക് സാധിക്കുന്നുണ്ട്. പാർട്ടിയിൽ വ്യത്യസ്ത ചേരിയുണ്ടെന്ന് പ്രചരിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു. കേരളാ ലെെൻ ഉണ്ടെന്ന് പ്രചരിപ്പിക്കുന്നു. ഇല്ലാത്ത കാര്യം ഉണ്ടെന്ന് പറയുന്നു. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തെറ്റാണെന്ന രീതിയിലാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് വിരുദ്ധർ നടക്കില്ലെന്നു പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ഗ്യാസ് പൈപ്പ് ലൈൻ നാട്ടിൽ പൂർത്തിയായി. കുറച്ച് നാൾ കഴിയുമ്പോൾ പൈപ്പിലൂടെ ഗ്യാസ് എത്തും. ഗെയ്ൽ പദ്ധതി നടപ്പാക്കിയത് തെറ്റായിപ്പോയോ? ജലപാത ദശാബ്ദങ്ങളായുള്ള സ്വപ്നമാണ്. ഇപ്പോൾ പ്രവർത്തനം വേഗത്തിലാണ്. അത് തെറ്റാണോ? കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിവിധ പദ്ധതികൾ നടത്തി.

കെ റെയിലിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിക്കും എന്നാണ് എൽഡിഎഫ് സർക്കാരിന്റെ പ്രതീക്ഷ. കേന്ദ്ര അനുമതി ലഭിക്കാൻ പ്രധാനമന്ത്രിയെ അടക്കം കണ്ടു. അതിവേഗ റെയിൽ യു ഡി എഫിന് ആകാം, എന്നാൽ എൽഡിഎഫ് ചെയ്യരുത് എന്നാണ് അവരുടെ നിലപാട്. രാഷ്ട്രീയമായി എതിർപ്പുകൾ ഉണ്ടാകും, എന്നാൽ നാടിൻറെ വികസനത്തിനേ തടയാൻ നില്ക്കാമോ?

വൈകിട്ട് ചർച്ചകൾ നടത്തുന്നവർക്ക് നാടിന്റെ വികസനം ആണോ താൽപര്യം? യഥാർത്ഥ പ്രശ്നം പ്രശ്നമായി ഉന്നയിക്കണം. അല്ലാതെ വികസനത്തെ എതിർക്കലല്ല ചെയ്യേണ്ടത്. നാടിൻ്റെ വികസനത്തിന് എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണ്. നമുക്ക് നമ്മുടെ നാട് പ്രിയപ്പെട്ടതാണ്. അത് നാളത്തെ തലമുറയ്ക്കായി വികസിക്കണം. അതിനായി ഒന്നിച്ചു നിൽക്കണം എന്നും പിണറായി വിജയൻ പറഞ്ഞു.

Story highlights: Pinarayi Vijayan criticized media at party congress

Next Story